കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദനാ ദാസിനെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട്, അതേ ദിവസം നടന്ന ആക്രമണ ദൃശ്യങ്ങൾ ഇന്നലെ കോടതിയിൽ പ്രദർശിപ്പിച്ചു. സി.സി.ടി.വി ദൃശ്യങ്ങളിൽ, ഗുരുതരമായി പരിക്കേറ്റ വന്ദനാ ആശുപത്രിയുടെ പോർച്ചിന് സമീപം കുഴഞ്ഞുവീഴുന്നതായി വ്യക്തമായി കാണാം. ഫോറൻസിക് വിദഗ്ദ്ധ ഗോപിക കോടതിയിൽ ഈ ദൃശ്യങ്ങൾ തിരിച്ചറിഞ്ഞു.
കൂടാതെ ഹോസ്പിറ്റലിലെ കാഷ്വാലിറ്റി കൗണ്ടറിനു സമീപം വെച്ച് പ്രതി പോലിസ് യൂണിഫോമിലുണ്ടായിരുന്ന ആളുടെ തലയില്‍ കുത്തി മുറിവേല്പിക്കുന്നതായ ദൃശ്യവും കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജി പി എന്‍ വിനോദ് മുമ്പാകെ നടന്ന വിസ്താരത്തില്‍ സാക്ഷി തിരിച്ചറിഞ്ഞു. കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ പ്രതാപ് ജി പടിക്കല്‍, സാക്ഷിയായ കൊട്ടാരക്കര പോലിസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ മണി ലാലിനെ വിസ്തരിച്ച സമയം കാഷ്വാലിറ്റി കൗണ്ടറിനു സമീപം വെച്ച് പ്രതി തന്റെ തലയില്‍ ആഞ്ഞ് കുത്തി കൊലപ്പെടുത്തുവാന്‍ ശ്രമിച്ചതായി മൊഴി കൊടുത്തിരുന്നു. ആ മൊഴിയെ ശരിവെക്കുന്ന തരത്തിലുള്ള സിസി ടിവി ക്യാമറ ദൃശ്യങ്ങള്‍ ആണ് ഇന്ന് കോടതിയില്‍ പ്രദര്‍ശിപ്പിച്ചത്.
മൂന്ന് ദിവസമായി തുടരുന്ന ഫോറൻസിക് വിദഗ്ധരുടെ ചീഫ് വിസ്താരം വെള്ളിയാഴ്ചയും തുടരാനാണ് സാധ്യത. വന്ദനാ ദാസിനെ ആക്രമിച്ച പ്രതിയെ പോലിസും ആംബുലൻസ് ഡ്രൈവറും ചേർന്ന് കീഴടക്കി, കൈകാലുകൾ ബന്ധിച്ച് ആശുപത്രി പോർച്ചിൽ കിടത്തിയ ദൃശ്യങ്ങളും വിചാരണ വേളയിൽ പ്രദർശിപ്പിച്ചു.
കേസിൽ പ്രോസിക്യൂഷനായി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ് ജി. പടിക്കലിനൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവർ ഹാജരായി.