കോട്ടയം: മതവിദ്വേഷ പരാമർശ കേസിൽ ബിജെപി നേതാവ് പി.സി ജോർജ് റിമാൻഡിൽ. 14 ദിവസത്തേയ്ക്കാണ് പിസി ജോർജിനെ ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. പി സി ജോർജിൻ്റെ ജാമ്യാപക്ഷേ കോടതി തള്ളിക്കൊണ്ടാണ് കോടതി റിമാൻഡ് ചെയ്യാൻ ഉത്തരവിട്ടത്. കോടതി നിർദേശിച്ച പ്രകാരം, അപാകത പരിഹരിച്ചു പൊലീസ് വീണ്ടും കസ്റ്റഡി അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്നാണു ജോർജിന്റെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ് പറഞ്ഞത്.
ഇന്ന് ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി രാവിലെ ഈരാറ്റുപേട്ട കോടതിയിലെത്തി പിസി ജോർജ് കീഴടങ്ങുകയായിരുന്നു. കോടതി തീരുമാനത്തിന് പിന്നാലെ പിസി ജോർജിനെ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോയി. പൊലീസ് റിപ്പോർട്ട് കൂടി പരിഗണിച്ച ശേഷം ജാമ്യത്തിൽ കോടതി തീരുമാനമെടുത്തത്.
പി സി ജോർജിൻ്റെ ജാമ്യഹർജി പരിഗണിക്കവെ അസിസ്റ്റൻ്റ് പ്രോസിക്യൂട്ടർ ഓൺലൈനിലാണ് ഹാജരായത്. അഡ്വ. സിറിൽ ജോസഫാണ് പി സി ജോർജിന് വേണ്ടി ഹാജരായത്. ആരോഗ്യ പ്രശ്നങ്ങൾ അടക്കം ചൂണ്ടിക്കാണിച്ചായിരുന്നു പി സി ജോർജിൻ്റെ അഭിഭാഷകൻ്റെ വാദം. ബിജെപി നേതാക്കൾക്കൊപ്പമാണ് പിസി ജോർജ് കോടതിയിൽ എത്തിയത്. രാവിലെ മുതൽ പിസി ജോർജിന്റെ വീട്ടിൽ ബിജെപി നേതാക്കളും പ്രവർത്തകരും എത്തിയിരുന്നു.
കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു. ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയും പി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ചാനൽ ചർച്ചയിൽ പങ്കെടുത്ത് വിവാദ പരാമർശനം നടത്തിയതിന് പിന്നാലെ പി സി ജോർജ് അന്ന് സമൂഹമാധ്യമങ്ങളിൽ മാപ്പ് പറഞ്ഞിരുന്നു.