Wednesday, September 3, 2025
Mantis Partners Sydney
Home » ശശി തരൂര്‍ അടഞ്ഞ അധ്യായമെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് ഉദിത് രാജ്.
ശശി തരൂര്‍ അടഞ്ഞ അധ്യായമെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് ഉദിത് രാജ്.

ശശി തരൂര്‍ അടഞ്ഞ അധ്യായമെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് ഉദിത് രാജ്.

by Editor

ന്യൂ ഡൽഹി: ശശി തരൂരിനെതിരായ തന്റെ പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് ഉദിത് രാജ്. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് സ്‌നേഹമുള്ളതുകൊണ്ടാവാം ശശി തരൂര്‍ പ്രശംസിച്ചതെന്നും ഉദിത് രാജ് പറഞ്ഞു. ശശി തരൂര്‍ അടഞ്ഞ അധ്യായമെന്ന് പറഞ്ഞ കോണ്‍ഗ്രസ് ദേശീയ വക്താവ് തരൂരിന്റെ വാക്കുകള്‍ കേരളത്തിലെ തിരഞ്ഞെടുപ്പിനെ ബാധിക്കുമോ ഇല്ലയോ എന്നത് കേരളനേതാക്കള്‍ വ്യക്തമാക്കുമെന്നും പറഞ്ഞു.

രാജ്യത്തെ സ്ത്രീകളുടെ സിന്ദൂരം മായിച്ചവര്‍ക്ക് പ്രധാനമന്ത്രി നല്‍കിയത് ശക്തമായ മറുപടിയെന്ന പനാമയിലെ പ്രസംഗത്തിലെ പരാമര്‍ശം ഉള്‍പ്പെടെ ഓപ്പറേഷന്‍ സിന്ദൂറിനെ പ്രശംസിച്ച എംപിയുടെ നടപടിയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ ചൊടിപ്പിച്ചത്. തുടര്‍ന്ന് തരൂര്‍ പെരുമാറുന്നത് ബിജെപി വക്താവിനെ പോലെയാണെന്ന് ഉദിത് രാജ് വിമര്‍ശിക്കുകയും ഈ എക്‌സ്‌ പോസ്റ്റ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പങ്കുവെക്കുകയും ചെയ്തിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എത്ര വേണമെങ്കിലും തരൂരിന് പുകഴ്ത്താം, പക്ഷേ കള്ളം പറയരുതെന്ന് ഉദിത് രാജ് ആവശ്യപ്പെട്ടു. മൻമോഹൻ സിം​ഗിന്റെ കാലത്ത് നടത്തിയ ആറ് സർജിക്കൽ സ്‌ട്രൈക്കുകളെയടക്കം തരൂർ അപമാനിച്ചു. ആരാണ് തരൂരിന് ഇതിനുള്ള അധികാരം നൽകിയത്. തെറ്റാണ് പറഞ്ഞതെന്ന് തരൂർ അം​ഗീകരിക്കണമെന്നും ഉദിത് രാജ് ആവശ്യപ്പെട്ടിരുന്നു. ആദ്യമായി നിയന്ത്രണ രേഖയും അന്താരാഷ്ട്ര അതിർത്തിയും കടന്ന് ഇന്ത്യ പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചെന്ന ശശി തരൂരിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് വിവാദം. ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് ശശി തരൂർ പാനമയിൽ നടത്തിയ വിശദീകരണമാണ് വിവാദമായത്.

മോദി ഭരണത്തിന് മുൻപ് ഇന്ത്യൻ സൈന്യം നിയന്ത്രണരേഖ കടന്നിട്ടില്ലെന്ന് പറഞ്ഞ് കോൺ​ഗ്രസിന്റെ സുവർണ ചരിത്രത്തെ തരൂർ അപമാനിച്ചെന്നാണ് ഉദിത് രാജ് പ്രതികരിച്ചത്. ഇത്രയധികം നേട്ടങ്ങൾ നൽകിയ പാർട്ടിയോട് എന്തുകൊണ്ടാണ് തരൂരിന് ആത്മാർത്ഥതയില്ലാത്തതെന്ന് ഉദിത് രാജ് ചോദിച്ചു. 1965 -ൽ നിരവധി തവണ ഇന്ത്യ പാകിസ്ഥാനിലേക്ക് കടന്നുകയറി. 1971 -ൽ ഇന്ത്യ പാക്കിസ്ഥാനെ രണ്ടാക്കി. യുപിഎ കാലത്തും നിരവധി തവണ സർജിക്കൽ സ്ട്രൈക്ക് നടത്തി. എന്നാൽ രാഷ്ട്രീയ നേട്ടത്തിന് ഉപയോ​ഗിച്ചിട്ടില്ലെന്നും ഉദിത് രാജ് പറഞ്ഞു.

ശശി തരൂര്‍ സൂപ്പര്‍ ബിജെപി വക്താവോ എന്നായിരുന്നു ഉദിത് രാജിന്റെ പോസ്റ്റിലെ പരിഹാസം. 1965-ല്‍ പാക്കിസ്ഥാനിലെ പൊലീസ് സ്റ്റേഷന് മുന്നില്‍ ഇന്ത്യന്‍ സൈനികര്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ തരൂരിനെ ടാഗ് ചെയ്ത് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയും പങ്കുവച്ചിരുന്നു. വിമർശകർക്കും ട്രോളുന്നവർക്കും വാക്കുകൾ വളച്ചൊടിക്കുന്നത് തുടരാമെന്നും തനിക്ക് നല്ല കാര്യങ്ങൾ ചെയ്യാനുണ്ടെന്നുമുള്ള ശശി തരൂർ എംപി പ്രതികരിച്ചത്.

 

Send your news and Advertisements

You may also like

error: Content is protected !!