തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെ എസ്എഫ്‌ഐഒ പ്രതി ചേര്‍ത്തത് അതീവ ഗൗരവതരമായ വിഷയമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ മകളെന്ന നിലയില്‍ മാത്രമാണ് വീണാ വിജയന്റെ കമ്പനിക്ക് ഒരു സേവനവും നല്‍കാതെ 2.7 കോടി രൂപ ലഭിച്ചത്. ഈ സാഹചര്യത്തില്‍ അഴിമതി നടത്തിയതിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കണം എന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മുഖ്യമന്ത്രിയുടെ മകൾ ചെയ്തതെന്നും സതീശൻ ചൂണ്ടിക്കാട്ടി.
മാസപ്പടി സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിയെന്ന് തെളിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രിയെ ഇത്രനാള്‍ ന്യായീകരിച്ചവര്‍ക്ക് ഇനി എന്ത് പറയാനുണ്ട്? ഇത്രയും ഗുരുതര വിഷയത്തില്‍ സിപിഎം കേന്ദ്ര നേതൃത്വവും നിലപാട് വ്യക്തമാക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ പ്രതിപ്പട്ടികയില്‍ വന്ന സാഹചര്യത്തില്‍ ഇനി മുഖ്യമന്ത്രിക്ക് ഒരു നിമിഷംപോലും തല്‍സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്നും ഉടനടി രാജിവെക്കണമെന്നും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ മകളെന്ന നിലയില്‍ പ്രതിമാസം ലഭിച്ച മാസപ്പടിയാണിതെന്ന കാര്യം വളരെ വ്യക്തമാണ്. സ്വന്തം മകളെ ഉപയോഗിച്ച് കൈക്കൂലി വാങ്ങിയ മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും ഇനി കേരളത്തിന്റെ ഭരണാധികാരിയായിരിക്കാന്‍ അര്‍ഹതയില്ല. മധുരയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഎം പ്രതിനിധികള്‍ അടിയന്തരമായി പകരം മുഖ്യമന്ത്രിയെ കണ്ടെത്തി കേരളജനതയോട് നീതി കാണിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
മാസപ്പടി കേസില്‍ വീണാ വിജയനെ പ്രതി ചേര്‍ത്ത സാഹചര്യത്തില്‍ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചു. മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഏപ്രില്‍ 4 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് കേരളത്തിലെ എല്ലാ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ പിണറായി വിജയന്റെ കോലം കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തും. ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധം ഉണ്ടാകും.
മാസപ്പടി കേസില്‍ വീണാ വിജയനെ എസ്എഫ്‌ഐഒ പ്രതിചേര്‍ത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കോലം കത്തിച്ച് പ്രതിഷേധം നടത്തുമെന്നും ബിജെപി അറിയിച്ചു.
കേരളം കണ്ടതിൽ വെച്ച് ഏറ്റവും അഴിമതിക്കാരനായ നേതാവാണ് പിണറായി വിജയനെന്നു ബി ജെ പി നേതാവ് ഷോൺ ജോർജ് പറഞ്ഞു. മുഖ്യമന്ത്രിയും പ്രതിയായി വരും, ഒരു നിമിഷം പോലും സ്ഥാനത്ത് തുടരാന്‍ പാടില്ല. വാങ്ങിയ പണത്തെ കൈക്കൂലിയായി കണക്കാക്കാൻ മാത്രമേ കഴിയൂ. ഇന്ന് നമ്മുടെ മുന്നില്‍ മാന്യത കാണിക്കുന്ന പലരും ഈ കേസില്‍ പ്രതിയാകും. വലിയ അന്വേഷണം ആവശ്യമാണ്. അക്കൗണ്ടിൽ പെടാത്ത തുകകൾ ഉണ്ട്. രാജ്യത്തെ അഴിമതിക്ക് കൂട്ടുനിക്കുന്ന നേതാവല്ല നരേന്ദ്ര മോദി. ബിജെപി ഒരു അഴിമതിക്കും കൂട്ടുനിൽക്കില്ല. ശക്തമായ നടപടി തന്നെയുണ്ടാകുമെന്നും ഷോൺ ജോർജ് വ്യക്തമാക്കി.
മാസപ്പടിയിൽ മുഖ്യമന്ത്രിയുടെ മകൾ വീണ പ്രതി, പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി.