Thursday, October 16, 2025
Mantis Partners Sydney
Home » പാക്കിസ്ഥാനെ പിന്തുണച്ച് ചൈന; നിഷ്പക്ഷമായ അന്വേഷണത്തിന് പിന്തുണ നൽകും എന്ന് ചൈനീസ് വിദേശകാര്യ മന്ത്രി.
പാക്കിസ്ഥാനെ പിന്തുണച്ച് ചൈന; നിഷ്പക്ഷമായ അന്വേഷണത്തിന് പിന്തുണ നൽകും എന്ന് ചൈനീസ് വിദേശകാര്യ മന്ത്രി.

പാക്കിസ്ഥാനെ പിന്തുണച്ച് ചൈന; നിഷ്പക്ഷമായ അന്വേഷണത്തിന് പിന്തുണ നൽകും എന്ന് ചൈനീസ് വിദേശകാര്യ മന്ത്രി.

by Editor

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ശക്തമായ നടപടിക്ക് ഇന്ത്യ ഒരുങ്ങവേ പാക്കിസ്ഥാനെ പിന്തുണച്ച് ചൈന. ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു. ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നും, സംഘര്‍ഷം ലഘൂകരിക്കാന്‍ സംഭാഷണത്തില്‍ ഏര്‍പ്പെടണമെന്നും ചൈന ആവശ്യപ്പെട്ടതായാണ് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

പഹൽഗാം ഭീകരാക്രമണത്തിൽ നിഷ്പക്ഷമായ അന്വേഷണത്തിന് പാക്കിസ്ഥാന് ചൈന പിന്തുണ പ്രഖ്യാപിച്ചതായാണ് വിവരം. ഇന്ത്യ-പാക് സ്ഥിതിഗതികൾ സംബന്ധിച്ച് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ഇഷാഖ് ദാറുമായി ഫോണിൽ സംസാരിച്ചതായി ചൈനീസ് സ്റ്റേറ്റ് മാധ്യമമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു. ഭീകരതയെ ചെറുക്കല്‍ എല്ലാ രാജ്യങ്ങളുടെയും പൊതു ഉത്തരവാദിത്തമാണെന്നും ചൈന വ്യക്തമാക്കി. പഹല്‍ഗാം ആക്രമണത്തില്‍ നിഷ്പക്ഷ അന്വേഷണം ആണ് വേണ്ടതെന്ന് ചൈന പറഞ്ഞു. ചൈനയോ റഷ്യയോ ഉള്‍പ്പെട്ട അന്വേഷണം ആണെങ്കില്‍ അംഗീകരിക്കുമെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ഇഷാഖ് ധറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായുള്ള സംഭാഷണത്തിനു ശേഷം വ്യക്തമാക്കി.

ഇന്ത്യ–പാക്ക് പ്രശ്നങ്ങളിൽ പൊതുവേ പാക്കിസ്ഥാന് അനുകൂലമായ നിലപാടാണു ചൈന സ്വീകരിക്കാറുള്ളതെങ്കിലും നേരിട്ടു സൈനികമായി ഇടപെട്ടിട്ടില്ല. 1947–48-ലെ ഇന്ത്യ–പാക്ക് യുദ്ധകാലത്തും, 1965-ലെ യുദ്ധകാലത്തും പാക്കിസ്ഥാന് അനുകൂലമായ നിലപാടെടുത്തെങ്കിലും സൈനികമായി ഇടപെട്ടിട്ടില്ല. കാർഗിൽ പോരാട്ടത്തിനു തൊട്ടുമുൻപ് പാക്ക് സൈനികമേധാവി പർവേസ് മുഷറഫ് ചൈന സന്ദർശിച്ചിരുന്നു. എന്നാൽ അന്നും ചൈന സൈനികമായി ഇടപെട്ടിട്ടില്ല. എന്നാൽ ഗൽവാൻ താഴ്‌വരയിലും ഭൂട്ടാൻ അതിർത്തിയിലും കിഴക്കൻ ലഡാക്കിലുമെല്ലാം അടുത്തകാലത്തായി ചൈനയുടെ സൈനികസമ്മർദം ഇന്ത്യ നേരിട്ടതാണ്. കാരക്കോറം ചുരത്തോടു ചേർന്നുള്ള പ്രദേശത്ത് പാക്ക് സൈന്യത്തോടൊപ്പം ചൈനീസ് സൈന്യം സിവിൽ നിർമാണപ്രവൃത്തികളിൽ ഏർപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ അതിർത്തി മേഖലകളിൽ അടുത്തകാലത്തായി ചൈനയുടെ സൈനിക, നിർമാണപ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇവയെല്ലാം കണക്കിലെടുത്തു മാത്രമേ ഇന്ത്യൻ നേതൃത്വത്തിന് മുൻപോട്ടുള്ള നടപടികൾ സ്വീകരിക്കാൻ സാധിക്കൂ.

പുല്‍വാമ ആക്രമണത്തിന് ശേഷം നടന്ന ഏറ്റവും ഭീകരമായ ആക്രമണമാണ് പഹല്‍ഗാമില്‍ ചൊവ്വാഴ്ച നടന്നത്. പാക്കിസ്ഥാന്‍ ആസ്ഥാനമായ ലഷ്‌ക്കര്‍-ഇ-തൊയ്ബയുടെ കൂട്ടാളിയായ റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന സംഘടനയാണ് പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ ആക്രമണം നടത്തിയത്. മതം ചോദിച്ച് പുരുഷന്‍മാരെ മാത്രം ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. റെസിസ്റ്റന്‍സ് ഫ്രണ്ട് ആദ്യം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നെങ്കിലും ഇന്നലെ അവർ അതിനു വിപരീതമായി തങ്ങൾ അല്ല ആക്രമണം നടത്തിയത് എന്ന് പറഞ്ഞിരുന്നു.

അതേസമയം ഇന്ത്യയ്ക്ക് നേരെ പ്രകോപനവും ഭീഷണിയും തുടരുകയാണ് പാക്കിസ്ഥാൻ. വെള്ളംകുടി മുട്ടിച്ചാൽ യുദ്ധന്നാണ് പാക് റെയിൽവേ മന്ത്രി ഹനീഫ് അബ്ബാസിയുടെ ഭീഷണി. പഹല്‍ഗാം ആക്രമണത്തിന് പിന്നില്‍ കശ്മീരിലെ സ്വാതന്ത്ര്യ സമര സേനാനികളാകാമെന്നാണ് പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ദര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ആണവായുധം ഉപയോഗിക്കുമെന്നും എല്ലാ ആണവായുധങ്ങളും ഇന്ത്യക്കെതിരെ പ്രയോഗിക്കാനാണ് ഉണ്ടാക്കിയതെന്നുമാണ് പാക് മന്ത്രി ക്വാജ ആസിഫ് പ്രതികരിച്ചത്. സംഭവത്തെ അപലപിക്കാന്‍ പോലും തയ്യാറാകാതിരുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ്, നിരപരാധികളെ കൊന്നൊടുക്കിയ കൊടും ക്രൂരതയില്‍ ഇന്ത്യ തെളിവുകള്‍ നിരത്തി ലോകരാഷ്ട്രങ്ങള്‍ക്ക് മുന്‍പില്‍ പാക് പങ്ക് ചൂണ്ടിക്കാട്ടിയപ്പോഴാണ് സ്വതന്ത്ര അന്വേഷണം എന്ന ആവശ്യവുമായി മുന്നോട്ട് വന്നത്.

അതിർത്തി കടന്നെന്ന് ആരോപിച്ച് പിടികൂടിയ ബിഎസ്എഫ് ജവാനെ വിട്ടയക്കാൻ പാക് സേന ഇതുവരെ തയ്യാറായിട്ടില്ല.

പഹൽഗാം ഭീകരാക്രമണം: ഡൽഹിയിൽ ഉന്നതതല ചർച്ചകൾ, നിയന്ത്രണരേഖയിൽ ഇന്ത്യ–പാക്ക് വെടിവയ്പ് തുടരുന്നു.

Send your news and Advertisements

You may also like

error: Content is protected !!