തിരുവനന്തപുരം: മയക്കുമരുന്നിനെതിരായ ഓപ്പറേഷൻ ഡി ഹണ്ടിലൂടെ സംസ്ഥാനത്ത് ഒരാഴ്ചക്കിടെ 2854 പേരെ അറസ്റ്റ് ചെയ്തു. ഫെബ്രുവരി 22 മുതൽ നടത്തിയ പരിശോധനയിലാണ് ഒന്നര കിലോ എംഡിഎംഎയും 154 കിലോ കഞ്ചാവും കണ്ടെത്തുകയും പ്രതികളെ പിടികൂടുകയും ചെയ്തത്. സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശപ്രകാരം എഡിജിപി മനോജ് എബ്രാഹാമിന്റെ നേതൃത്വത്തിലാണ് ഓപ്പറേഷൻ ഡി-ഹണ്ടെന്ന പേരിൽ സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്.
മയക്കുമരുന്ന് ഇടപാടുകളെ അടിച്ചമർത്താൻ പൊലീസ് കർശന നടപടികൾ തുടരുമെന്നും, ക്രമസമാധാന വിഭാഗം എഡിജിപിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ആൻറി-നർക്കോട്ടിക് ഇൻറലിജൻസ് സെൽ, എൻഡിപിഎസ് കോർഡിനേഷൻ സെൽ എന്നിവയുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പൊലീസ് വ്യക്തമാക്കി.
ഓപ്പറേഷന്റെ ഭാഗമായി പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നവ :
- 1.312 കി.ഗ്രാം എംഡിഎംഎ
- 153.56 കി.ഗ്രാം കഞ്ചാവ്
- 18.15 ഗ്രാം ഹാഷിഷ് ഓയിൽ
- 1.855 ഗ്രാം ബ്രൗൺ ഷുഗർ
- 48 നൈട്രോസെപാം ഗുളികകൾ
- 54 അൽപ്രസോലം ഗുളികകൾ
- 13.06 ഗ്രാം ഹെറോയിൻ
മയക്കുമരുന്ന് നെറ്റ് വർക്കിനെ തകർക്കാനായി സ്ഥിരമായി മയക്കുമരുന്ന് വ്യാപാരത്തിൽ ഏർപ്പെട്ടവരുടെ ഡേറ്റാബേസ് തയ്യാറാക്കൽ, ജയിൽ ശിക്ഷ അനുഭവിച്ചവരെയും അവരുടെ ബന്ധങ്ങളെയും നിരീക്ഷിക്കൽ എന്നിവ ചെയ്യുന്നുണ്ട്. 24 മണിക്കൂർ പ്രവർത്തിക്കുന്ന ആൻറി-നർക്കോട്ടിക് കൺട്രോൾ റൂം നമ്പറും നൽകിയിട്ടുണ്ട് (9497927797) ,ഇതിലേക്ക് നൽകപ്പെടുന്ന വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും എന്നും പോലീസ് അറിയിച്ചു.