നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമർശം നടത്തിയതിന് റിമാൻഡിൽക്കഴിയുന്ന ബോബി ചെമ്മണ്ണൂരിന് ജാമ്യ അനുവദിക്കാമെന്ന് ഹൈക്കോടതി. മറ്റുള്ളവരെക്കുറിച്ച് പരാമർശം നടത്തുമ്പോൾ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് കോടതി പറഞ്ഞു. ബോഡി ഷെയിമിങ് സമൂഹത്തിന് സ്വീകാര്യമല്ല. ബോബി ചെമ്മണ്ണൂർ നടത്തിയത് ദ്വയാർഥ പ്രയോഗമാണെന്ന് വിലയിരുത്തിയ കോടതി ഇത്തരം പരാമർശങ്ങൾ നടത്തുന്നവർക്കുളള താക്കീതാണ് പ്രോസിക്യൂഷൻ നടപടികളെന്നും നിരീക്ഷിച്ചു.
50,000 രൂപയുടെ ബോണ്ടിലും തത്തുല്യ ആൾ ജാമ്യത്തിലുമാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സമാനമായ കുറ്റകൃത്യങ്ങൾ ആവർത്തിക്കരുതെന്നും കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യവസ്ഥകൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കുമെന്നും കോടതി വ്യക്തമാക്കി. അന്വേഷണവുമായി സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും കോടതി നിർദ്ദേശിച്ചു.
ബോബി ചെമ്മണ്ണൂരിനെതിരായ നടപടി ഒരുപാട് പേർക്ക് പാഠമായിട്ടുണ്ടെന്നാണ് കരുതുന്നതെന്ന് ജസ്റ്റീസ് പി വി കുഞ്ഞികൃഷ്ണൻ നിരീക്ഷിച്ചു. സ്ഥിരമായി അധിക്ഷേപ പരാമർശങ്ങൾ നടത്തുന്നയാളാണ് പ്രതിയെന്നും സ്ത്രീത്വത്തെ അപമാനിക്കുകയാണെന്നും സർക്കാർ അറിയിച്ചു. ഇത്തരക്കാർക്കെല്ലാംമുളള മറുപടിയാണ് ഈ കേസ്. ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടില്ലെന്നും ഗുരുതരമായ കുറ്റങ്ങളല്ല ചുമത്തിയിരിക്കുന്നതെന്നും പ്രതിഭാഗം അറിയിച്ചു.
വേഷത്തിലൂടെയോ രൂപത്തിലൂടെയോ ഒരാൾ സ്ത്രീയെ വിലയിരുത്തുമ്പോൾ വിലയിരുത്തപ്പെടുന്നത് സ്ത്രീയല്ല സ്വയം അയാൾ തന്നെയാണെന്നാണ് വിധിയിൽ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കേസ് നിലനില്‍ക്കില്ലെന്ന വാദം അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും മറ്റുള്ളവരെ കുറിച്ച് അഭിപ്രായം പറയുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും ഉത്തരവിൽ പരാമർശമുണ്ട്. ജാമ്യ ഉത്തരവ് ഇറങ്ങിയതോടെ ബോച്ചെ ഇന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങുമെന്നാണ് സൂചന. ഉത്തരവ് ജയിലിൽ ഹാജരാക്കി നടപടികൾ പൂർത്തിയാക്കിയ ശേഷം മാത്രമായിരിക്കും പുറത്തിറങ്ങാനാകുക.