കാബൂൾ: ചാവേർ സ്ഫോടനത്തിൽ താലിബാന്റെ അഭയാർത്ഥികാര്യ മന്ത്രി ഖലീൽ ഉർ-റഹ്മാൻ ഹഖാനി കൊല്ലപ്പെട്ടു. ബുധനാഴ്ച അഭയാർഥി കാര്യ മന്ത്രാലയ വളപ്പിലായിരുന്നു സ്ഫോടനം. അഫ്ഗാനിലെ പ്രബല തീവ്രവാദ സംഘടനകളിലൊന്നായ ഹഖാനി നെറ്റ്‍വർക്കിന്റെ സ്ഥാപകൻ ജലാലുദീൻ ഹഖാനിയുടെ സഹോദരനായ ഖലീൽ ഹഖാനി, താലിബാനെ വീണ്ടും അധികാരത്തിലെത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചവരിലൊരാളാണ്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
സുന്നി ഇസ്ലാമിസ്റ്റ് ഭീകരസംഘടനയായ ഹഖാനി നെറ്റ് വർക്കിലെ പ്രധാനിയാണ് ഖലീൽ ഉർ-റഹ്മാൻ ഹഖാനി. താലിബാനുമായി അടുത്ത ബന്ധം പുലർത്തുന്ന ഭീകരസംഘടനയുടെ സ്ഥാപകൻ ജലാലുദ്ദീൻ ഹഖാനിയുടെ സഹോദരനും ഇപ്പോഴത്തെ ആഭ്യന്തരമന്ത്രി സിറാജുദ്ദീൻ ഹഖാനിയുടെ പിതൃസഹോദരനുമായിരുന്നു കൊല്ലപ്പെട്ട മന്ത്രി. 1990-കളുടെ മധ്യത്തിൽ ഖലീൽ ഹഖാനി താലിബാനിൽ ചേർന്നു. താലിബാന് വേണ്ടി അന്താരാഷ്‌ട്രതലത്തിൽ ധനസമാഹരണം നടത്തിയത് ഖലീൽ ഹനാനിയായിരുന്നു. 2021-ൽ താലിബാൻ അഫ്ഗാൻ പിടിച്ചെടുത്തതോടെ ഖലീൽ ഹലാനി തലിബാൻ സർക്കാരിൽ മന്ത്രിയായി.



