കോട്ടയം: മതവിദ്വേഷ പരാമർശ കേസിൽ പിസി ജോർജിന് ജാമ്യം അനുവദിച്ച് കോടതി. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ റിമാൻഡിൽ കഴിയുന്ന പിസി ജോർജ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്. പിസി ജോർജിൻ്റെ ജാമ്യത്തെ പ്രോസിക്യൂഷൻ എതിർത്തിരുന്നു. എന്നാൽ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
തിങ്കളാഴ്ചയാണു ജോർജ് കോടതിയിൽ കീഴടങ്ങിയത്. തുടർന്ന് കോടതി പി സി ജോർജിനെ റിമാൻഡ് ചെയ്യുകയായിരുന്നു. റിമാൻ്റിലായതിന് പിന്നാലെ ഇസിജി വേരിയേഷനെ തുടർന്ന് പി സി ജോർജിനെ കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോളജി ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. 48 മണിക്കൂർ നിരീക്ഷണമാണ് ഡോക്ടർമാർ നിർദേശിച്ചത്. നിലവിൽ ജോർജിന്‍റെ ആരോഗ്യം തൃപ്തികരമാണ്. ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം ജയിലിലേക്ക് മാറ്റുന്ന കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്താനിരിക്കെയാണ് കോടതി ജാമ്യം അനുവദിച്ചത്.
ചൊവ്വാഴ്ചയാണ് വീണ്ടും ജാമ്യാപേക്ഷ നൽകിയത്. ഇന്നലെ വാദം കേട്ട കോടതി വിധി പറയാൻ ഇന്നത്തേക്കു മാറ്റുകയായിരുന്നു. ആരോഗ്യ കാരണങ്ങളാൽ വിദഗ്ധ ചികിത്സ വേണമെന്നും ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനു കേസുകൾ ഇല്ലെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നും ജോർജിന്റെ അഭിഭാഷകൻ വാദിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയായെന്നും പൊതുപ്രവർത്തകനാകുമ്പോൾ കേസുകൾ കേസുകൾ ഉണ്ടാകുമെന്നും സ്വാഭാവിക ജാമ്യം അനുവദിക്കണമെന്നും ജോർജിന്റെ അഭിഭാഷകൻ വാദിച്ചു. 3 മുതൽ 5 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണു ജോർജ് നടത്തിയതെന്നും ജാമ്യം കൊടുത്താൽ തെറ്റായ സന്ദേശം നൽകുമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. മെഡിക്കൽ കോളജിൽ ജോർജിനു വിദഗ്ധ ചികിത്സ നൽകുന്നുണ്ടെന്നും പ്രോസിക്യൂഷൻ അറിയിച്ചു.
ഈരാറ്റുപേട്ടയിലെ തീവ്രവാദത്തിനെതിരായ നിലപാട് തുടരുമെന്നും ജോർജിന് എതിരെ മുസ്ലിം ലീഗ് തിരിയാൻ കാരണം വഖഫ് ബില്ലിൽ ശക്തമായ നിലപാടെടുത്തതു കൊണ്ടാണെന്നും ഷോൺ ജോർജ് പ്രസ്താവിച്ചു. രാജ്യവിരുദ്ധ ശക്തികൾക്കെതിരെ പിസി ജോർജിന് ശബ്ദിക്കാതിരിക്കാൻ കഴിയില്ലെന്നു പറഞ്ഞ ഷോൺ ജോർജ്ജ് പിസിക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും പറഞ്ഞു.