വാഷിംഗ്ടൺ: ഇറാനെതിരായ യുദ്ധം ഏറെക്കുറെ പൂർത്തിയായതായി (Pretty much complete) അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇന്നലെ (മാർച്ച് 9-ന്) സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇറാന്റെ നാവികസേന, വ്യോമസേന, വാർത്താവിനിമയ സംവിധാനങ്ങൾ എന്നിവ പൂർണ്ണമായും തകർക്കപ്പെട്ടതായും ഇനി സൈനികമായി ഒന്നും അവശേഷിക്കുന്നില്ലെന്നും ട്രംപ് അവകാശപ്പെട്ടു. യുദ്ധം 4 മുതൽ 5 ആഴ്ച വരെ നീണ്ടുനിൽക്കുമെന്നായിരുന്നു ആദ്യ കണക്കുകൂട്ടലെങ്കിലും, നിശ്ചയിച്ചതിലും വളരെ മുൻപേ ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ സാധിച്ചതായി അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 28-ന് ആരംഭിച്ച സൈനിക നീക്കത്തിൽ ഇതുവരെ ഇറാനിലെ അയ്യായിരത്തിലധികം കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ട്രംപ് അറിയിച്ചു. ആഗോള എണ്ണ വിതരണത്തെ നിയന്ത്രിക്കുന്ന ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും ട്രംപ് സൂചിപ്പിച്ചു. ഇറാൻ പുതിയ പരമോന്നത നേതാവായി ആയത്തുള്ള മൊജ്തബ ഖമേനിയെ തിരഞ്ഞെടുത്ത സാഹചര്യത്തിൽ, ആവശ്യമെങ്കിൽ ആക്രമണം തുടരുമെന്ന മുന്നറിയിപ്പും ട്രംപ് നൽകിയിട്ടുണ്ട്.
ഇന്നലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും തമ്മിൽ ഏകദേശം ഒരു മണിക്കൂർ നീണ്ട ഫോൺ സംഭാഷണം നടത്തി. ഇറാൻ യുദ്ധത്തിന് വേഗത്തിൽ രാഷ്ട്രീയവും നയതന്ത്രപരവുമായ പരിഹാരം കാണാനുള്ള നിർദ്ദേശങ്ങൾ പുട്ടിൻ ട്രംപുമായി പങ്കുവെച്ചു എന്നാണ് റിപ്പോർട്ടുകൾ. ഗൾഫ് രാജ്യങ്ങളിലെ നേതാക്കളുമായും ഇറാൻ പ്രസിഡന്റുമായും താൻ നടത്തിയ ചർച്ചകളുടെ വിവരങ്ങളും പുട്ടിൻ അറിയിച്ചു. യുക്രെയ്നിലെ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്നും വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഈ കാര്യത്തിൽ പുട്ടിൻ സഹായിക്കണമെന്ന് ട്രംപ് പിന്നീട് മാധ്യമങ്ങളോട് പറയുകയും ചെയ്തു. പുട്ടിനുമായുള്ള സംഭാഷണം വളരെ ഗുണകരമായിരുന്നുവെന്ന് ട്രംപ് വിശേഷിപ്പിച്ചു. ഇതിന് തൊട്ടുപിന്നാലെയാണ് ഇറാനിലെ യുദ്ധം “ഏറെക്കുറെ പൂർത്തിയായി” എന്ന് അദ്ദേഹം പ്രഖ്യാപിച്ചത്.
അതിനിടെ അമേരിക്കയുമായും സഖ്യകക്ഷികളുമായും ദീർഘകാല യുദ്ധത്തിന് ഇറാൻ സജ്ജമാണെന്നും നിലവിൽ നയതന്ത്ര ചർച്ചകൾക്ക് യാതൊരു പ്രസക്തിയുമില്ലെന്നും ഇറാൻ പരമോന്നത നേതാവിന്റെ വിദേശനയ ഉപദേഷ്ടാവ് കമാൽ ഖരാസി പ്രഖ്യാപിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ യുദ്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ഗൾഫ് രാജ്യങ്ങൾ സമ്മർദ്ദം ചെലുത്തണമെന്നും, സാമ്പത്തികമായ ആഘാതങ്ങളിലൂടെ മാത്രമേ ഈ പോരാട്ടം അവസാനിക്കൂ എന്നും ടെഹ്റാനിൽ നൽകിയ പ്രത്യേക അഭിമുഖത്തിൽ ഖരാസി വ്യക്തമാക്കി. മുൻപ് നടന്ന ചർച്ചകളിൽ ട്രംപ് വാഗ്ദാനങ്ങൾ ലംഘിച്ചതായും ചർച്ചകൾക്കിടയിൽ തന്നെ തങ്ങളെ ആക്രമിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഇറാന് എതിരെ കൂടുതൽ ശക്തമായ സൈനിക നടപടികൾക്ക് ആഹ്വാനം ചെയ്തു. ‘ഞങ്ങൾ പോരാട്ടം തുടങ്ങിയിട്ടേയുള്ളൂ’ എന്ന സന്ദേശം പങ്കുവെച്ച അദ്ദേഹം, അമേരിക്കയുടെ പക്കൽ സുസജ്ജമായ ആയുധശേഖരമുണ്ടെന്നും ലക്ഷ്യം കാണുന്നത് വരെ പിൻമാറില്ലെന്നും വ്യക്തമാക്കി. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തതായും വരും ദിവസങ്ങളിൽ ആക്രമണം കൂടുതൽ ശക്തമാക്കുമെന്നുമാണ് പെന്റഗൺ നൽകുന്ന സൂചന. ഇരുപക്ഷവും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ തുടരുന്നത് പശ്ചിമേഷ്യയെ കൂടുതൽ രക്തരൂക്ഷിതമായ സംഘർഷത്തിലേക്ക് നയിക്കുകയാണ്.
ഖൊമേനിയുടെ പിൻഗാമിയായി മകൻ മൊജ്താബ ഖൊമേനി; അദ്ദേഹത്തിനെതിനെയും ഇറാനിൽ പ്രതിഷേധം.


