Tuesday, March 24, 2026
Home » രാഷ്ട്രപതി ദ്രൗപതി മുർമു ഫ്രാൻസിസ് മാർപാപ്പയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ചു.
രാഷ്ട്രപതി ദ്രൗപതി മുർമു ഫ്രാൻസിസ് മാർപാപ്പയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ചു.

രാഷ്ട്രപതി ദ്രൗപതി മുർമു ഫ്രാൻസിസ് മാർപാപ്പയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ചു.

by Editor
Send your news and Advertisements

വത്തിക്കാൻ സിറ്റി: ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമു, കേന്ദ്രമന്ത്രിമാരായ കിരൺ റിജിജു, ജോർജ് കുര്യൻ എന്നിവർക്കൊപ്പം വത്തിക്കാൻ സിറ്റിയിലെ സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. ഫ്രാൻസിസ് പാപ്പയുടെ ഭൗതിക ശരീരം ഔദ്യോഗികമായി അടക്കം ചെയ്യുന്ന ചടങ്ങിൽ പങ്കെടുക്കാൻ രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് രാഷ്ട്രപതി വത്തിക്കാനിൽ എത്തിയത്. ഫ്രാൻസിസ് മാർപാപ്പ അനുകമ്പയുടെയും വിനയത്തിൻ്റെയും ആത്മീയ ധൈര്യത്തിന്റെയും ആഗോള പ്രതീകമാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുശോചന സന്ദേശത്തിൽ പറഞ്ഞത്.

ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ വിശ്വാസികളുടെ പ്രവാഹമാണ്. വെള്ളിയാഴ്‌ച ഉച്ചവരെ 1,28,000 ത്തിലധികം വിശ്വാസികൾ പാപ്പായ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി രാഷ്ട്രതലവന്മാരും നയതന്ത്ര പ്രമുഖരും എത്തുന്ന സാഹചര്യത്തിൽ വത്തിക്കാനിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ഫ്രാൻസിസ് മാർപാപ്പയുടെ മൃതസംസ്‌കാര ചടങ്ങിൽ 130 രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര പ്രതിനിധികൾ പങ്കെടുക്കുമെന്ന് വത്തിക്കാൻ്റെ പ്രോട്ടോക്കോൾ ഓഫീസ് അറിയിച്ചു.

ഫ്രാൻസിസ് പാപ്പയുടെ മൃതസംസ്കാരം സ്വകാര്യവും ലളിതവുമായ ഒരു ചടങ്ങായിരിക്കും. സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നിന്ന് മൃതശരീരം വഹിച്ചുക്കൊണ്ടുള്ള പ്രദിക്ഷണം മരിയൻ ബസിലിക്കയുടെ പ്രവേശന കവാടത്തിൽ എത്തുന്നവരെ തത്സമയ സംപ്രേക്ഷണം ലഭ്യമായിരിക്കും. പിന്നീടുള്ള അടക്കം സ്വകാര്യ ചടങ്ങായിട്ട് ആയിരിക്കും നടത്തുകയെന്നും വത്തിക്കാൻ അറിയിച്ചു.

അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്, ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമു, ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോണി, ബ്രസീൽ പ്രസിഡൻ്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ, അർജൻ്റീന പ്രസിഡന്റ് ജാവിയർ മിലി, ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് എന്നിവർ ഉൾപ്പെടെയുള്ളവർ ഇന്ന് (ഏപ്രിൽ 26 ശനിയാഴ്‌ച) സെൻ്റ് പീറ്റേഴ്‌സ് സ്ക്വയറിൽ നടക്കുന്ന സംസ്‌കാര ചടങ്ങിൽ പങ്കെടുക്കും.

You may also like

error: Content is protected !!