Wednesday, July 2, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » സുഹാസിനി
സുഹാസിനി

സുഹാസിനി

by Editor

നിരത്തിനഭിമുഖമായുള്ള വലിയ ജനാലക്കരികിലാണയാളുടെ ഇരിപ്പിടം. നിരത്തിലൂടെ പോകുന്ന വാഹനങ്ങളേയും ആളുകളേയും നോക്കിയിരുന്നു ബോറടി മാറ്റാം. കാര്യമായ പണിയൊന്നുമില്ല. പഞ്ചായത്തു വക ലൈബ്രറിയാണ്. പുസ്തകങ്ങൾ ധാരാളമുണ്ടു്… വായനക്കാർ കുറവാണ്. വൈകുന്നേരങ്ങളിൽ കുട്ടികൾ വന്ന് പുസ്തകങ്ങൾ തിരയാറുണ്ട്. പ്രായമായവരും ചുരുക്കം ചില യുവാക്കളും പുസ്തകങ്ങൾ കൊണ്ടുപോകാറുണ്ട്. വായന ഇപ്പോൾ Online -ൽ ആയിരിക്കുന്നു. നഗരത്തിലെ സ്റ്റാർ ഹോട്ടലിൽ റിസപ്ഷനിസ്റ്റായിരുന്നു അയാൾ.

ഭാര്യ, സാമന്തയ്ക്കും ചെറിയൊരു ജോലി ഒരു മാളിലെ സെയിൽസ്ഗേളായിട്ട്… രാവിലെ ഉടുത്തൊരുങ്ങി നിൽക്കുന്ന അവളെ കൊതി തീരെ ഒന്നു കാണുന്നതിനു മുൻപേ അവളുടെ വണ്ടിയുടെ ഹോൺ മുഴങ്ങും.
സാമന്ത ബാഗുമെടുത്തു എന്തൊക്കെയോ എന്നെ ഓർമ്മിപ്പിച്ചു കൊണ്ട് ഓടും… അല്ല പറക്കും. ചില ദിവസം വെള്ളക്കുപ്പി മറക്കും.
പിന്നാലെ തുളസിയിലയിട്ടു തിളപ്പിച്ച വെള്ളവുമായി താനും പറന്നു വണ്ടിക്കരികിലെത്തും.അവളുടെ ഓട്ടം കാണുമ്പോൾ ഒരാന്തലാണ്.
വയറ്റിലൊരാൾ വളരുന്നുണ്ടെന്ന വിചാരം പോലുമില്ലാതെയുള്ള ഈ ഓട്ടത്തിന് താൻ അവളെ വല്ലാതെ ശകാരിക്കും… അപ്പോൾ കണ്ണിറുക്കി ചിരിച്ചു കൊണ്ടവൾ പറയും… ജോൺസ് പേടിയ്ക്കേണ്ടാ… അവനെന്നെ മുറുക്കിപ്പിടിച്ചു കൊണ്ടു കിടന്നോളും… അവനാണെന്നു അവളും അവളായാൽ മതിയെന്നുഞാനും…..

ആഹ്ലാദഭരിതമായ ആ ജീവിതത്തിലേക്ക് നിനച്ചിരിയ്ക്കാതെ വന്ന ദുരന്തം… ആശുപത്രി വരാന്തയിൽ ഭ്രാന്തനെപ്പോലെ അലറിക്കരഞ്ഞു താൻ ഓടിയ നിമിഷങ്ങൾ ….കൊറോണക്കാലത്തെ ദുരിതങ്ങൾ… അവളുടെ മുഖം അവസാനമായി ഒന്നു കാണുവാനോ അന്ത്യചുംബനo നൽകാനോ ആവാതെ… എന്നും രാവിലെ ഓടിപ്പോകുന്ന പോലെ തന്നെ…. ആംബുലൻസിനുളളിൽ വെള്ളത്തുണിക്കെട്ടു പോലെ.. ആരും കൂട്ടിനില്ലാതെ അവൾ തനിയെ വൈദ്യുതി ശ്മശാനത്തിൽ കത്തിച്ചാമ്പലായി, അമ്മയെക്കെട്ടിപ്പിടിച്ചു കിടന്ന് ഞങ്ങളുടെ കുഞ്ഞും….

ആ കാലത്തു ജോലിയില്ലാതെ അലയുന്നവർ ഒരു പാടുണ്ടായിരുന്നു. ദുരിതങ്ങളുടെ ആ നാളുകൾ ഓർമ്മിക്കാനാഗ്രഹിയ്ക്കാത്തവ… എങ്കിലും ഇടയ്ക്കിടെ മനസ്സിനെ മുറിവേൽപ്പിച്ച് ഉണർന്നുവരും……. ഒരു സ്നേഹിതന്റെ സഹായത്തോടെ ലഭിച്ചതാണീ ജോലി… ബിരുദ പഠനത്തിനു ശേഷം ലൈബ്രറി സയൻന് പഠിച്ചിരുന്നു… വെറും തമാശയ്ക്ക്…

ജോലിത്തിരക്കില്ലാത്തതുകൊണ്ടു് വെറുതേ വഴിയിലേയ്ക്കുനോക്കി ഇരിക്കുന്നതു ഒരു പതിവായിരിക്കുന്നു.. നീലയുടുപ്പും തൊപ്പിയുമണിഞ്ഞ ഒരു കുഞ്ഞിനേയും ചുമലിലിട്ട് വേഗത്തിൽ നടന്നകലുന്ന അവളെ ഇന്നെലയും താൻ കണ്ടിരുന്നു. ഇടം വലം നോക്കാതെ നടന്നു മറഞ്ഞു ഇന്നും… അവളുടെ ഇടതു ചുമലിൽക്കിടക്കുന്ന കുഞ്ഞ് തലയുയർത്തി അയാളെ നോക്കികൊണ്ട് പുഞ്ചിരിച്ചു. അവൾ നടന്നകലുമ്പോഴും കുഞ്ഞിന്റെ ചിരി കണ്ണിൽ നിന്ന് മായാതെ നിന്നു. അവളുടെ മുഖം കാണാനായില്ല… വേഗത്തിൽ നടന്നകലുമ്പോൾ പിടയ്ക്കുന്ന രണ്ടു ചെറുമീനുകളെപ്പോലെ തോന്നിച്ച അവളുടെ പാദങ്ങൾ.. ഇളം ചുവപ്പാർന്ന ചെറിയ പാദങ്ങൾ…

അയാളുടെ ഉള്ളിൽ ഒരു ചിന്ത പൊടുന്നനേ കയറി വന്നു തന്റെ കുഞ്ഞുണ്ടായിരുന്നെങ്കിൽ ഇതേ പ്രായം… ഇതുപോലെ തന്നെ നോക്കി ചിരിയ്ക്കുമായിരുന്നില്ലേ…..

അയാൾ ദിനാന്ത്യത്തിനായ് തിടുക്കപ്പെട്ടു. ജോലികഴിഞ്ഞവൾ മടങ്ങിവരുന്നതും കാത്തു വരാന്തയിലിറങ്ങിനിന്നു… അവളുടെ മുഖം കണ്ടാലെങ്ങനെ അറിയും… അവളടെ തെരുതെരെ ചലിക്കുന്ന പാദങ്ങളേ മനസ്സിലുണ്ടായിരുന്നുള്ളൂ. ലൈബ്രറി ഏഴു വരെ പ്രവർത്തിച്ചിരുന്നതിൽ അയാൾക്ക അക്ഷമ തോന്നിയില്ല ഇന്ന്… ഇന്നലെ വരെ എന്തു മടുപ്പായിരുന്നു. ഏഴുയുഗം പോലെ തോന്നിച്ചിരുന്നു.

സായാഹ്നത്തിൽ ആകാശം മൂടിക്കെട്ടി. അപ്രതീക്ഷിത മഴയിൽ പലരും നനഞ്ഞു കുതിർന്നു നടന്നു പോകുന്നു… പെട്ടെന്നയാൾ ഓർത്തു കുഞ്ഞു നനഞ്ഞു കാണുമോ?

അയാൾക്കവരെ കാണാൻ തിടുക്കമായി. രാത്രികച്ചവടക്കാർ ഉഷാറാകാൻ തുടങ്ങി. വലിയ ചായ പാത്രങ്ങളും പലഹാരങ്ങൾ നിറയ്ക്കുന്ന ചില്ലലമാരകളും ഉന്തിക്കൊണ്ടു നിരത്തിനിരുവശവും നിരന്നു തുടങ്ങി. ജോലി കഴിഞ്ഞു തിരക്കിട്ടു മടങ്ങുന്നവർ ഒരു ചായ, ഒരു കടി അല്ലെങ്കിൽ വീട്ടിലേയ്ക്കു പാഴ്സൽ… അയാൾ നിരത്തു വക്കിലെ ഒരു മരക്കുറ്റിയിൽ ഇരുന്നു വികസനത്തിനു വേണ്ടി വെട്ടിമാറ്റിയ ഏതോ വൃക്ഷ പിതാമഹന്റെ തിരുശേഷിപ്പ്….

പെട്ടെന്നയാളുടെ മുന്നിലൂടെ അവൾ കുഞ്ഞുമായി വേഗത്തിൽ നടന്നു പോയി. കുഞ്ഞുറങ്ങിയെന്നു തോന്നുന്നു. അവളുടെ ചുമലിൽ തല ചായ്ച്ചുറങ്ങുന്ന കുഞ്ഞിനെക്കാണാനയാൾ എഴുന്നേറ്റു നിന്നു മഴ ചാറ്റൽ കൊണ്ടാവാം കുത്തിനെ മൂടിപ്പൊതിഞ്ഞാണു പിടിച്ചിരിക്കുന്നതു. അയാൾക്കു കടുത്ത നിരാശ തോന്നി. കുഞ്ഞിന്റെ മുഖം കാണാൻ അയാൾ ഉൽക്കടമായ് കൊതിച്ചു. അവർ നേർത്ത പകൽ വെളിച്ചത്തിലൂടെ നടന്നു മറഞ്ഞു. ഇപ്പോൾ അവളുടെ മുഖം ആദ്യമായ് അയാൾകണ്ടു. സുന്ദരിയാണു.

മുറിയിലെത്തിയിട്ടും അയാൾ ആകെ അസ്വസ്ഥനായിരുന്നു… പതിവുള്ള രണ്ടു പെഗ് കഴിയ്ക്കാനും തോന്നുന്നില്ല… സാമന്ത പോയ ശേഷം തുടങ്ങിയ ശീലമാണ്… ഉറക്കം കിട്ടാതെ വലഞ്ഞപ്പോൾ…. കുഞ്ഞിന്റെ പുഞ്ചിരിയിൽ അയാളാകെ മാറി….. സായാഹ്നത്തിലെ മഴ ചൂടിനെ ഒട്ടൊക്കെ ശമിപ്പിച്ചെങ്കിലും അയാൾക്കു തണുപ്പു തോന്നിയില്ല…. ലൈബ്രറിയുടെ പിന്നിലാണു കിടപ്പും മറ്റും.. അയാൾ പുലരിയാവാൻ കാത്തിരുന്നു… ഉറങ്ങാതെ…

കുഞ്ഞിനേയും ചുമലിൽക്കിടത്തി വേഗം നടന്നുമറയുന്നതും കുഞ്ഞ് ഇതിനിടയിൽ പുഞ്ചിരി കൈമാറുന്നതും പതിവായി… വിവിധ വേവലാധികളിൽപ്പെട്ട് എങ്ങനെയെങ്കിലും സമയത്തു തന്നെ ജോലിയ്ക്കെത്താനുള്ള തത്രപ്പാടിൽ അവളിതൊന്നും അറിയുന്നില്ല… അന്നും അയാൾ പതിവു പുഞ്ചിരിയും പ്രതീക്ഷിച്ച് വരാന്തയിലിറങ്ങി നിന്നു… അവൾ കയ്യും വീശിവേഗത്തിൽ നടന്നു വരുന്നു അയാൾ വീണ്ടും വീണ്ടും നോക്കി… ഇല്ല… അവൾ ഒറ്റയ്ക്കാണിന്ന്… അയാളിൽ അസ്വസ്തത പെരുകാൻ തുടങ്ങി.
കുഞ്ഞിനെ എന്തു ചെയ്തു കാണും? തനിച്ചാക്കി പോരുമോ?
ആരെങ്കിലും നോക്കാൻ കാണുമായിരിക്കും അയാൾ ആശ്വസിച്ചു.

പകൽ നേരങ്ങളിൽ അയാൾ പുസ്തകങ്ങൾ വായിക്കുമായിരുന്നു… ഇന്ന് ഒന്നിലും മനസ്സിരുത്താനാവുന്നില്ല…. കുഞ്ഞിന്റെ ചിരിയ്ക്കുന്ന മുഖം ഇടയ്ക്കിടെ മനസ്സിലുണരുന്നു… സായാഹ്നം വരെ അയാൾ ശ്വാസം മുട്ടിയ പോലിരുന്നു… വരാന്തയിലിറങ്ങി നടന്നു സമയം നീക്കി.. ലൈബ്രറി അടച്ച് നിരത്തിലേക്കിറങ്ങി. അവളേയും പ്രതീക്ഷച്ചയാൾ നിന്നു… അവളോടു മുൻപൊരിയ്ക്കലും സംസാരിച്ചിട്ടില്ല… കുഞ്ഞെവിടെ എന്നു ചോദിച്ചാൽ അവളടെ പ്രതികരണം എന്തായിരിക്കും?

സന്ദേഹമുണ്ടെങ്കിലും ചോദിക്കുമെന്നയാൾ തീരുമാനിച്ചു. അയാൾ നോക്കി നിൽക്കെ ഒരു കാറ്റു പോലെ വേഗത്തിൽ പറക്കുകയാണവൾ… അയാൾ സാമന്തയുടെ പറക്കലുകൾ ഓർത്തു… അയാൾ അവളുടെ സമീപം ഓടിയെത്തി. അവൾ നീരസത്തോടെ ആരാഞ്ഞു. നിങ്ങൾ ആരാണു? എന്തുവേണം?
കുഞ്ഞു എവിടെ…? അയാളടെ മൃദുവായ ശബ്ദം അവളുടെ നീരസമകറ്റി.
“കുഞ്ഞിനെക്കൊണ്ടു ചെല്ലുന്നതു ബോസ് വിലക്കി” അവളുടെതൊണ്ടയിടറിയ പോലെ….

കുഞ്ഞിനെ തനിച്ചാക്കിയോ നോക്കാനാരെങ്കിലും? അയാൾ മറുപടിയ്ക്കായ് ഉത്കണ്ഠയോടെ മുഖത്തേക്കു നോക്കി. അവൾ നടത്തത്തിനു വേഗത കുറച്ചു.. അവളെ നോക്കാൻ ഒരമ്മയുണ്ടു്…. തെല്ലാശ്വാസത്തോടെയാണ് അവൾ പറഞ്ഞതു.
നിങ്ങളുടെയാ?
അല്ല.  എന്റെയാരുമല്ല, ആ അമ്മയുടെ വീട്ടിൽ ഞാൻ താമസിക്കുന്നു… അയാൾ അവൾക്കൊപ്പം ചേർന്നു നടന്നു… വഴി വിളക്കിന്റെ പ്രകാശത്തിൽ അവളുടെ മുഖം ചുവന്നുതുടുക്കുന്നതയാളറിഞ്ഞു.

നിങ്ങൾ!
അവൾ അയാളെക്കുറിച്ചു ചോദിച്ചു അയാൾ നീന്തിക്കടന്ന ദുരിതക്കടലിന്റെ ആഴമറിഞ്ഞിട്ടും അവൾ നിശബ്ദയായി നിന്നതേയുള്ളു
“..ലൈബ്രറിയിലെ മുഷിപ്പൻ ജോലി ഉപേക്ഷിക്കണമെന്നു വിചാരിച്ചിരുന്നപ്പോഴാണു നിങ്ങളെക്കണ്ടതു…” കുഞ്ഞിന്റെ ചിരി അയാളെ ആകെ മാറ്റിയതറിഞ്ഞപ്പോൾ അവൾക്കു അത്ഭുതം തോന്നി… അവൾ അയാളോടു പറഞ്ഞു “ഓരോ മനുഷ്യനും ഓരോ മിസ്റ്ററിയാണു… പറയാനാവാത്ത കഥകൾ പേറുന്നവളാണ് ഞാൻ….” അയാൾ പൊടുന്നനേ ചോദിച്ചു പോയി… കുഞ്ഞിന്റെ അഛൻ... അവൾ ഒരു സ്വപ്നത്തിലെന്നപോലെ പറഞ്ഞു തുടങ്ങി അവളുടെ പ്രണയം.. കാമുകന്റെ വഞ്ചന…വീട്ടിൽ നിന്നും ഇറക്കിവിട്ടതു… എല്ലാം.. അയാൾ വിചാരിച്ചു അവൾ പൊട്ടിക്കരയുമെന്ന്.. കാമുകനെ ശപിക്കുമെന്ന്… ഒന്നുമുണ്ടായില്ല… അവൾ അന്നുവരെ ചുമന്നു നടന്ന ഭാരങ്ങൾ അയാൾക്കുമുന്നിലിറക്കി വെച്ചാശ്വസിച്ചു…

പറയാനാവാതെ ഉള്ളിൽ ചുമന്നു നടക്കേണ്ടി വരുന്ന കഥകളുടെ ഭാരമാണു ഒരു മനുഷ്യന്റെ ഏറ്റവും വലിയ ആഗണി… അവൾ അതിനു മാത്രം ഒരിംഗ്ലീഷ് പദം … അയാളും അത് ശരിവെച്ചു… തീവ്രവ്യഥ എന്നു പറഞ്ഞാൽപ്പോലും അതിനു തുല്യമാകില്ല. ആ തണുത്ത സായാഹ്നത്തിലും നെഞ്ചിലെ നെരിപ്പോടിന്റെ ചൂടിൽ അവൾ വിയർത്തു… അയാൾ മെല്ലെ അവളുടെ കൈവിരലുകൾ തന്റേതിനോടു കോർത്തുപിടിച്ചു, അവൾ വിറയ്ക്കുന്നുണ്ടായിരുന്നു… കരച്ചിൽ കടിച്ചമർത്തി അവൾ അയാളോടുപറഞ്ഞു.

എന്റെ കുഞ്ഞ്, അവളെ വളർത്തി വലുതാക്കുക മാത്രമാണെന്റെ ജീവിതലക്ഷ്യം… ചോരക്കുഞ്ഞുമായ് എവിടേയ്ക്കു പോണമെന്നറിയാതെ നിന്ന നിമിഷം… സ്നേഹിത സമീറയെ വിളിച്ചു…. അവളുടെ ഒരകന്ന ബന്ധുവാണമ്മച്ചി… സമീറയെ വിശ്വസിച്ചു എനിയ്ക്കും കുഞ്ഞിനും ഇടം തന്നു… അമ്മച്ചിയുടെ മക്കളെല്ലാം വിദേശത്താണ്… ഒറ്റയ്ക്കായിപ്പോയ അവർക്കും ഇന്നു എൻറെ കുഞ്ഞാണു എല്ലാം… അയാളുടെ മനസ്സിനല്പം പിരിമുറുക്കം കുറഞ്ഞോട്ടെയെന്നു കരുതി സംസാരം വഴി തിരിച്ചു… കുഞ്ഞിന്റെ പേരെന്താണ്? എന്തു പേര് ആർക്കും വേണ്ടാത്തവൾക്കു എന്തു പേരിടാൻ… നിങ്ങളുടെ പേര് ?.. അവൾ ഒട്ടൊരു തമാശയെന്നോണം പറഞ്ഞു. എന്റ പേരു ഞാൻ മറന്നു പോയി… No: 21 എന്നു വിളിച്ചോളൂ... എങ്കിലും അവൾ മെല്ലെ പറഞ്ഞു… സുസ്മിത… അയാൾ സ്വയം പരിചയപ്പെടുത്തി… ജോൺസ്… ജോൺസ് മാനുവൽ….. അയാൾ പറഞ്ഞു

“വേദനകളു o മരവിച്ച ഒരു മനസ്സും മാത്രമുള്ള എന്റ ജീവിതത്തിന് അർത്ഥവും വർണ്ണങ്ങളും തുന്നിച്ചേർത്തത് നിന്റെ കുഞ്ഞിന്റെ ചിരിയാണ്. ആ ചിരി മായാതെ അതിന്റെ കാവലാൾ ആയിരിക്കാനാണ് എന്റെ ജീവിതം ഇനിയും ബാക്കിയായത്. അതിലേയ്ക്ക് കുഞ്ഞുമായി കടന്നുവരാൻ നിനക്കാവുമോ?”

ഒരു സ്വപ്നത്തിലെന്നപോലെ അയാളുടെ തോളിൽ അവൾ തലയണച്ചു,

അന്നാ പോൾ

Send your news and Advertisements

You may also like

error: Content is protected !!