വെഞ്ഞാറമൂട്: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പുതിയ വെളിപ്പെടുത്തലുമായി പ്രതി അഫാൻ. തനിക്ക് ഫർസാനയോട് പ്രണയമല്ല, കടുത്ത പകയാണ് ഉണ്ടായിരുന്നതെന്നാണ് അഫാന്റെ പുതിയ വെളിപ്പെടുത്തൽ. ഫർസാന നൽകിയ മാല തിരികെ ചോദിച്ചതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് അഫാൻ മൊഴി നൽകി.
അഫാന് മാല നൽകിയ വിവരം ഫർസാനയുടെ വീട്ടിൽ അറിഞ്ഞിരുന്നു. മാല തിരികെ നൽകാൻ ഫർസാന സമ്മർദ്ദം ചെലുത്തി. ഇതാണ് കടുത്ത പക തോന്നാൻ കാരണമായത്. അന്ന് രാത്രിയിൽ വിപുലമായ ആസൂത്രണത്തോടെ ഫർസാനയെ തന്റെ വീട്ടിലേക്ക് എത്തിച്ചു. മാതാവ് ഷെമിക്ക് ആരോഗ്യപ്രശ്നമുണ്ടെന്നു പറഞ്ഞാണ് ഫർസാനയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. കൊലപാതകത്തിന് മുമ്പ് ഒരു കടയിൽ നിന്ന് അഫാൻ മുളക് പൊടി വാങ്ങിയിരുന്നു. പ്രതിരോധിക്കാൻ വരുന്നവരെ ആക്രമിക്കാൻ ഇത് ഉപയോഗിക്കാനായിരുന്നു പദ്ധതി. അതേസമയം, ഫർസാനയുടെ സ്വർണ്ണമാല തിരിച്ചു വാങ്ങാൻ പിതാവിന്റെ കാർ പണയം വെച്ചതായും പൊലീസിനോട് അഫാൻ മൊഴിനൽകി.
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ കസ്റ്റഡി കാലാവധി കഴിഞ്ഞതോടെ തെളിവെടുപ്പ് പൂർത്തിയാക്കി തിരികെ ജയിലിൽ എത്തിച്ചു. അഫാന്റെ പിതൃമാതാവ് സൽമാബീവിയുടെ കൊലപാതകത്തിൽ പാങ്ങോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ തെളിവെടുപ്പാണ് കഴിഞ്ഞ രണ്ട് ദിവസമായി നടന്നത്. അഫാൻ ചുറ്റിക വാങ്ങിയ കട, സൽമാബീവിയുടെ മാല പണയം വച്ച സ്ഥാപനം, ചുറ്റിക വയ്ക്കാൻ ബാഗ് വാങ്ങിയ കട, പണം നിക്ഷേപിച്ച എ.ടി. എം എന്നിവിടങ്ങളിലും തെളിവെടുപ്പ് നടത്തിയിരുന്നു. തെളിവെടുപ്പിനെത്തിച്ച സ്ഥലത്തെല്ലാം വൻ ജനക്കൂട്ടമുണ്ടായിരുന്നതിനാൽ വൻ പൊലീസ് സുരക്ഷയിലാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്. അഫാന്റെ കസ്റ്റഡി കാലാവധി ഇന്നലെ അവസാനിച്ചതിനാൽ ഉച്ചയോടെ നെടുമങ്ങാട് മജിസ്‌ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കി. പ്രതിയുടെ പിതൃ സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിൽ വെഞ്ഞാറമൂട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ കസ്റ്റഡി അപേക്ഷ കോടതി സ്വീകരിച്ചിട്ടുണ്ട്.