ഇന്ത്യക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്ത് ഭീകരസംഘടനയായ അൽഖായിദ. ഓപ്പറേഷൻ സിന്ദൂറിനെ അപലപിച്ചും ഇന്ത്യയ്ക്കെതിരേ ജിഹാദിന് ആഹ്വാനംചെയ്തുകൊണ്ടുമുള്ള അൽഖായിദയുടെ പ്രസ്താവന പുറത്തുവന്നു. മിഡിൽ ഈസ്റ്റ് മീഡിയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആണ് വാർത്ത പുറത്തുവിട്ടത്. സംഘടനയുടെ ഇന്ത്യൻ ഉപഭൂഖണ്ഡ വിഭാഗമായ അൽഖായിദ ഇൻ ദി ഇന്ത്യൻ സബ്കോണ്ടിനെന്റ് (എക്യുഐഎസ്) ആണ് ജിഹാദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
പാക്കിസ്ഥാൻ മണ്ണിൽ ഇന്ത്യ നടത്തിയ കടന്നു കയറ്റത്തിന് ശക്തമായ പ്രതികാരം ചെയ്യുമെന്നാണ് അൽഖായിദ പറയുന്നത്. ഇതിനായി പാക്കിസ്ഥാന് പിന്നിൽ അണിചേരാൻ സംഘടന ആവശ്യപ്പെട്ടു. ‘പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ ആക്രമണം’ എന്ന തലക്കെട്ടിൽ ആണ് ഭീഷണി പ്രസ്താവന പുറത്തിറക്കിയിക്കുന്നത്. ‘ഇന്ത്യയിലെ ഹിന്ദുത്വ-ബിജെപി സർക്കാർ പാക്കിസ്ഥാനിലെ പള്ളികളും വീടുകളും ആക്രമിച്ചിരിക്കുന്നു. നിരവധി മുസ്ലിങ്ങളാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റു. മരിച്ചവരെല്ലാം സ്വർഗ രാജ്യം പൂകി.
ഇന്ത്യൻ ഭരണകൂടം നടത്തുന്ന ക്രൂരതകളുടെ കറുത്ത അധ്യായങ്ങളിലൊന്നു കൂടിയാണ് ഈ ബോംബാക്രമണം. ഇസ്ലാമിനും മുസ്ലിങ്ങൾക്കുമെതിരായ ഇന്ത്യയുടെ യുദ്ധം പഹൽഗാം ആക്രമണത്തിന് ശേഷം ആരംഭിച്ചതല്ല, അത് പതിറ്റാണ്ടുകളായി തുടർന്നു വരുന്നതാണ്. ഇന്ത്യയിലെ മുസ്ലിങ്ങൾ കടുത്ത അടിച്ചമർത്തലാണ് നേരിടുന്നത്. ഈ സാഹചര്യത്തിൽ ഇസ്ലാമിനെ പ്രതിരോധിക്കാനായി രംഗത്തിറങ്ങേണ്ടത് ഓരോ മുസ്ലിം പോരാളികളുടേയും കടമയാണെന്നും ഇസ്ലാമിനെതിരായ കടന്നാക്രമണങ്ങൾക്കെതിരെ പ്രതികാരം ചെയ്യണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെടുന്നു.
വിഷയത്തിന് പിന്നിൽ സംഘടിതമായ നീക്കമാകാമെന്നാണ് ഇന്റലിജൻസ് അനുമാനിക്കുന്നത്. ചിതറിക്കിടക്കുന്ന തീവ്രവാദ സംഘങ്ങളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യവും ഇതിനു പിന്നിൽ അൽഖായിദയ്ക്കുണ്ടെന്ന് രഹസ്യാന്വേഷണവിഭാഗം സംശയിക്കുന്നുണ്ട്.
ലാഹോറിൽ സ്ഫോടന പരമ്പര; ബലൂച് ലിബറേഷൻ ആർമി നടത്തിയ ആക്രമണത്തിൽ 14 പാക് സൈനികർ കൊല്ലപ്പെട്ടു.



