Sunday, August 31, 2025
Mantis Partners Sydney
Home » വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു

by Editor

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. ഏവര്‍ക്കും എന്റെ നമസ്‌കാരം. ഒരിക്കല്‍ കൂടി ശ്രീ അനന്തപത്മനാഭന്റെ മണ്ണിലേക്ക് വരാന്‍ സാധിച്ചതില്‍ എനിക്ക് സന്തോഷമുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. രാജ്യത്തിൻ്റെ പണം ഇനി പുറത്തേക്ക് ഒഴുകില്ലെന്നും രാജ്യത്തിനും കേരളത്തിനും സാമ്പത്തിക സ്ഥിരത നൽകാൻ ഇത് സഹായിക്കുമെന്നും അദേഹം പറഞ്ഞു.

സംസ്ഥാന സർക്കാറിനൊപ്പം ചേർന്ന് തുറമുഖ വികസനം കേന്ദ്ര സർക്കാർ യാഥാർത്ഥ്യമാക്കിയെന്ന് നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തിന്റെ തുറമുഖ നഗരങ്ങൾ വികസിത ഭാരത് സങ്കല്പത്തിന്റെ പ്രധാന കേന്ദ്രമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഞാൻ വിഴിഞ്ഞം തുറമുഖം കണ്ടു. ഇത്ര വലിയ തുറമുഖം ഗൗതം അദാനി കേരളത്തിൽ നിർമിച്ചതിന് ഗുജറാത്തുകാർ അദ്ദേഹത്തോട് പിണങ്ങുമെന്നും മോദി പ്രസംഗത്തിൽ പറഞ്ഞു.

നമ്മുടെ മുഖ്യമന്ത്രിയോട് ഞാൻ പറയാൻ ആഗ്രഹിക്കുന്നത്, താങ്കൾ ഇന്ത്യാ സഖ്യത്തിൻ്റെ ഒരു പ്രധാന ഘടകമാണ്. ശശി തരൂരും ഇവിടെ ഇരിക്കുന്നുണ്ട്. ഇന്നത്തെ പരിപാടി പലരുടെയും ഉറക്കം നഷ്‌ടപ്പെടുത്തും‘. എന്നാൽ പ്രസംഗത്തിലെ ഇന്ത്യാ സഖ്യത്തെ കുറിച്ചുള്ള പ്രധാനമന്ത്രിയുടെ ഹിന്ദിയിലെ ഈ വാക്കുകൾ പരിഭാഷകൻ വിവർത്തനം ചെയ്‌തില്ല. പരിഭാഷകൻ തൻ്റെ വാക്കുകൾ കൃത്യമായി വിവർത്തനം ചെയ്തില്ലെന്ന് മനസിലാക്കിയ പ്രധാനമന്ത്രി, ‘പക്ഷേ സന്ദേശം പോകേണ്ട സ്ഥലത്തേക്ക് പോയി‘ എന്ന് ചിരിയോട് പറഞ്ഞുകൊണ്ട് പ്രസംഗം തുടർന്നത് സദസിലും ചിരി പടർത്തി.

ഒരു കമ്മ്യൂണിസ്റ്റ് മന്ത്രി പറയുന്നു, അദാനി തങ്ങളുടെ പങ്കാളിയാണെന്ന്. ഇതാണ് മാറ്റമെന്ന് സ്വാഗത പ്രാസംഗികനായ വിഎൻ വാസവൻ്റെ പ്രസംഗത്തിലെ പരാമർശം ചൂണ്ടി പ്രധാനമന്ത്രി പറഞ്ഞു. സ്വകാര്യ നിക്ഷേപത്തെ കമ്മ്യൂണിസ്റ്റ് മന്ത്രി സ്വാഗതം ചെയ്യുന്നത് നല്ല കാര്യമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രപദ്ധതികളിലൂടെ കേരളത്തിന്റെ വികസനം യാഥാർഥ്യമാക്കി. കൊല്ലം ബൈപ്പാസും ആലപ്പുഴ ബൈപ്പാസും കേന്ദ്ര സർക്കാർ അതിവേഗം പൂർത്തിയാക്കിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കേരളം ലോകസമുദ്ര വാണിജ്യത്തില്‍ മുന്‍പന്തിയില്‍ എത്തുകയും വലിയ തോതില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യട്ടെ. അതിനായി കേന്ദ്രവും കേരളത്തിനൊപ്പം പ്രവര്‍ത്തിക്കും. നമുക്ക് ഒരുമിച്ച് കേരളം പടുത്തുയർത്താം. ജയ് കേരളം, ജയ് ഭാരത് എന്ന് പറഞ്ഞാണ് പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രി തന്‍റെ പ്രസംഗം ആരംഭിച്ചത്. നാടിന്റെ ഒരുമയും ജനങ്ങളുടെ ഐക്യവുമാണ് ഇത്തരം പദ്ധതികള്‍ നടപ്പാക്കാന്‍ കരുത്താകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ സ്വപ്നസാഫല്യമാണിത്. നാടിന്റെ അഭിമാനമുഹൂര്‍ത്തമാണിത്. ഇതു കേവലം ഒരു തുറമുഖ കവാടം തുറക്കലല്ല. മൂന്നാം മിലീനിയത്തിലെ വികസന സാധ്യതകളിലേക്കുള്ള രാജ്യത്തിന്റെ മഹാകവാടം തുറക്കലാണ്. ഇന്ത്യയെ സാര്‍വദേശീയ മാരിടൈം വ്യാപാര ലോജിസ്റ്റിക്‌സ് ഭൂപട ശൃംഖലയില്‍ കണ്ണിചേര്‍ക്കുന്ന മഹാസംരംഭം. രാജ്യത്തിൻ്റെ ചരിത്രത്തിന്റെ വിസ്മൃതിയില്‍ നിന്ന് വിഴിഞ്ഞത്തെ വീണ്ടെടുത്ത് നവീകരിച്ചു വികസിപ്പിച്ചു സാര്‍വദേശീയ തുറമുഖമാക്കി മാറ്റിയത് കേരളത്തിലെ എൽ.ഡി എഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണ്; നിശ്ചയദാര്‍ഢ്യമാണ്. അങ്ങനെ അതും നമ്മള്‍ നേടിയെടുത്തു. അഭിമാനനിമിഷമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

5,000 ത്തിലധികം തൊഴിലവസരങ്ങളാണ് ഈ തുറമുഖത്തിന്റെ ഭാഗമായി നേരിട്ടു ലഭ്യമാകുന്നത്. കൂടുതല്‍ പേര്‍ക്ക് ഇത് പ്രയോജനകരമാകുന്നു എന്നുറപ്പുവരുത്തുകയാണ്. കേരളത്തിന്റെ, അതിനപ്പുറം ഇന്ത്യയുടെയാകെ വികസനത്തെ ഈ തുറമുഖം വലിയ തോതില്‍ ഭദ്രമാക്കുമെന്ന കാര്യത്തില്‍ സംശയമില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

രാവിലെ ഹെലികോപ്റ്റർ മാർഗം തുറമുഖത്ത് എത്തിയ പ്രധാനമന്ത്രി, പദ്ധതി പ്രദേശം നടന്നുകണ്ട ശേഷമാണ് വേദിയിലേക്ക് എത്തിയത്. ഇവിടെ വച്ച് വേദിയിലുണ്ടായിരുന്ന മന്ത്രിമാരെയും എംപിമാരെയും എംഎൽഎമാരെയും കണ്ട അദ്ദേഹം, സദസിനെ അഭിവാദ്യം ചെയ്തു. ആർപ്പുവിളിച്ചാണ് സദസിലുണ്ടായിരുന്ന ബിജെപി പ്രവർത്തകർ അദ്ദേഹത്തെ സ്വീകരിച്ചത്. പിന്നീട് അദാനി ഗ്രൂപ് ചെയർമാൻ ഗൗതം അദാനി നേരിട്ടെത്തി പ്രധാനമന്ത്രിയെ പൊന്നാടയണിയിച്ചു.

Send your news and Advertisements

You may also like

error: Content is protected !!