ഇസ്രയേൽ–ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചു. നിലവിലെ സാഹചര്യങ്ങൾ നെതന്യാഹു വിശദീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍, ജര്‍മന്‍ ചാന്‍സലര്‍ എന്നിവരുമായി നെതന്യാഹു ഇതിനകം സംസാരിച്ചുവെന്നാണ് വിവരം. ഇറാനെ ആക്രമിക്കാനിടയായ സാഹചര്യം ലോകനേതാക്കളെ ധരിപ്പിച്ചെന്ന് നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കി. നെതന്യാഹു തന്നെ വിളിച്ചതായും നിലവിലെ സാഹചര്യങ്ങൾ വിവരിച്ചതായും പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹമാധ്യമത്തിലെ പോസ്റ്റില്‍ വ്യക്തമാക്കി. ഇന്ത്യയുടെ ആശങ്കകളും മേഖലയിൽ സമാധാനവും സ്ഥിരതയും വേഗത്തിൽ പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം സംഭാഷണത്തിൽ ഊന്നിപ്പറഞ്ഞു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ എന്നിവരുമായും സംസാരിക്കുമെന്ന് നെതന്യാഹുവിന്റെ ഓഫിസ് പ്രസ്താവനയിൽ വ്യക്തമാക്കി. ഇസ്രയേലും ഇറാനും സംയമനം പാലിക്കണമെന്ന് ഇമ്മാനുവല്‍ മാക്രോണും ജര്‍മ്മന്‍ ചാന്‍സലറും ആവിഷ്യപ്പെട്ടു. ഇറാന്റെ ആണവ പദ്ധതിയെ അപലപിച്ച ഇരു രാജ്യങ്ങളും ഇസ്രയേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും അഭിപ്രായപ്പെട്ടു. ഇരുരാജ്യങ്ങളും പിന്മാറണമെന്നും സംഘര്‍ഷം ഒഴിവാക്കണമെന്നും ബ്രിട്ടനും ആവശ്യപ്പെട്ടു.
അതേസമയം ഇസ്രയേല്‍ സൈനിക ആക്രമണത്തെ തുര്‍ക്കിയും ഒമാനും സൗദി അറേബ്യയും അപലപിച്ചു. ഇസ്രയേല്‍ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളെ അവഗണിച്ചുള്ള പ്രകോപനം സൃഷ്ടിക്കലാണെന്ന് തുര്‍ക്കി അഭിപ്രായപ്പെട്ടപ്പോള്‍ നിലവിലെ സംഘര്‍ഷത്തിന്റെ ഉത്തരവാദി ഇസ്രയേല്‍ ആണെന്ന് ഒമാന്‍ പറഞ്ഞു.
ആണവ പദ്ധതി സംബന്ധിച്ച് എത്രയും വേഗം ഒരു ഉടമ്പടിയിൽ ഏർപ്പെടാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനോട് ആവശ്യപ്പെട്ടു. ഇസ്രയേൽ ആക്രമണത്തിൽ ഇറാന് ശക്തമായ നാശനഷ്ട്‌ടം ഉണ്ടായിട്ടുണ്ട്. അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കും. ഒന്നും അവശേഷിക്കാതെ ആകുന്നതിനു മുൻപ് ഇറാൻ ഉടമ്പടിക്ക് തയാറാകണമെന്നും ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു. യുഎസും ഇറാനും തമ്മിൽ ആണവ കരാറിനായുള്ള ചർച്ചകൾ ആറാം ഘട്ടത്തിലേക്ക് കടക്കാനിരിക്കെയാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ഇസ്രയേൽ ഇറാനെ ആക്രമിക്കുമെന്ന് നേരത്തേ അറിയാമായിരുന്നെങ്കിലും ആക്രമണത്തിൽ യുഎസിന് പങ്കില്ലെന്ന് ഡോണൾഡ് ട്രംപ് നേരത്തേ വ്യക്‌തമാക്കിയിരുന്നു.
ഇസ്രയേലിന്റെ ആക്രമണം യുദ്ധപ്രഖ്യാപനമാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി പറഞ്ഞു. വിഷയത്തിൽ അടിന്തരമായി ഇടപെടണമെന്ന് അദ്ദേഹം യുഎന്നിനോട് ആവശ്യപ്പെട്ടു.
ഇറാനെതിരെ ‘ഓപ്പറേഷൻ റൈസിങ് ലയൺ’ പ്രഖ്യാപിച്ച് നെതന്യാഹു. ആണവ പ്ലാന്റുകളിൽ ഇസ്രയേൽ വ്യോമാക്രമണം.