കൊല്ലം: സ്ത്രീധന പീഡനത്തെത്തുടർന്ന് ആയൂർവേദ മെഡിക്കൽ വിദ്യാർത്ഥിനി വിസ്മയ ജീവനൊടുക്കിയ കേസിലെ പ്രതി കിരൺ കുമാറിന് പരോൾ. പൊലീസ് റിപ്പോർട്ട് തള്ളിയാണ് ജയിൽ വകുപ്പ് പരോൾ അനുവദിച്ചത്. ആദ്യം നൽകിയ അപേക്ഷയിൽ പൊലീസ് റിപ്പോർട്ടും പ്രൊബേഷൻ റിപ്പോർട്ടും കിരണിന് എതിരായിരുന്നു. എന്നാൽ രണ്ടാമത് നൽകിയ അപേക്ഷയിൽ പ്രൊബേഷൻ റിപ്പോർട്ട് അനുകൂലമായും പൊലീസ് റിപ്പോർട്ട് പ്രതികൂലമായും വന്നു. പിന്നീട് അപേക്ഷ ജയിൽ മേധാവി പരിഗണിക്കുകയും 30 ദിവസത്തെ പരോൾ അനുവദിക്കുകയായിരുന്നു. കേസിലെ സാക്ഷികളെ കാണാൻ പാടില്ല, വിസ്മയയുടെ വീടിന്റെ പരിസരത്ത് പോകാൻ പാടില്ല തുടങ്ങിയ നിബന്ധനങ്ങളോടെയാണ് പരോൾ.
കേസിൽ പത്ത് വർഷത്തെ തടവാണ് കിരണിന് കൊല്ലം ഒന്നാം അഡിഷണൽ സെഷൻസ് കോടതി 2022 മേയിൽ വിധിച്ചത്. സ്ത്രീധന മരണം, സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, ഉപദ്രവിക്കൽ, ഭീഷണിപ്പെടുത്തൽ, സ്ത്രീധനം ആവശ്യപ്പെടൽ എന്നീ കുറ്റങ്ങൾ കിരണിനെതിരെ തെളിഞ്ഞതോടെയാണ് ശിക്ഷ വിധിച്ചത്. ആത്മഹത്യയിലേക്ക് തള്ളിവിടുകയെന്ന ലക്ഷ്യത്തോടെ കിരൺ വിസ്മയയെ നിരന്തരം പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. നിലമേൽ കൈതോട് കെ കെ എം പി ഹൗസിൽ (സീ വില്ല) കെ. ത്രിവിക്രമൻ നായരുടെയും സജിതയുടെയും മകൾ വിസ്മയ 2021 ജൂൺ 21-നാണു ശാസ്താംകോട്ട പോരുവഴിയിലെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. 2020 മേയ് 30 -നായിരുന്നു പോരുവഴി ശാസ്താനട ചന്ദ്രാലയത്തിൽ കിരൺകുമാറുമായുള്ള വിവാഹം.