നിക്കോഷ്യ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സൈപ്രസിന്റെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം. സൈപ്രസ് സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ “ഗ്രാൻ്റ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് മക്കാരിയോസ് III” നൽകി ആദരിച്ചു. സൈപ്രസ് പ്രസിഡൻ്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡ്‌സ് ആണ് പ്രധാനമന്ത്രി മോദിക്ക് അവാർഡ് സമർപ്പിച്ചത്. ഇന്ത്യയും സൈപ്രസും തമ്മിലുള്ള സൗഹൃദത്തിന് ഞാൻ ഇത് സമർപ്പിക്കുന്നു, എന്ന് അവാർഡ് സ്വീകരിച്ച ശേഷം പ്രധാനമന്ത്രി മോദി പറഞ്ഞു.
ഇത് തനിക്കുള്ള പുരസ്‌കാരം മാത്രമല്ലെന്നും 140 കോടി ഇന്ത്യക്കാര്‍ക്കുള്ള ആദരവുകൂടിയാണെന്നും മോദി പ്രതികരിച്ചു. ഇത് ഇന്ത്യക്കാരുടെ ശക്തിക്കും അഭിലാഷങ്ങള്‍ക്കും ഉള്ള ഒരു ആദരവാണ്. ഇന്ത്യയുടെ സംസ്‌കാരം, മൂല്യങ്ങള്‍, ‘ലോകം ഒരു കുടുംബമാണ്’ എന്ന വസുധൈവ കുടുംബകം എന്ന ദര്‍ശനം എന്നിവയ്ക്ക് ലഭിച്ച അംഗീകാരം കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൈപ്രസിന്റെ ആദ്യ പ്രസിഡൻ്റായിരുന്ന ആർച്ച് ബിഷപ്പ് മകാരിയോസ് മൂന്നാമന്റെ പേരിലുള്ള പുരസ്‌കാരമാണ് മോദിക്ക് നൽകിയത്. 1991-മുതലാണ് ഈ പുരസ്കാരം നൽകിത്തുടങ്ങിയത്. സൈപ്രസിനോ അന്താരാഷ്ട്ര സമൂഹത്തിനോ നൽകിയ അസാധാരണമായ സേവനത്തെയും സംഭാവനകളെയും അംഗീകരിക്കുന്നതിന് വേണ്ടിയാണ് പുരസ്‌കാരം സമർപ്പിക്കുന്നത്.
രണ്ടു ദിവസത്തെ സന്ദർശനത്തിനായി സൈപ്രസിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വൻ സ്വീകരണം.