കണ്ണൂർ കണ്ണപുരം ചുണ്ടയിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അലിച്ചി ഹൗസിൽ റിജിത്ത് ശങ്കരനെ (25) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 9 ബിജെപി – ആർഎസ്എസ് പ്രവർത്തകർക്കു ജീവപര്യന്തം. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. മുഴുവൻ പ്രതികൾക്കുമെതിരെ കൊലക്കുറ്റം തെളിഞ്ഞിരുന്നു. 2005 ഒക്ടോബർ 3-നാണ് റിജിത്തിനെ തച്ചൻ കണ്ടി ക്ഷേത്രത്തിനടുത്തുവച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ആകെയുളള പത്ത് പ്രതികളിൽ ഒരാൾ വിചാരണക്കിടെ വാഹനാപകടത്തിൽ മരിച്ചിരുന്നു. സിപിഎമ്മിൻ്റെ കണ്ണപുരം ബ്രാഞ്ച് അംഗവും ഡിവൈഎഫ്ഐ പ്രവർത്തകനുമായിരുന്നു റിജിത്ത്.
കേസിൽ 10 പ്രതികളാണുള്ളത്. കേസിൻ്റെ വിചാരണ വേളയിൽ മൂന്നാം പ്രതി അജേഷ് മരിച്ചു. ആർഎസ്എസ്- ബിജെപി പ്രവർത്തകരായ ബാക്കി 9 പ്രതികളും കുറ്റക്കാരെന്നാണ് ജഡ്ജ് റൂബി കെ ജോസ് വിധിച്ചത്. കണ്ണപുരം ചുണ്ട വയക്കോടൻ വീട്ടിൽ വി.വി.സുധാകരൻ (56), കോത്തില താഴെവീട്ടിൽ ജയേഷ് (39), ചാങ്കുളത്ത് പറമ്പിൽ സി.പി.രഞ്ജിത്ത് (42), പുതിയപുരയിൽ പി.പി.അജീന്ദ്രൻ (50), ഇല്ലിക്കവളപ്പിൽ ഐ.വി.അനിൽകുമാർ (51) പുതിയപുരയിൽ പി.പി. രാജേഷ്, കണ്ണപുരം ഇടക്കേപ്പുറം വടക്കേ വീട്ടിൽ വി.വി. ശ്രീകാന്ത് (46), സഹോദരൻ വി.വി.ശ്രീജിത്ത് (42), തെക്കേവീട്ടിൽ ടി.വി.ഭാസ്കരൻ (62) എന്നിവരാണു ജീവപര്യന്തം ശിക്ഷ അനുഭവിക്കേണ്ടത്.