തിരുവനന്തപുരം: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ ജയിലിലായ ബോബി ചെമ്മണ്ണൂരിന് വഴിവിട്ട രീതിയിൽ സഹായം ചെയ്ത സംഭവത്തിൽ മധ്യമേഖലാ ജയിൽ ഡിഐജി പി അജയകുമാർ, എറണാകുളം ജയിൽ സൂപ്രണ്ട് രാജു എബ്രഹാം എന്നിവരെ സസ്പെൻഡ് ചെയ്തു. ബോബി ചെമ്മണൂർ കഴിഞ്ഞിരുന്ന കാക്കനാട് ജില്ലാ ജയിലിൽ അദ്ദേഹത്തിന് വിഐപി പരിഗണന നൽകിയതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജയിൽ ആസ്ഥാനത്തെ ഡിഐജി എം.കെ.വിനോദ് കുമാർ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതുപ്രകാരം ജയിൽ എഡിജിപി ബൽറാം കുമാർ ഉപാധ്യായ നൽകിയ റിപ്പോർട്ടിലെ ശുപാർശ പരിഗണിച്ചാണ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ സസ്പെൻഷൻ ഉത്തരവിറക്കിയത്. ഇരുവരെയും അന്വേഷണ വിധേയമായാണ് സസ്പെൻഡ് ചെയ്തത്.
റിമാൻഡിൽ കഴിയവേ ബോബി ചെമ്മണ്ണൂരിന്‍റെ സുഹൃത്തുക്കളുമായി മധ്യമേഖല ഡിഐജി ജയിലിലെത്തി സൂപ്രണ്ടിന്ർറെ മുറിയിൽ കൂടിക്കാഴ്ചയക്ക് അവസരം നൽകിയെന്നാണ് ജയിൽ മേധാവിയുടെ കണ്ടെത്തൽ. ജയിൽ ചട്ടങ്ങൾ ലംഘിച്ചുള്ള നടപടിയായതിനാണ് കടുത്ത അച്ചടക്ക നടപടിയിലേക്ക് കടന്നത്. ജയിൽ സൂപ്രണ്ടിന്റെ മുറിയിലായിരുന്നു കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത്. തൃശൂർ സ്വദേശികളാണ് ബോബിയെ കാണാനെത്തിയത്. ജയിൽ സൂപ്രണ്ട് ഒഴികെയുള്ള ഉദ്യോഗസ്ഥരെല്ലാം ജയിൽ ഡിഐജിക്കെതിരെ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. ബോബി ചെമ്മണ്ണൂരിനെ വിളിച്ചു വരുത്തുകയും ജയിലിലെ പ്രോപ്പർട്ടി രജിസ്റ്ററിൽ തിരുത്തൽ വരുത്തുകയും ചെയ്തു എന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.