Saturday, November 29, 2025
Mantis Partners Sydney
Home » പ്രിയപ്പെട്ട എം.ടി, അങ്ങേയ്ക്ക് ഇത്രമാത്രം
പ്രിയപ്പെട്ട എം.ടി, അങ്ങേയ്ക്ക് ഇത്രമാത്രം

പ്രിയപ്പെട്ട എം.ടി, അങ്ങേയ്ക്ക് ഇത്രമാത്രം

by Editor

പ്രിയപ്പെട്ട എം ടി… അങ്ങ് കാലത്തിന്‍റെ യവനികയക്ക് പിന്നിലേയ്ക്ക് മറയുമ്പോള്‍ ഈ വായനക്കാരന് സമര്‍പ്പിക്കാന്‍ ഇത് മാത്രമേയുള്ളു…സ്വീകരിച്ചാലും…

”ആരാണ് എന്നെ വരിഞ്ഞുകെട്ടി കയത്തിലിട്ടത് എന്ന ചോദ്യത്തിന് ‘ശത്രു’ എന്നുമാത്രം പറഞ്ഞപ്പോൾ അയാൾ ഉപദേശിച്ചു. ‘ശത്രുവിനോടു ദയ കാട്ടരുത്. ദയയിൽ നിന്ന് കൂടുതൽ കരുത്ത് നേടിയ ശത്രു വീണ്ടും നേരിടുമ്പോൾ അജയ്യനാവും. അതാണ് ഞങ്ങളുടെ നിയമം. മൃഗത്തെ വിട്ടുകളയാം. മനുഷ്യന് രണ്ടാമതൊരവസരം കൊടുക്കരുത്” (രണ്ടാമൂഴം)

രണ്ടാമൂഴം ഇത് എത്രാം തവണയാണ് വായിക്കുന്നത് പത്തോ അതോ പതിനൊന്നോ… ഒരോ തവണ വായിക്കുമ്പോളും എം ടി അതോ ഭീമനോ അല്ലെങ്കില്‍ ഇവര്‍ രണ്ട് പേരുമോ എന്നേ ജീവിതമെന്ന മഹാ സമുദ്രത്തിലേയ്ക്ക് മുക്കിയെടുത്ത് പുതു സ്നാനം ചെയ്യിക്കുന്നു. കണ്ടാൽ തീരാത്ത കാഴ്ചകളുടെയും, കേട്ടാൽ തീരാത്ത അർത്ഥങ്ങളുടെയും നിലക്കാത്ത ഒരു ലോകത്തേക്ക് എന്നെ കൂട്ടികൊണ്ടുപോകുന്നു.
ജീവിതത്തില്‍ അനുഭവിക്കേണ്ടുന്ന ഉയർച്ച താഴ്ചകളും, അഹങ്കാര അപമാനങ്ങളും നേര്‍ക്കാഴചകളാണ് എനിക്ക് ഇതിലെ ഓരോ അക്ഷരങ്ങളും.

മഹാഭാരതത്തിലെ അത്ര തിളക്കമുള്ള കഥാപാത്രങ്ങളില്‍ ഒന്നല്ല ഭീമന്‍. പാണ്ഡവരില്‍ രണ്ടാമന്‍. ധര്‍മ ചിന്തയുമായി യുധിഷ്ഠിരന്‍, തിളങ്ങുന്ന വില്ലുമായി അര്‍ജുനന്‍, വില്ലനില്‍ വില്ലനായ സുയോധനന്‍, ചാതുരിയും മിഴിവുമായി കൃഷ്ണന്‍, പിന്നെ സൗന്ദര്യവും ശോഭയുമായി ദ്രൗപദിയും. അവര്‍ എല്ലാം അരങ്ങു അടക്കി വാഴുമ്പോള്‍ പിറകില്‍ ആക്കപ്പെട്ട ഭീമന്റെ കണ്ണീരാണ് ഈ കഥ. അതിശക്തനും ലളിത ചിന്താഗതിക്കാരനുമായ ഭീമൻ എന്ന മനുഷ്യന്റെ ചിന്തകളും വികാരങ്ങളും ഭീമന്റെ നിത്യജീവിതത്തിൽ സംഭവിക്കുന്ന സംഭവങ്ങളുമാണ് രണ്ടാമൂഴത്തിന്‍റെ കഥാ തന്തു.

പലപ്പോഴും സഹോദരന്മാരുടെ ചിന്തകൾ ഭീമന് മനസ്സിലാവുന്നില്ല. കാട്ടില്‍ അലയുമ്പോള്‍ ഭീമന്റെ തോളില്‍ കയറിയാണ് പാണ്ഡവര്‍ മുഴുവന്‍ ദൂരങ്ങള്‍ താണ്ടിയത്. രാക്ഷസിയായ ഭാര്യയുടെ ഉദാത്തവും നിസ്സഹായവും ആയ തന്നോടുള്ള ആരാധനയും സ്നേഹവും.. അത് വേണ്ടത്ര തിരിച്ചു നല്‍കിയോ..? താമര പൂവിന്റെ സുഗന്ധമുള്ള മറ്റൊരു സുന്ദരിയോടുള്ള കാമ വൈവശ്യത്താല്‍ അവളെ താന്‍ വേണ്ടത്ര സ്നേഹിച്ചുവോ..? ആരെങ്കിലും ഈ മഹാ ബലവാനെ മനസിലാക്കിയിരുന്നോ?

വായുപുത്രനാണ് എന്ന് വിശ്വസിച്ച് എല്ലാ ആപത്ഘട്ടങ്ങളിലും വായുദേവനെ വിളിച്ചുപോന്ന ഭീമന്റെ പിതൃത്വം കഥാന്ത്യത്തിൽ ചോദ്യം ചെയ്യപ്പെടുന്നു. ശക്തനായ ഒരു മകനെ കിട്ടാൻ വേണ്ടി കാട്ടിൽ നിന്നും ചങ്ങലയഴിഞ്ഞു വന്ന ഒരു കാട്ടാളനെ പ്രാപിക്കേണ്ടി വന്നു എന്ന് കുന്തി ഭീമനോട് പറയുന്നു. വായുപുത്രനെന്ന് അഹങ്കരിച്ചിരുന്ന ഭീമൻ ഒടുവിൽ അവിടെയും തോൽക്കപ്പെടുന്നു. ഒടുവിൽ ഭാരതയുദ്ധത്തിനു ശേഷം മലകയറവേ ഓരോ സഹോദരങ്ങളായി വീണുപോവുന്നു. അവരുടെ പാപങ്ങളാണ് അവരെ വീഴ്ത്തിയതെന്ന യുധിഷ്ഠിരന്റെ വാക്കുവിശ്വസിച്ച് മുന്നോട്ട് നടക്കവേ ദ്രൗപദിയും വീഴുന്നു. ഇതു കണ്ട് ദ്രൗപദിയെ താങ്ങാൻ ഭീമൻ തിരിഞ്ഞുനടക്കുന്നു.

മഹാഭാരതത്തിൽ വളരെ അകലെ കാണപ്പെടുന്ന പല കഥാപാത്രങ്ങളും രണ്ടാമൂഴത്തിൽ വളരെ അടുത്ത് നോക്കികാണാൻ എംടി ശ്രമിക്കുന്നു. ഉദാഹരണത്തിന് വിശോകൻ. ഭീമന്റെ സാരഥിയായ വിശോകനെ മഹാഭാരതത്തിൽ വളരെ ചെറുതായി ആണ് കാണിക്കുന്നത്. രണ്ടാമൂഴത്തിൽ കർണ്ണനെ വധിക്കാൻ കിട്ടിയ അവസരത്തിൽ അത് തന്റെ സഹോദരനാണ് എന്ന് പറഞ്ഞ് പിന്തിരിപ്പിക്കുന്നത് വിശോകനാണ്.

പണ്ടൊരിക്കൽ കുന്തി ദേവിയെ കാണാൻ ചെന്ന വിശോകൻ കർണ്ണനോട് അവൻ തന്റെ മകനാണ്, മൂത്ത പാണ്ഡവനാണ് എന്ന് പറയുന്നത് വിശോകൻ കേട്ടു. കഥാതന്തുവിൽ വളരെ വലിയ മാറ്റം വരുത്തുന്ന ഒരു സംഭവത്തിൽ പ്രധാനപ്പെട്ട കഥാപാത്രമായി മാറുന്നത് വിശോകനാണ്. അതുപോലെ ബലന്ധര, അത്ര പ്രാധാന്യം ഇല്ലാത്ത ഒരു കഥാപാത്രമാണെങ്കിലും ഭീമന്റെ മനസ്സിൽ ബലന്ധരക്ക് പ്രാധാന്യം കല്പിക്കപ്പെടുന്നു.

എം.ടിയുടെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.

”മഹാഭാരതത്തിലെ ചില മാനുഷിക പ്രതിസന്ധികളാണ് എൻ്റെ പ്രമേയം. ആ വഴിയ്ക്കു ചിന്തിക്കാൻ അർത്ഥഗർഭമായ ചില നിശബ്ദതകൾ കഥ പറയുന്നതിനിടയ്ക്ക് കരുതി വച്ച കൃഷ്ണദ്വൈപായനന് പ്രണാമം. ശിഥിലമായ കുടുംബ ബന്ധങ്ങളും അവയ്ക്കിടയിൽ പെട്ട മനുഷ്യരും, എൻ്റെ ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിൽ, മുമ്പ് എനിക്ക് വിഷയമായിട്ടുണ്ട്. കുറേക്കൂടി പഴയ ഒരു കാലഘട്ടത്തിലെ കുടുംബ കഥയാണ് ഞാൻ ഇവിടെ പറയുന്നത് എന്ന വ്യത്യാസമേയുള്ളു ”

പുസ്തകം : രണ്ടാമൂഴം
രചയിതാവ് : എം.ടി.വാസുദേവന്‍ നായര്‍
പ്രസാധനം :കറന്റ് ബുക്സ് തൃശൂര്‍

ജോയിഷ് ജോസ്
+919656935433

Send your news and Advertisements

You may also like

error: Content is protected !!