ലോകമിന്ന്, ഉയർത്തിപ്പിടിക്കപ്പെട്ട കുരുത്തോലകളുടെ മഞ്ഞനിറത്തിന്റെ അഭൌമ, അനിർവചനീയപ്രഭയിൽ മയങ്ങിനിന്ന്, ജെറുശലേമിലേക്ക് എഴുന്നള്ളിയ ലാളിത്യത്തിന്റെ രാജാവായ യേശുവിനെ സ്മരിക്കുന്നു. രാജാവിന്റെ സൈന്യബലവും പ്രാഭവവും തിളക്കവും കൂടാതെ അവൻ കടന്നുവന്നപ്പോൾ പഴഞ്ചൻ മുൻവിധികൾ ഉടയുകയും ചരിത്രത്തിൽ നവവൃത്താന്തങ്ങൾ രചിക്കപ്പെടുകയും ചെയ്യപ്പെട്ട ദൈവീക- മുഹൂർത്തം കൂടിയായി അത്. ആ യാത്ര കൊണ്ട് സാക്ഷാത്കരിക്കപ്പെട്ടതിനെ കുറിച്ച് വി. മത്തായി ശ്ലീഹാ രേഖപ്പെടുത്തിയത് ഇങ്ങനെയായിരുന്നു: “സീയോൻ പുത്രിയോടു: ഇതാ, നിന്റെ രാജാവു സൌമ്യനായി കഴുതപ്പുറത്തും വാഹനമൃഗത്തിന്റെ കുട്ടിയുടെ പുറത്തും കയറി നിന്റെ അടുക്കൽ വരുന്നു എന്നു പറവിൻ ” എന്നിങ്ങനെ പ്രവാചകൻ മുഖാന്തരം അരുളിചെയ്തതിന്നു നിവൃത്തിവരുവാൻ ഇതു സംഭവിച്ചു.
“മുന്നും പിന്നും നടന്ന പുരുഷാരം: ദാവീദ് പുത്രന്നു ഹോശന്നാ; കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; അത്യുന്നതങ്ങളിൽ ഹോശന്നാ എന്നു ആർത്തുകൊണ്ടിരുന്നു” (വി. മത്തായി 21:4, 9). ജറുസലേമെന്ന വിശുദ്ധ നഗരത്തിലേക്കുള്ള ആ പ്രവേശനത്തിലൂടെ വെളിവാകപ്പെട്ടത് പ്രവചനപൂർത്തീകരണം മാത്രമല്ല, എന്നാലോ മനുഷ്യരാശിയ്ക്ക് പാപത്തിന്റെ അടിമത്തത്തിൽ നിന്നുള്ള രക്ഷയുടെ കിരണങ്ങളുടെ ഉദയം കൂടിയായിരുന്നു. പിതാവായ ദൈവം ഏല്പിച്ച ചെറുതോ നിസ്സാരമോ അല്ലാത്ത ആ നിയോഗം പൂർത്തീകരിച്ചശേഷം സ്വന്തമകനെ ആകാംഷയോടെ കാത്തിരിക്കുന്ന ആ പിതാവിന്റെ സവിധത്തിലേക്കുള്ള മടക്കയാത്രയ്ക്കായുള്ള പടിപ്പുര തുറക്കൽ! മരണമെന്ന് മനുഷ്യൻ പേരിട്ടിരിക്കുന്ന ആ യാത്ര, ആ വെല്ലുവിളിയും, വരാൻ പോകുന്ന വേദനാനുഭവങ്ങൾ ഏറ്റുവാങ്ങുവാൻ മുൻകൂട്ടി ശിരസ്സ് നമിക്കുകയും ചെയ്തുകൊണ്ടുള്ള ജൈത്രയാത്രയും ആയിരുന്നു. താൻ ചുമലിലേറ്റിയ കുരിശിലൂടെ, കുറ്റവാളികൾ മാത്രം വഹിക്കുവാൻ വിധിക്കപ്പെടുന്ന കുരിശ് ഒറ്റയ്ക്ക് പേറി, മാനുഷജീവിതങ്ങളുടെ പാപഭാരവും പേറി കാൽവറിയിലേക്കും പിതൃസന്നിധിയിലേക്കുമുള്ള (വേദന അടക്കിയുള്ള) യാത്രയ്ക്ക് മുന്നോടിയായ വിജയപ്രയാണം! ആ പ്രയാണത്തിന്റെ ആത്മീയമായ അർത്ഥവ്യാപ്തിയെയാണ് ഓശാന ഞായറാഴ്ച അനുസ്മരിക്കുന്നത്.
തിരുവെഴുത്തുകളുടെ പൊരുളും സമയവും അറിയാമായിരുന്ന അനേകർ ആകാംക്ഷയോടെ കാത്തിരുന്നത് മുഹൂർത്തവുമായിരുന്നു അത്: “സീയോൻ പുത്രീ, അത്യധികം സന്തോഷിക്കുക! യെരൂശലേം പുത്രി, ആർത്തുവിളിക്കുക! നോക്കൂ, നീതിമാനും രക്ഷയുള്ളവനും സൗമ്യനും കഴുതപ്പുറത്തും കഴുതക്കുട്ടിയുടെ പുറത്തും കയറി നിൻ്റെ രാജാവ് നിൻ്റെ അടുക്കൽ വരുന്നു” (സഖറിയാവ് 9:9).
ജെറുശലേമിലേക്ക് വന്ന ദൈവത്തിൻ്റെ അഭിഷിക്തനായ യേശു, യുദ്ധത്തിൽ വിജയിച്ച സൈന്യാധിപനായിരുന്നില്ല. അവൻ എളിമയുള്ള സേവകനെപ്പോലെ കടം വാങ്ങിയ കഴുതക്കുട്ടിയുടെ പുറത്ത് സൌമ്യതയോടെയും സേവിക്കാനുള്ള സന്നദ്ധത ദ്യോതിപ്പിക്കുന്ന കണ്ണുകളോടെ, നമ്മിലേക്ക് ഉറ്റുനോക്കുന്നവനുമായാണ് കടന്നുവന്നത്. രാജാധികാരത്തിന്റെയും ആയുധങ്ങളുടെ ശക്തിയോടെയുമല്ല അവൻ വന്നത്, എന്നാൽ ത്യാഗ-വിനയങ്ങളുടെ മൂർത്തിമദ്ഭാവമായാണ്. അവന്റെ സിംഹാസനം തടികൊണ്ടുള്ള കുരിശിന്റേതായിരുന്നു. പാപത്തിൻ്റെ കൊടുംഭാരം തോളിൽ വഹിച്ച്, തൻ്റെ മക്കളായ മനുഷ്യരാശിയെ രക്ഷിക്കാനുള്ള, പിശാചിൻ്റെ പിടിയിൽ നിന്ന് തൻ്റെ ആടുകളെ മോചിപ്പിക്കാനുള്ള, അതിന് തന്നെത്തന്നെ സ്വയം ബലിയർപ്പിക്കാനുള്ള ഘോഷയാത്രയായിരുന്നു. അവന് വേണ്ടി ശബ്ദം ഉയർത്തിയത് സൈന്യാധിപരോ സേനാധിപന്മാരോ ആയിരുന്നില്ല, ഒലിവിന്റെയും ഈന്തപ്പനയുടെയും തലപ്പുകൾ കൈകളിലേന്തിയ കുഞ്ഞുങ്ങൾ ആയിരുന്നു. നിഷ്കളങ്കതയും നിഷ്കപട-സമർപ്പണവും ആയുധവും ശക്തിയുമായി മനതാരിൽ കരുതുന്ന ആ കുഞ്ഞുങ്ങളെക്കൊണ്ട് ദൈവരാജ്യത്തിന്റെ കല്ലുകളെ ഉറപ്പിക്കുക എന്ന ശ്രേഷ്ഠ-ആത്മീയ-പോരാട്ടം നയിക്കുവാനായി വന്ന നായകൻ ആയിരുന്നു അവൻ.
ഹോശാനയുടെ ശുശ്രൂഷയിലൂടെ നമ്മുടെ മനോമുകുരങ്ങളിൽ ഉറയ്ക്കേണ്ടതായ 2 പ്രധാന ഘടകങ്ങൾ മാത്രം ചൂണ്ടികാണിക്കട്ടെ:
1. കുരുത്തോലകൾ വാഴ്ത്തപ്പെടുമ്പോൾ ലോകമാസകലമുള്ള വൃക്ഷങ്ങളെ ലോകത്തിന് തണലും തണുപ്പും ജീവസ്സും നൽകും വിധം നിലനിർത്തുവാൻ വാഴ്ത്തുന്ന പ്രാർത്ഥനകളാണ് അർപ്പിക്കപ്പെടുന്നത്.
2. കുരുത്തോലകൾ വാഴ്ത്തുന്നതിന് മുൻപും ശേഷവും വിശ്വാസികൾക്ക് നൽകുന്നതിന് പ്രാധാന്യമേറെയാണ്. വാഴ്ത്തിയ കുരുത്തോല, ഏദൻതോട്ടത്തെ പരിപാലിക്കുവാൻ മനുഷ്യനെ ഏല്പിച്ചത് പോലെ പരിസ്ഥിതിയെയും വൃക്ഷങ്ങളെയും കരുതലോടെയും ഭക്തിപുരസ്സരവും സൂക്ഷിക്കേണ്ടത് എന്ന സന്ദേശം കൂടി നല്കുന്നു.
ക്രിസ്തുവിൻ്റെ യെരുശലേം യാത്ര, വരുവാനുള്ള രക്ഷകൻ എന്ന പ്രതീക്ഷയ്ക്കും അവൻ്റെ സേവനസന്നദ്ധതയ്ക്കും അടിവരയിട്ട സാക്ഷ്യം ആയിരുന്നു. എന്നാൽ അവൻ സ്ഥാപിക്കുന്ന രാജ്യം ഈ ലോകത്തിൻ്റേതല്ല എന്ന വ്യക്തമായ സന്ദേശത്തോടെ, തന്റെ പിതാവായ ദാവീദിന്റെ രാജ്യത്തിന്റെ തുടർച്ചയായിരിക്കും എന്നും വെളിപ്പെടുത്തുന്നതായിരുന്നു (മർക്കോ. 11:10). അനന്തമായ മാനസികസംഘർഷങ്ങളുടെ പഞ്ചദിനങ്ങൾ കടന്നുപോയപ്പോൾ അവൻ്റെ ഹനനത്തിനായി ആക്രോശിക്കും വിധം രൂപവും ഭാവവും മാറിയ ജനക്കൂട്ടം, ഇന്നത്തെ നമ്മെ പ്രതിനിധാനം ചെയ്യുന്ന, ദൈവത്തെ തങ്ങളുടെ വഴിയിലൂടെ തെളിക്കുവാൻ ആഗ്രഹിക്കുന്ന മനുഷ്യരുടെ ആധുനികകാലപ്രവണതയെ ഓർമ്മിപ്പിക്കുന്നതാണ്. ആ മാനസികനിലയിൽ നിന്ന് സമൂലമായി പരിവർത്തനം ചെയ്യപ്പെടാൻ ആ രാജാവിന്റെ പിന്നിൽ അണി ചേരാൻ നമുക്കും നമ്മെ തന്നെ സജ്ജരാക്കാം, സന്നദ്ധതയുള്ളവരാകാം!!
“കർത്താവിൻ്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; അത്യുന്നതങ്ങളിൽ ഓശാന”!!!.
അജോയ് ജേക്കബ് ജോർജ്
അഴൂർ / മാക്കാംകുന്ന് / കുവൈറ്റ്.