അന്തരിച്ച ഭാവ ഗായകന്‍ പി ജയചന്ദ്രന്റെ സംസ്കാരം ശനിയാഴ്ച. പറവൂർ ചേന്ദമംഗലം പാലിയത്ത് തറവാട്ടിൽ ശനിയാഴ്ച 3.30 നാണ് സംസ്കാര ചടങ്ങുകൾ നടക്കുക. ഇന്ന് രാവിലെ എട്ടിന് പൂങ്കുന്നം തറവാട്ടിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് 10 മണിക്ക് സംഗീത നാടക അക്കാദമിയിൽ പൊതുദർശനം. പിന്നീട് പൂങ്കുന്നത്തെ വീട്ടിലേക്ക് കൊണ്ടുപോകും. ശനിയാഴ്ച രാവിലെ എട്ടുമണിക്ക് പൂങ്കുന്നത്തെ വീട്ടിൽ നിന്ന് ചേന്ദമംഗലത്തേക്ക് മൃതദേഹം കൊണ്ടുപോകും.
ഭാവഗായകൻ പി. ജയചന്ദ്രന്റെ നിര്യാണത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അനുശോചിച്ചു. 6 പതിറ്റാണ്ടോളം പലതലമുറകൾക്ക് ഒരുപോലെ ആനന്ദമേകിയ അദ്ദേഹത്തിന്റെ ഹൃദ്യമായ സ്വരം ജനമനസ്സുകളിൽ എന്നും സാന്ത്വനമായി തുടരും. ആത്മാവിന് ശാന്തി നേരുന്നുവെന്നും ഗവർണർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കാലാതീതമായ കാല്പനിക ഗാനങ്ങൾ രാജ്യത്തിന് സമ്മാനിച്ച പ്രതിഭയാണ് വിടപറഞ്ഞതെന്ന് മോഹൻലാൽ അനുസ്മരിച്ചു. തനിക്ക് ജ്യേഷ്ഠ സഹോദരനു തുല്യമായിരുന്നു ജയേട്ടനെന്നും അദ്ദേഹം പറഞ്ഞു.
”പ്രിയപ്പെട്ട ജയേട്ടൻ വിടവാങ്ങി. എന്നും യുവത്വം തുളുമ്പുന്ന ഗാനങ്ങളിലൂടെ തലമുറകളുടെ ഭാവഗായകൻ ആയി മാറിയ ജയേട്ടൻ എനിക്ക് ജ്യേഷ്ഠ സഹോദരൻ തന്നെ ആയിരുന്നു. മഞ്ഞലയിൽ മുങ്ങിത്തോർത്തി വരുന്ന ഈ ശബ്ദം എല്ലാ മലയാളികളെയും പോലെ ഞാനും നെഞ്ചോടു ചേർത്തുപിടിച്ചു എല്ലാ കാലത്തും. ജയേട്ടൻ മിക്കപ്പോഴും വീട്ടിൽ വരാറുണ്ടായിരുന്നു. അമ്മയ്ക്ക് ഇഷ്ടമുള്ള ഗാനങ്ങൾ പാടി കേൾപ്പിക്കും. അനിയനെപ്പോലെ എന്നെ ചേർത്തുപിടിക്കും. വളരെ കുറച്ചു ഗാനങ്ങൾ മാത്രമേ എനിക്കുവേണ്ടി ജയേട്ടൻ സിനിമയിൽ പാടിയിട്ടുള്ളൂ എങ്കിലും അവയെല്ലാം ജനമനസ്സുകൾ ഏറ്റെടുത്തത് എൻ്റെ സൗഭാഗ്യമായി കരുതുന്നു. ശബ്ദത്തിൽ എന്നും യുവത്വം കാത്തുസൂക്ഷിച്ച, കാലാതീതമായ കാല്പനിക ഗാനങ്ങൾ ഭാരതത്തിന് സമ്മാനിച്ച പ്രിയപ്പെട്ട ജയേട്ടന് പ്രണാമം”.- മോഹൻലാൽ കുറിച്ചു
പി ജയചന്ദ്രന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നടൻ മമ്മൂട്ടി. ജയചന്ദ്രന്റെ ചിത്രം പങ്കുവെച്ച് കൊണ്ട് ‘പ്രിയ ഭാവഗായകന് ആദരാഞ്ജലികൾ‘ എന്ന് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.
വല്ലാത്ത ഒരനാഥത്വം ഉണ്ടാക്കുന്ന വിയോഗമാണ് ജയചന്ദ്രൻ്റെതെന്നും അദ്ദേഹത്തിൻ്റെ അനശ്വര ഗാനങ്ങൾ മാത്രമാണ് ഇനിയുണ്ടാവുകയെന്നും ജി വേണുഗോപാൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
‘വല്ലാത്ത ഒരനാഥത്വം ഉണ്ടാക്കുന്ന വിയോഗം .
തീരെ വയ്യാത്തപ്പോഴും പോയിക്കണ്ടപ്പോഴുമെല്ലാം “റഫി സാബ്” ആയിരുന്നു സംസാരത്തിൽ.
മകൾ ലക്ഷ്മിയോട് പറഞ്ഞ് അകത്തെ മുറിയിൽ നിന്ന് ഒരു ഡയറി എടുപ്പിച്ചു.
മുഴുവൻ റഫി സാബിൻ്റെ പടങ്ങളും അദ്ദേഹത്തിൻ്റെ പാട്ടുകളുടെ വരികളും.
പോകുവാൻ നേരം, ഒരിക്കലുമില്ലാത്ത പോൽ, എൻ്റെ കൈ ജയേട്ടൻ്റെ കൈയ്ക്കുള്ളിലെ ചൂടിൽ ഒരൽപ്പനേരം കൂടുതൽ ഇരുന്നു. ഇന്നിനി ഒരിയ്ക്കലും തിരിച്ചു വരാത്ത കാലഘട്ടവും സ്വർഗ്ഗീയ നാദങ്ങളും ഗാനങ്ങളും അവയുടെ സൃഷ്ടാക്കളുമൊക്കെ എന്നെ വലയം ചെയ്യുന്ന പോൽ!
കഴിഞ്ഞ മാസം വീണു ഇടുപ്പെല്ല് തകർന്നു എന്നറിഞ്ഞപ്പോൾ മനസ്സുരുകി പ്രാർത്ഥിച്ചു. ഇനിയും കഷ്ടപ്പെടുത്തരുതേ എന്ന്.
നിത്യ ശ്രുതിലയവും ഗന്ധർവ്വനാദവും രാഗ നിബദ്ധതയും നിറഞ്ഞ ഏതോ ഒരു മായിക ലോകത്തേക്ക് ജയേട്ടൻ മൺമറഞ്ഞിരിക്കുന്നു. ഇനി കൂട്ടിന് അദ്ദേഹത്തിൻ്റെ അനശ്വര ഗാനങ്ങൾ മാത്രം!
വിട, ജയേട്ടാ, വിട! VG‘ ജി വേണുഗോപാൽ കുറിച്ചു.
സംഗീതത്തെ ഇത്രയധികം സ്‌നേഹിച്ച വേറൊരു മനുഷ്യനില്ലെന്ന് ശ്രീകുമാരന്‍ തമ്പി പറഞ്ഞു. സംഗീതം അദ്ദേഹത്തിന്റെ ആത്മാവ് ആയിരുന്നുവെന്നും ശ്രീകുമാരന്‍ തമ്പി അനുസ്മരിച്ചു. ജയചന്ദ്രന് വേണ്ടി ഏറ്റവും അധികം പാട്ട് എഴുതിയത് താനാണെന്നും ശ്രീകുമാരന്‍ തമ്പി ഓര്‍ത്തെടുത്തു. തന്റെ എത്രയോ പാട്ടുകള്‍ ജയചന്ദ്രന്‍ പാടിയിട്ടുണ്ട്. തങ്ങള്‍ തമ്മില്‍ സഹോദര ബന്ധമാണുള്ളത്. തന്റെ അനിയന്‍ മരിക്കുമ്പോള്‍ താന്‍ ജീവിക്കുകയാണെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
ഗായകൻ പി. ജയചന്ദ്രന്റെ വിയോഗത്തിൽ ബംഗാൾ ഗവർണർ ഡോ.സി.വി. ആനന്ദ ബോസ് അനുശോചിച്ചു. ഭാവസാന്ദ്രമായ മാന്ത്രിക ശബ്ദം കൊണ്ട് തെന്നിന്ത്യൻ സംഗീതത്തിനു നിത്യസുഗന്ധം പകർന്ന അനശ്വരഗായകനായിരുന്നു പി. ജയചന്ദ്രൻ. പ്രണയത്തിലും വിരഹത്തിലും ഭക്തിയിലുമെല്ലാം മലയാളികളുടെ ഹൃദയത്തിലും ചുണ്ടിലും എന്നും കൂട്ടായി നിലകൊണ്ട ആ മാന്ത്രിക ശബ്ദം കാലാതിവർത്തിയായി നിലകൊള്ളുമെന്ന് അനുശോചന സന്ദേശത്തിൽ ആനന്ദബോസ് പറഞ്ഞു.