മലങ്കര സഭാ തര്‍ക്കത്തില്‍ സുപ്രധാന നിര്‍ദേശവുമായി സുപ്രീംകോടതി. 2017 -ല്‍ കെ.എസ് വര്‍ഗീസ് കേസില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി നടപ്പാക്കുന്നതിനുള്ള നടപടിക്രമം സമര്‍പ്പിക്കാനാണ് സംസ്ഥാന സര്‍ക്കാരിനോട് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് നിര്‍ദേശിച്ചത്. ഓർത്തഡോക്സ് യാക്കോബായ പള്ളിത്തര്‍ക്ക വിഷയത്തില്‍ ഉള്‍പ്പെട്ട എറണാകുളം, പാലക്കാട് ജില്ലകളിലെ ആറ് പള്ളികളുടെ ഭരണം ഏറ്റെടുക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിന് കേരള ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെ കോടതി അലക്ഷ്യ നടപടി ആരംഭിച്ചിരുന്നു. ഹൈക്കോടതിയുടെ കോടതിയ ലക്ഷ്യ നടപടി ചോദ്യം ചെയ്ത് ഉദ്യോഗസ്ഥര്‍ നല്‍കിയ ഹർജി പരിഗണിക്കവെയാണ് 2017 -ലെ വിധി നടപ്പാക്കുന്നതിനുള്ള നടപടിക്രമം സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്. മലങ്കര സഭയ്ക്കു കീഴിലുള്ള എല്ലാ പള്ളികളും 1934 ലെ ഭരണഘടന അനുസരിച്ചു വേണം ഭരണം നടത്തേണ്ടതെന്ന് ആയിരുന്നു 2017 ലെ സുപ്രീംകോടതി വിധി.
ഉദ്യോഗസ്ഥരോട് ഈ മാസം 29-ന് നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് സുപ്രീം കോടതി ഉദ്യോഗസ്ഥര്‍ക്ക് ഇളവ് അനുവദിച്ചു. ഉദ്യോഗസ്ഥര്‍ നല്‍കിയ ഹര്‍ജി ഡിസംബര്‍ മൂന്നിന് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍, സ്റ്റാന്റിംഗ് കോണ്‍സല്‍ സി.കെ ശശി, അഭിഭാഷക മീന കെ പൗലോസ് എന്നിവര്‍ ഹാജരായി. ഓര്‍ത്തഡോക്‌സ് സഭയ്ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകരായ കെ കെ വേണുഗോപാല്‍, സി.യു സിംഗ്, കൃഷ്ണന്‍ വേണുഗോപാല്‍, അഭിഭാഷകന്‍ ഇ.എം എസ് അനാം എന്നിവര്‍ ഹാജരായി. യാക്കോബായ സഭയ്ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ രഞ്ജിത്ത് കുമാര്‍, അഭിഭാഷകന്‍ എ രഘുനാഥ് എന്നിവരാണ് ഹാജരായത്.