മലപ്പുറം: തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പി വി അൻവർ നൽകിയ നാമനിർദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. അന്‍വറിന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാം. തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി പി.വി.അൻവർ സമർപ്പിച്ച പത്രികയിൽ പ്രശ്നമുണ്ടെന്ന് വരണാധികാരി അറിയിച്ചു. തൃണമൂൽ കോൺഗ്രസ് പശ്ചിമ ബംഗാളിൽ രജിസ്റ്റർ ചെയ്ത സംസ്ഥാന പാർട്ടിയായതിനാലാണ് അൻവർ നൽകിയ നാമനിർദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയത്. ടിഎംസി ദേശീയ പാർട്ടി അല്ലാത്തതിനാൽ നാമനിർദേശപത്രികയിൽ 10 പേർ ഒപ്പ് ഇടണമായിരുന്നു. അതു ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പത്രിക തള്ളിയത്.
സ്വതന്ത്ര സ്ഥാനാർത്ഥിയായി അൻവർ നൽകിയ നാമനിർദ്ദേശ പത്രിക നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചു. അതിനാൽ തന്നെ അൻവറിന് സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടാണ് നിലമ്പൂരിൽ മത്സരിക്കാൻ കഴിയുക. തൃണമൂൽ കോൺഗ്രസിന്റെ പേരിലും സ്വതന്ത്രനായും രണ്ടു സെറ്റ് പത്രികകളാണ് അൻവർ നൽകിയിരുന്നത്.
പിണറായിസത്തിനെതിരായാണ് പോരാട്ടം. തനിക്കൊപ്പം നിലമ്പൂരുകാർ എന്നും നിൽക്കുമെന്നും ജനങ്ങൾക്ക് എല്ലാം അറിയാമെന്നും അൻവർ പ്രതികരിച്ചു. ജനങ്ങൾ കാത്തിരിക്കുന്നത് വോട്ടു ചെയ്യാനാണെന്നും അൻവർ ചൂണ്ടിക്കാണിച്ചു. അതിനാൽ പി വി അൻവർ ഏത് ചിഹ്നത്തിൽ മത്സരിക്കുന്നു എന്നതിൽ കാര്യമില്ല എന്നും അൻവർ വ്യക്തമാക്കി.