കെപിസിസി നേതൃമാറ്റത്തിന് കളമൊരുങ്ങുന്നു. നേതൃമാറ്റത്തിലും പുനഃസംഘടനയിലും നേതാക്കളോട് എഐസിസി അഭിപ്രായം തേടി. എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി നേതാക്കളെ പ്രത്യേകം കണ്ടു. രമേശ് ചെന്നിത്തല, ബെന്നി ബഹനാൻ, സണ്ണി ജോസഫ്, തുടങ്ങിയവർ ദീപാദാസ് മുൻഷിയെ കണ്ടു. നേതൃമാറ്റം ആവശ്യമാണോയെന്നും നിലവിലെ നേതൃത്വമായി മുന്നോട്ടുപോയാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഉൾപ്പെടെ ശക്തമായ പ്രകടനം നടത്താൻ കഴിയുമോ എന്ന് ദീപാദാസ് മുൻഷി നേതാക്കളോട് ചോദിച്ചു എന്നാണ് റിപ്പോർട്ടുകൾ.
കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷമുള്ള വാർത്ത സമ്മേളനം മാറ്റിയത് നേതാക്കൾ തമ്മിലുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് എന്നാണ് സൂചന. പ്രതിപക്ഷനേതാവിന്‍റെ ശൈലിക്കെതിരെ രാഷ്ട്രീയകാര്യ സമിതിയിൽ ഉയർന്ന കടുത്ത കുറ്റപ്പെടുത്തലുകൾ ഹൈക്കമാൻഡിന് മുന്നിലെ പുതിയ പ്രതിസന്ധിയാണ്. പുനസംഘടനയിൽ കെപിസിസി അധ്യക്ഷൻ മാറുമോ എന്നുള്ളതായിരുന്നു പ്രധാന ആകാംക്ഷ. പക്ഷെ രാഷ്ട്രീയകാര്യ സമിതി തീർന്നതോടെ ആദ്യം മാറ്റേണ്ടത് പ്രതിപക്ഷനേതാവിന്‍റെ ശൈലിയാണെന്ന ആവശ്യമാണ് ശക്തമായത്. തിരുവനന്തപുരത്ത് ഉണ്ടായിട്ടും കെ സുധാകരൻ – വി.ഡി സതീശൻ സംയുക്ത വർത്താ സമ്മേളനം നടന്നില്ലായിരുന്നു. എ.ഐ.സി.സി സെക്രട്ടറി പി.വി മോഹനന് വാഹനാപകടത്തിൽ പരിക്കേറ്റതിനാലാണ് വാർത്താ സമ്മേളനം മാറ്റിവെച്ചത് എന്നായിരുന്നു വിശദീകരണം.
ആരോഗ്യപ്രശ്നങ്ങൾ കാരണം സുധാകരൻ മാറണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമാണ്. പക്ഷെ മാറിയാൽ പകരം ആരെന്ന ചോദ്യമടക്കം പ്രശ്നം. പൊതു വികാരത്തിനനുസരിച്ചാകും എഐസിസി തീരുമാനം. അതിനിടെയാണ് പ്രതിപക്ഷനേതാവിനെതിരായ കടുത്ത വിമർശനങ്ങൾ. വിമർശനങ്ങളിൽ കടുത്ത അസ്വസ്ഥതയുണ്ട് സതീശന്. പ്രസിഡന്‍റ് മാറിയാൽ പ്രതിപക്ഷനേതാവും മാറട്ടെ എന്ന നിലക്കും ചില നീക്കങ്ങളുണ്ട്.