കാശ്മീർ: ലോകത്തെ ഏറ്റവും ഉയരംകൂടിയ റെയിൽപ്പാതയായ ചെനാബ് പാലം പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്‌ച രാജ്യത്തിനുസമർപ്പിക്കും. ജമ്മു-കശ്മീരിലെ റാസി ജില്ലയിലെ ബക്കലിനും കൗരിക്കുമിടയിൽ ചെനാബ് നദിക്കുകുറുകെയാണ് പാലം നിർമിച്ചിരിക്കുന്നത്. കശ്മീര്‍ താഴ്‌വരയെ ഇന്ത്യയിലെ റെയില്‍ ശൃംഖലയുമായി നേരിട്ടു ബന്ധിപ്പിക്കുന്ന തന്ത്രപ്രധാന മേല്‍പാലം കൂടിയാണ് ചെനാബ് മേല്‍പാലം. ബരാമുള്ളയെയും ശ്രീനഗറിനെയും ജമ്മുവുമായി ബന്ധിപ്പിക്കുന്ന പാലം വരുന്നതോടെ ഈ റൂട്ടിലെ സഞ്ചാരസമയം ഏഴു മണിക്കൂറായി കുറയും.
ജമ്മു കശ്മീരിലൂടെയും പിന്നീട് പാക് പഞ്ചാബിലൂടെയും ഒഴുകുന്ന നദിയാണ് ചെനാബ്. ചെനാബ് നദിയിൽ നിന്നും 359 മീറ്റർ ഉയരത്തിലാണ് 1.3 കിലോമീറ്റർ നീളത്തിലുള്ള ചെനാബ് പാലം സ്ഥിതി ചെയ്യുന്നത്. പാലത്തിൻ്റെ കമാനത്തിന് മാത്രം 467 മീറ്ററാണ് ഉയരം. കോൺക്രീറ്റുകൊണ്ടും ഉരുക്കുകൊണ്ടുമുള്ള ഈ നിർമിതിക്ക് ഈഫൽ ടവറിനേക്കാളും 35 മീറ്റർ ഉയരമുണ്ട്. കത്രേയും ബനിഹാളിനേയും ബന്ധിപ്പിക്കുന്ന 111 കിലോമീറ്റർ നീളത്തിലുള്ള തന്ത്രപ്രധാന പാതയിലാണ് ഈ അദ്ഭുത പാലമുള്ളത്.
കൊടുങ്കാറ്റ്, മഞ്ഞുവീഴ്‌ച, ഭൂകമ്പം, ഭീകരാക്രമണം ഉള്‍പ്പെടെ ഏത് പ്രതിസന്ധി ഘട്ടവും നേരിടാനുള്ള അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ചെനാബ് പാലം നിര്‍മിച്ചിട്ടുള്ളത്. ദക്ഷിണ കൊറിയയിലെ അഫ്‌കോൺസ് ഇൻഫ്രാസ്ട്രക്ചർ, അൾട്രാ കൺസ്ട്രക്ഷൻ & എഞ്ചിനിയറിങ് കമ്പനി, വിഎസ്എൽ ഇന്ത്യ എന്നിവ തമ്മിലുള്ള സംയുക്ത സംരംഭമായ മെഴ്‌സേഴ്‌സൺ ചെനാബ് ബ്രിഡ്‌ജ് പ്രോജക്‌ട് അണ്ടർടേക്കിങ് ആണ് പദ്ധതിയുടെ പ്രധാന കരാര്‍ ഏറ്റെടുത്തത്. ഉയര്‍ന്ന പര്‍വത നിരകള്‍, പ്രതികൂലമായ കാലാവസ്ഥ ഉള്‍പ്പെടെ വിവിധ പ്രതിസന്ധികള്‍ മറികടന്നാണ് ഈ പാലം നിര്‍മിച്ചത്. 260 കിലോ മീറ്റര്‍ വേഗതയില്‍ വീശിയടിക്കുന്ന കൊടുങ്കാറ്റിലും ഇത് കുലുങ്ങില്ലെന്ന് കരാര്‍ കമ്പനി വ്യക്തമാക്കുന്നു.