തിരുവനന്തപുരം: പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടും പേവിഷബാധ സ്ഥിരീകരിച്ച് എസ്എടി ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഏഴുവയസ്സുകാരി മരിച്ചു. പത്തനാപുരം സ്വദേശിയായ നിയ ഫൈസല്‍ ആണ് മരിച്ചത്. തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൂന്നു ഡോസ് വാക്സിൻ എടുത്തിട്ടും പേവിഷബാധയുണ്ടായതിൽ ആരോഗ്യവകുപ്പിനെതിരേ വിമർശനം ശക്തമാകുന്നതിനിടയിലാണ് കുട്ടിയുടെ മരണം.
കഴിഞ്ഞ ഏപ്രില്‍ എട്ടിനാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക് നായയുടെ കടിയേറ്റത്. ഉടന്‍തന്നെ വീടിനു സമീപത്തെ വിളക്കുടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നു. തുടര്‍ന്ന് ഏപ്രില്‍ 11, 15 തീയതികളിലായി രണ്ടും മൂന്നും ഡോസ് കുത്തിവെപ്പും എടുത്തു. അവസാന ഡോസ് മേയ് ആറിന് എടുക്കാനിരിക്കെയാണ് കുട്ടിക്കു പനി ബാധിച്ചത്. കടിയേറ്റ കൈമുട്ടിന്റെ ഭാഗത്ത് വേദനയും അനുഭവപ്പെട്ടു. തുടര്‍ന്ന് പുനലൂര്‍ താലൂക്കാശുപത്രിയിലും വിദഗ്ധചികിത്സയ്ക്കായി എസ്എടിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
ഒരുമാസത്തിനിടെ സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മരണപ്പെടുന്ന കുട്ടികളുടെ എണ്ണം മൂന്നായി. ഏപ്രിൽ 9-നാണ് പത്തനംതിട്ട പുല്ലാട് സ്വദേശി ഭാഗ്യലക്ഷ്മി (13) പേ വിഷബാധയേറ്റ് മരിക്കുന്നത്. വാക്സിൻ എടുത്തിട്ടും പേവിഷബാധ ഉണ്ടാകുകയായിരുന്നു. ഏപ്രിൽ 29-ന് മലപ്പുറം തേഞ്ഞിപ്പലം സ്വദേശി സിയ ഫാരിസും (6) സമാനമായ പേവിഷ ബാധയേറ്റ് മരിച്ചു. ഈ വർഷം സംസ്ഥാനത്ത് പേവിഷബാധയേറ്റ് മരിച്ചത് 13 പേരെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. അതേസമയം, വാക്സിൻ സുരക്ഷിതമെന്നാണ് ആരോഗ്യവകുപ്പ് ആവർത്തിച്ച് പറയുന്നത്.