Thursday, July 31, 2025
Mantis Partners Sydney
Home » മദ്യലഹരിയിൽ ഓടിച്ച ലോറി കയറി 5 മരണം
മദ്യലഹരിയിൽ ഓടിച്ച ലോറി കയറി 5 മരണം

മദ്യലഹരിയിൽ ഓടിച്ച ലോറി കയറി 5 മരണം

by Editor

തൃശൂർ: തൃശൂർ നാട്ടികയിൽ തടി കയറ്റി വന്ന ലോറി ഉറങ്ങിക്കിടന്നവരിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറി 5 പേർക്ക് ദാരുണാന്ത്യം. നാടോടികളാണ് മരിച്ചത്. 2കുട്ടികൾ ഉൾപ്പടെ 5 പേരാണ് മരിച്ചത്. ഡ്രൈവറും ക്ലീനറും മദ്യ ലഹരിയിൽ ആയിരുന്നു. ഡ്രൈവർ‌ക്ക് പകരം വണ്ടിയോടിച്ചിരുന്ന ക്ലീനർക്ക് ലൈസൻസും ഇല്ലായിരുന്നു. കണ്ണൂരില്‍ നിന്നും പെരുമ്പാവൂരിലേക്ക് തടി കയറ്റിവന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. ലോറിയും ഡ്രൈവറും ക്ലീനറും പോലീസ് കസ്റ്റഡിയിലാണ്.

നാട്ടിക നാഷണല്‍ ഹൈവേ 66 ല്‍ ജെ.കെ സെന്ററിനു സമീപം ഇന്നലെ (നവംബര്‍ 26) പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തില്‍ പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്കിലെ മുതലമട വില്ലേജില്‍ മീന്‍കര ഡാമിന് സമീപം ചമ്മണാംതോട് നിവാസികളായ 5 പേരാണ് മരണപ്പെട്ടത്. 6 പേര്‍ ചികിത്സയിലാണ്. കാളിയപ്പന്‍ (50 വയസ്സ്), നാഗമ്മ (39 വയസ്സ്), ബംഗാരി (20 വയസ്സ്), ജീവന്‍ (4 വയസ്സ്), വിശ്വ (1 വയസ്സ്) എന്നിവരാണ് മരിച്ചത്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജാന്‍സി (24), ചിത്ര (24), ദേവേന്ദ്രന്‍ (27) എന്നിവരും പരിക്കേറ്റ ശിവാനി (4), വിജയ് (23), രമേഷ് (23) എന്നിവരും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. മരണപ്പെട്ടവരില്‍ നാഗമ്മ, വിശ്വ എന്നിവരുടെ മൃദേഹങ്ങള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും കാളിയപ്പന്‍, ജീവന്‍, ബംഗാരി എന്നിവരുടെ മൃതദേഹങ്ങള്‍ തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി സ്വദേശത്തേക്ക് കൊണ്ടുപോയി.

ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ള ജില്ലാഭരണകൂടം സംഭവം നടന്നതു മുതല്‍ ആംബുലന്‍സില്‍ മൃതദേഹം സ്വദേശത്തേക്ക് അയക്കുന്നതുവരെയുള്ള കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കി. മൃതദേഹങ്ങള്‍ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനായി ഫ്രീസര്‍ സൗകര്യമുള്ള ആംബലന്‍സും ബന്ധുക്കള്‍ക്ക് നാട്ടിലേക്ക് പോകുന്നതിനായി പ്രത്യേകമായി കെഎസ്ആര്‍ടിസി ബസും സജ്ജീകരിച്ചിരുന്നു. പാലക്കാട്ടേക്ക് പോയ ആംബുലന്‍സിനോടൊപ്പം റവന്യു സംഘവും പൊലീസ് സംഘവും അനുഗമിച്ചു.

നാട്ടികയില്‍ അഞ്ച് പേരുടെ ജീവനെടുത്ത ലോറി അപകടത്തില്‍ കടുത്ത നടപടിയുണ്ടാകുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ പറഞ്ഞു. നാട്ടിക അപകടം ദൗർഭാഗ്യകരമായ സംഭവമാണ്. ഗതാഗത കമീഷണറുടെ പ്രാഥമിക റിപ്പോർട്ട് കിട്ടി. മദ്യ ലഹരിയിലാണ് ക്ലീനർ വണ്ടി ഓടിച്ചത്. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. വാഹനത്തിന്‍റെ രജിസ്ട്രേഷനും സസ്പെൻഡ് ചെയ്യും. തുടർന്ന് രജിസ്ട്രേഷൻ റദ്ദാക്കുന്നതിനുള്ള നടപടികൾ എടുക്കുമെന്നും മന്ത്രി പറഞ്ഞു. മദ്യപിച്ച് വണ്ടിയോടിച്ചാലും ട്രാഫിക് നിയമങ്ങൾ ലംഘിച്ചാലും കർശന നടപടിയുണ്ടാകും. ട്രക്കുകൾ ഓടിക്കുന്നവരെ കേന്ദ്രീകരിച്ചും, ലേൻ ട്രാഫിക് ലംഘിക്കുന്നതും പരിശോധിക്കും. റോഡരികിൽ ആളുകൾ കിടക്കുന്നുണ്ടെങ്കിൽ അവരെ മാറ്റാനും പൊലീസിനോട് അഭ്യർത്ഥിക്കുമെന്നും മന്ത്രി പറഞ്ഞു.

Send your news and Advertisements

You may also like

error: Content is protected !!