പത്തനംതിട്ട: രണ്ടുവർഷമായി പ്രവർത്തനം നിർത്തിയ ആശുപത്രിയുടെ കവാടം കുത്തിപ്പൊളിച്ച് അകത്തുകടന്ന് മോഷണം നടത്തിയ സംഭവത്തിൽ 17 വയസ്സുകാരായ 4 വിദ്യാർഥികളുടെ പേരിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
റാന്നി അങ്ങാടി മേനാംതോട്ടം ക്നാനായ മെഡിക്കൽ മിഷൻ ആശുപത്രിയിലെ സീലിങ് ഫാനുകൾ, ബ്രാസ് ടാപ്പുകൾ, ഫ്രിഡ്ജിന്റെ കംപ്രസ്സർ, ഇലക്ട്രിക്കൽ കേബിളുകൾ എന്നിവ മോഷ്ടിച്ചതായി അഡ്മിനിസ്ട്രേറ്റർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റാന്നി പോലീസിന്റെ നടപടി.
ആശുപത്രിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മോഷണസംഭവം സ്ഥിരീകരിച്ചു. മാതാപിതാക്കളുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യുമ്പോൾ കുട്ടികൾ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. തുടർന്ന് റാന്നി എസ്.ഐ. ആർ. ശ്രീകുമാർ കേസ് രജിസ്റ്റർ ചെയ്തു.
കുട്ടികളെ ജെ.ജെ. ബോർഡിന് മുന്നിൽ ഹാജരാക്കിയ ശേഷം അവരെ മാതാപിതാക്കളുടെ കയ്യിലേൽപ്പിക്കുകയായിരുന്നു. മോഷണത്തിനുപയോഗിച്ച വസ്തുക്കൾ റാന്നി ഇട്ടിയപ്പാറയിലെ ആക്രിക്കടയിൽ നിന്ന് പോലീസ് കണ്ടെത്തി.
റാന്നി ഇൻസ്‌പെക്ടർ ജിബു ജോണിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.