ബെംഗളൂരു: ബഹിരാകാശത്ത് വീണ്ടും നിർണായക പരീക്ഷണവുമായി ഐഎസ്ആർഒ. മറ്റൊരു യന്ത്രക്കൈ പരീക്ഷണം കൂടി നടത്തി. ബഹിരാകാശത്ത് വസ്തുക്കൾ ശേഖരിക്കുന്ന റോബോട്ടിക് പരീക്ഷണം വിജയകരമായെന്ന് ഐഎസ്ആർഒ പറഞ്ഞു. തിരുവനന്തപുരം വിഎസ്എസ്‍സി നിർമ്മിച്ച ഡെബ്രിസ് ക്യാപ്ച്ചർ റോബോട്ടിക് മാനിപ്പുലേറ്റർ പരീക്ഷണത്തിന്റെ വീഡിയോ ഐഎസ്ആർഒ പുറത്തുവിട്ടു (https://x.com/isro). ബഹിരാകാശത്ത് ഒഴുകി നടക്കുന്ന ഉപഗ്രഹ ഭാഗങ്ങളടക്കമുള്ള മാലിന്യം പിടിച്ചെടുക്കാൻ കെൽപ്പുള്ള റോബോട്ടാണിത്. ഭാവിയിൽ ബഹിരാകാശത്ത് വച്ച് തന്നെ ഉപഗ്രഹങ്ങളിൽ വീണ്ടും ഇന്ധനം നിറയ്ക്കുന്നത് അടക്കമുള്ള പരീക്ഷണങ്ങൾക്കും ഈ യന്ത്രക്കൈ പ്രയോജനപ്പെടും.
ഇന്ത്യയുടെ രണ്ടാമത്തെ റോബോട്ടിക് പരീക്ഷണമാണിത്. നടക്കുന്ന റോബോട്ടിന്റെ പ്രവർത്തനവും ഐഎസ്ആർഒ പരീക്ഷിച്ചിരുന്നു. രണ്ട് റോബോട്ടുകളും സ്‌പെയ്‌ഡെക്‌സ് ദൗത്യത്തിന്റെ ഭാഗമായുള്ള പിഎസ്എൽവി സി – 60 പേടകത്തിലാണ് ബഹിരാകാശത്തെത്തിയത്. സ്പേഡെക്സ് ഉപഗ്രഹങ്ങളെ വിക്ഷേപിച്ച പിഎസ്എൽവി സി 60 റോക്കറ്റിന്റെ നാലാം ഘട്ടത്തെ ഒരു താൽക്കാലിക ഉപഗ്രഹമായി ബഹിരാകാശത്ത് നിലനിർത്തിയിട്ടുണ്ട്. അതിൽ വച്ചായിരുന്നു ഈ റോബോട്ടിന്റെ പരീക്ഷണവും. തിരുവനന്തപുരം ഐഐഎസ്‍യു നിർമ്മിച്ച നടക്കും റോബോട്ടിന്റെ പരീക്ഷണവും ഇതിൽ വച്ചായിരുന്നു.
നേരത്തെ വിത്തുമുളപ്പിൽ ദൗത്യം വിജയിച്ചതും ഐഎസ്ആർഒ പുറത്തുവിട്ടിരുന്നു. ഗുരുത്വാകർഷണബലം ഇല്ലാത്ത ബഹിരാകാശത്ത് നാല് ദിവസം കൊണ്ട് പയർ വിത്ത് മുളപ്പിച്ച് ഇസ്രോ പുതുചരിത്രമെഴുതിയിരുന്നു. ഇതിന് പിന്നാലെ ഇലകൾ കിളർത്ത വാർത്തയാണ് ഐഎസ്ആർഒ പുറത്തുവിടുന്നത്. ഐഎസ്ആര്‍ഒ സ്പേഡെക്സ് ദൗത്യത്തിനൊപ്പം 2024 ഡിസംബര്‍ 30-ന് വിക്ഷേപിച്ച പിഎസ്‌എല്‍വി-സി60 റോക്കറ്റിലെ ഓര്‍ബിറ്റല്‍ എക്‌സ്‌പിരിമെന്‍റല്‍ മൊഡ്യൂള്‍ അഥവാ പോയം-4-ല്‍ ഘടിപ്പിച്ചിരുന്ന പേലോഡുകളില്‍ ഒന്നിലായിരുന്നു എട്ട് പയര്‍വിത്തുകളുണ്ടായിരുന്നത്. തിരുവനന്തപുരത്തെ വിക്രം സാരാഭായി സ്പേസ് സെന്‍ററാണ് (വിഎസ്എസ്‌സി) ഈ ക്രോപ്‌സ് പേലോഡ് (CROPS payload- Compact Research Module for Orbital Plant Studies) നിര്‍മിച്ചത്.
മൈക്രോഗ്രാവിറ്റിയില്‍ എങ്ങനെയാണ് സസ്യങ്ങള്‍ വളരുക എന്ന് പഠിക്കാനായായിരുന്നു ഇസ്രൊയുടെ പരീക്ഷണം. ബഹിരാകാശത്തേക്ക് അയച്ച് നാലാംദിനം ഈ വിത്തുകള്‍ മുളച്ചതായി ആദ്യ സന്തോഷ വാര്‍ത്ത ഇസ്രൊ 2025 ജനുവരി 4-ന് അറിയിച്ചിരുന്നു. പയര്‍വിത്തുകള്‍ക്ക് ഇലകള്‍ വിരിഞ്ഞു എന്നാണ് ജനുവരി ആറിന് ഐഎസ്ആര്‍ഒയുടെ പുതിയ അറിയിപ്പ് വന്നത്. ലോകമെങ്ങുമുള്ള ബഹിരാകാശ ശാസ്ത്രജ്ഞര്‍ക്കും ശാസ്ത്രഗവേഷകർക്കും ആവേശം പകരുന്ന വാര്‍ത്ത കൂടിയാണിത്. ചെടിയുടെ വളർച്ച ഓരോ നിമിഷവും സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും വിശകലനം ചെയ്യുന്നതിനുമായി അത്യാധുനിക സാങ്കേതികവിദ്യകളാണ് ക്രോപ്സ് മൊഡ്യൂളിൽ ഉപയോഗിച്ചിരിക്കുന്നത്. ബഹിരാകാശ പഠന രംഗത്ത് ഇന്ത്യക്ക് മറ്റൊരു അഭിമാന നിമിഷമാണിത്.
ചൊവ്വാഴ്ച നടക്കേണ്ടിരുന്ന സ്‌പെയ്‌ഡെക്‌സിന്റെ ഡോക്കിംഗ് പരീക്ഷണം വ്യാഴാഴ്ചയിലേക്ക് മാറ്റിയിരുന്നു. ബഹിരാകാശ പേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തിൽ വച്ച് കൂട്ടിയോജിപ്പിക്കുന്ന ദൗത്യമാണിത്.