വാഷിങ്ടൻ: അമേരിക്കൻ പ്രസിഡൻ്റായി അധികാരമേറ്റതിന് പിന്നാലെ കടുത്ത ഉത്തരവുകളുമായി ഡോണള്‍ഡ് ട്രംപ്. ലോകാരോഗ്യസംഘടനയില്‍നിന്നും പാരിസ് ഉടമ്പടിയില്‍നിന്നും പിൻമാറാൻ ഒരുങ്ങി യുഎസ്. ഇതിനുള്ള നടപടികൾ ആരംഭിക്കാൻ ട്രംപ് ഉത്തരവിട്ടു കഴിഞ്ഞു. കുടിയേറ്റം തടയാൻ മെക്സിക്കോ അതിർത്തിയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ട്രംപ് ബൈഡൻ്റെ കാലത്തെ എഴുപതോളം ഉത്തരവുകളും റദ്ദാക്കി. അമേരിക്കൻ രാഷ്ട്രീയത്തിൽ മാത്രമല്ല, ലോകമാകെ വലിയ ചലനങ്ങൾ സൃഷ്ടിക്കുന്ന ഉത്തരവുകളാണ് ഇത്. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് ലോകാരോഗ്യസംഘടനയിൽ നിന്നും അമേരിക്ക പിൻമാറുന്നതിനുള്ള തീരുമാനം. ലോകാരാഗ്യ സംഘടനയ്ക്ക് അമേരിക്ക നൽകിവരുന്ന ഫണ്ട് അനാവശ്യ ചിലവാണെന്ന് വിലയിരുത്തി അതിൽ നിന്നും പിൻമാറുന്ന നിലപാട് സ്വീകരിച്ചിരിക്കുകയാണ് ട്രംപ്. ഇത് ലോകമാകെ വലിയ തരത്തിലുള്ള പ്രത്യാഘാതങ്ങളുണ്ടാക്കുന്ന തീരുമാനമാണ്. ദരിദ്ര രാജ്യങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി സമ്പന്ന രാജ്യങ്ങളിൽ നിന്നുള്ള ഫണ്ടുകൾ ഉപയോഗപ്പെടുത്തുന്നതാണ് രീതി. ഇതിൽ നിന്നും അമേരിക്ക പിൻമാറുന്നതോടെ ലോകാരോഗ്യസംഘടനയുടെ പ്രവർത്തനം തന്നെ താളംതെറ്റും.
യുഎൻ മാനദണ്ഡപ്രകാരം അംഗത്വം പിൻമാറ്റം പൂർത്തിയാകാൻ ഒരു വർഷത്തോളം എടുക്കും. ലോകാരോഗ്യ സംഘടനയക്ക് 500 ദശലക്ഷം ഡോളർ യുഎസ് നൽകുമ്പോൾ വികസിത രാജ്യമായ ചൈന നൽകുന്നത് ഇതിന്റെ പത്തിലൊന്നാണെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. വലിയ ജനസംഖ്യയുള്ള രാജ്യം ഇത്രയും ചെറിയ തുക നൽകുന്നതിനെ മുൻപും ട്രംപ് വിമർശിച്ചിരുന്നു. വലിയ തുക യുഎസ് ചെലവഴിക്കുമ്പോൾ അതിന്റെ നേട്ടം ചൈന കൊണ്ടു പോകുന്നതിലുള്ള എതിർപ്പാണ് ട്രംപിനെ കടുത്ത തീരുമാനത്തിലേക്ക് എത്തിച്ചത്. ഈ തുക അമേരിക്കൻ ജനതയുടെ ആരോഗ്യസംരക്ഷണ പദ്ധതികളിലേക്ക് മാറ്റിവെക്കുമെന്ന് മുൻപ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
പരിസ്ഥിതി സംരക്ഷണത്തിനായി വിവിധ രാജ്യങ്ങൾ ഒപ്പിട്ട പാരീസ് കാലാവസ്ഥ ഉടമ്പടിയിൽ നിന്ന് പിന്മാറുമെന്നാണ് മറ്റൊരു തീരുമാനം. ഇതോടുകൂടി അന്തരീക്ഷത്തെ വിഷമയമാക്കുന്ന വാതകങ്ങളുടെ പുകമയം കുറക്കണമെന്ന ബാധ്യതയിൽ നിന്ന് അമേരിക്ക പിന്നോട്ട് പോവുകയാണ്. ഒരു വ്യവസായ രാജ്യമായി രാജ്യം മാറുന്നതിന് ഈ ഉടമ്പടി തടസ്സമാണെന്ന് നിലപാടെടുത്താണ് ട്രംപ് ഇതിൽ നിന്നും മാറുന്നത്.
ക്യൂബയെ ഭീകരരാഷ്ട്രപദവിയില്‍നിന്നു പിന്‍വലിക്കാനുള്ള തീരുമാനം റദ്ദാക്കുന്ന ഉത്തരവിലും ട്രംപ് ഒപ്പുവച്ചു. അതേസമയം, യുഎസില്‍ നിരോധനം ഏര്‍പ്പെടുത്തിയ ടിക്‌ടോക്കിനു നിയമപരമായി പ്രവര്‍ത്തിക്കാന്‍ ട്രംപ് 75 ദിവസത്തെ സാവകാശം അനുവദിച്ചു. ടിക്‌ടോക് ഏറ്റെടുക്കാന്‍ അമേരിക്കയില്‍നിന്ന് ഉടമസ്ഥനെ കണ്ടെത്തണമെന്നാണു നിര്‍ദേശം. ചൈനയുടെ ഉടമസ്ഥതയില്‍നിന്നു മാറിയാല്‍ നിരോധനം പിന്‍വലിക്കുമെന്നും ട്രംപ് അറിയിച്ചു.
അമേരിക്കയുടെ മെക്സിക്കോ അതിർത്തിയിൽ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപന ഉത്തരവിലും ട്രംപ് ഒപ്പ് വെച്ചു. ഇനി ഈ മേഖലയിലേക്ക് സൈന്യത്തെ വിന്യസിക്കാൻ കഴിയും. സർക്കാർ ജീവനക്കാരെ ഏത് സമയത്തും പിരിച്ചുവിടാനുള്ള അവസ്ഥയിലേക്ക് അവരുടെ സേവന വ്യവസ്ഥകൾ മാറ്റുന്ന ഉത്തരവുകളിലും ട്രംപ് ഒപ്പുവെച്ചു. അതേസമയം, ഈ ഉത്തരവുകളെല്ലാം കോടതിയിൽ ചോദ്യം ചെയ്യപ്പെടാനും സാധ്യതയുണ്ട്.