കൊച്ചി: ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച ‘രേഖാചിത്രം’ 2025 ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ലിസ്റ്റിൽ. 50 കോടിയാണ് ഇതുവരെ ചിത്രം നേടിയത്. റിലീസ് ചെയ്ത് പതിമൂന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ ആണ് ഈ നേട്ടം. സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് ഈ വാർത്ത സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം ആസിഫ് അലിയുടെ കരിയറിലെ രണ്ടാമത്തെ 50 കോടി നേട്ടമാണ് രേഖാചിത്രം. കേരളത്തിൽ മാത്രമല്ല ചെന്നൈ, ബാംഗ്ലൂർ പ്രദേശങ്ങളിലും മികച്ച പ്രതികരണമാണ് രേഖാചിത്രത്തിന് ലഭിച്ചത്. വിദേശങ്ങളിലും കഴിഞ്ഞ ആഴ്ച പ്രദർശനത്തിനെത്തിയിരുന്നു.
‘ഞങ്ങൾ സ്വപ്നം കണ്ടതും അതിലേറെയും ഇതാണ്. നിങ്ങളുടെ പിന്തുണയ്ക്കും സ്നേഹത്തിനും എല്ലാവർക്കും നന്ദി’, എന്ന ക്യാപ്ഷനോടെയാണ് ആസിഫ് അലി ഈ വാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ചിത്രത്തിൻ്റെ തിരക്കഥക്കും ആസിഫ് അലിയുടെ പ്രകടനത്തിനും വലിയ കൈയ്യടിയാണ് ലഭിക്കുന്നത്. ദുൽഖർ സൽമാൻ, വിനീത് ശ്രീനിവാസൻ, കീർത്തി സുരേഷ് എന്നിവർ ചിത്രത്തെ പുകഴ്ത്തി പോസ്റ്റുമായി എത്തിയിരുന്നു.
പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തിരക്കഥയാണ് ചിത്രത്തിന്റെ മറ്റൊരു വിജയ ഘടകം. ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥയ്‌ക്ക് ജോൺ മന്ത്രിക്കലാണ് തിരക്കഥ തയ്യാറാക്കിയത്. ജോഫിൻ ടി ചാക്കോയുടെ സംവിധാന മികവും അപ്പു പ്രഭാകറിന്റെ ഛായാഗ്രഹണവും മുജീബ് മജീദിന്റെ സംഗീതവും ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, നിഷാന്ത് സാഗർ, പ്രേം പ്രകാശ്, സുധി കോപ്പ,നന്ദു, വിജയ് മേനോൻ, ഷാജു ശ്രീധർ, മേഘ തോമസ്, സെറിൻ ശിഹാബ്, സലീമ, പ്രിയങ്ക നായർ, പൗളി വിൽസൺ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.