ഇസ്ലാമാബാദ്: പാക് അധീന കാശ്മീരിലെ മദ്രസകള്‍ പാക്കിസ്ഥാൻ അടച്ചു. പാക് മതകാര്യ വകുപ്പിന്റേതാണ് നീക്കം. പത്ത് ദിവസത്തേക്കാണ് അടച്ചിടുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ തിരിച്ചടിക്കുമെന്ന ഭയത്താലാണ് മദ്രസകള്‍ അടച്ചതെന്നാണ് വിവരം.
അതിനിടെ വാഗാ അതിർത്തി പാക്കിസ്ഥാൻ അടച്ചു. ഇന്ത്യയിൽ നിന്ന് മടങ്ങിയെത്തിയ സ്വന്തം പൗരന്മാരെ അതിർത്തി കടക്കാൻ പാക്കിസ്ഥാൻ അനുവദിക്കുന്നില്ല.. വാഗയിലെ ചെക്പോസ്റ്റ് പാക്കിസ്ഥാൻ അടച്ചിട്ടതിനാൽ നിരവധിപേരാണ് അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നത്. അതേസമയം, പാക് പൗരന്മാർ ഏപ്രിൽ 30-നകം രാജ്യം വിടണമെന്ന ഉത്തരവിൽ ഇന്ത്യ ഇളവുവരുത്തിയിട്ടുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പാക്കിസ്ഥാന്‍ പൗരന്മാര്‍ക്ക് അട്ടാരി അതിര്‍ത്തിവഴി മടങ്ങാമെന്നാണ് കേന്ദ്രം പുറത്തിറക്കിയ പുതിയ ഉത്തരവില്‍ പറയുന്നത്.
അതിർത്തിയിൽ പ്രകോപനം തുടരുകയാണ് പാക്കിസ്ഥാൻ. നിയന്ത്രണ രേഖക്ക് സമീപം,കുപ്വാര, ഉറി, അഖ്നൂർ സെക്ടറുകളിലെ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാക്കിസ്ഥാൻ വീണ്ടും വെടിയുതിർത്തു. തിരിച്ചടി നൽകിയതായി ഇന്ത്യൻ സൈന്യം അറിയിച്ചു. പ്രകോപനം ഇല്ലാത്ത വെടിവെപ്പിനെതിരെ കഴിഞ്ഞ ദിവസം നടന്ന ഡിജിഎംഒ, ഹോട് ലൈൻ മീറ്റിങ്ങിൽ ഇന്ത്യ മുന്നറിയിപ്പ് നൽകിയിരുന്നു.
പാക്കിസ്ഥാനുമായുള്ള യാത്ര-ആശയവിനിമയ ബന്ധങ്ങളും ഇന്ത്യ നിർത്തും. സമുദ്രാതിർത്തിയിൽ ഇന്ത്യൻ നാവികസേന സുരക്ഷ ശക്തമാക്കി. കോസ്റ്റ് ഗാർഡും നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.
പടിഞ്ഞാറൻ അതിർത്തിയിൽ അത്യാധുനിക ജാമിങ് സംവിധാനങ്ങൾ ഇന്ത്യ വിന്യസിച്ചു. ഏപ്രിൽ 30 മുതൽ മെയ് 23 വരെ പാക് വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി വ്യോമാതിർത്തി അടച്ചതിന് പിന്നാലെയാണ് പാക്കിസ്ഥാൻ സൈനിക വിമാനങ്ങൾ ഉപയോഗിക്കുന്ന ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (ജി.എൻ.എസ്.എസ്.) സിഗ്നലുകളെ തടസ്സപ്പെടുത്തുന്നതിനായി ഇന്ത്യ ജാമിങ് സംവിധാനങ്ങൾ വിന്യസിച്ചത്. ഇന്ത്യൻ നീക്കം പാക് വിമാനങ്ങളുടെ ദിശാ നിർണയശേഷിയും ആക്രമണശേഷിയും ഗണ്യമായി കുറയ്ക്കുമെന്ന് വിദക്തർ അഭിപ്രായപ്പെടുന്നു. ജിപിഎസ് (യുഎസ്), ഗ്ലോനാസ് (റഷ്യ), ബെയ്‌ഡൗ (ചൈന) എന്നിവയുൾപ്പെടെ ഒന്നിലധികം ഉപഗ്രഹാധിഷ്ഠിത നാവിഗേഷൻ പ്ലാറ്റ്‌ഫോമുകളിൽ തടസ്സങ്ങൾ സൃഷ്ടിക്കാൻ ഇന്ത്യൻ ജാമിങ് സംവിധാനങ്ങൾക്ക് കഴിയും.
കൊടും ഭീകരൻ ഹാഫിസ് സയിദിന്റെ വസതിയിൽ കമാൻഡോകളെ വിന്യസിച്ചു; സുരക്ഷ പാക് സൈന്യം ഏറ്റെടുത്തു.