Thursday, October 16, 2025
Mantis Partners Sydney
Home » പഹൽഗാം ഭീകരാക്രമണം: ഡൽഹിയിൽ ഉന്നതതല ചർച്ചകൾ, നിയന്ത്രണരേഖയിൽ ഇന്ത്യ–പാക്ക് വെടിവയ്പ് തുടരുന്നു.

പഹൽഗാം ഭീകരാക്രമണം: ഡൽഹിയിൽ ഉന്നതതല ചർച്ചകൾ, നിയന്ത്രണരേഖയിൽ ഇന്ത്യ–പാക്ക് വെടിവയ്പ് തുടരുന്നു.

by Editor

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ടു ഡൽഹിയിൽ ഉന്നതതല ചർച്ചകൾ തുടരുകയാണ്. ഇന്നലെ വൈകിട്ട് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് സംയുക്ത സേനാ മേധാവി (സിഡിഎസ്) അനിൽ ചൗഹാനുമായി ചർച്ച നടത്തി. സിഡിഎസും പ്രതിരോധമന്ത്രിയും ചർച്ച നടത്തിയ അതേ സമയത്ത് ബിഎസ്എഫ് മേധാവിയും എത്തി സിഡിഎസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തി.

അതിനിടെ തുടര്‍ച്ചയായ മൂന്നാം ദിവസവും അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാൻ. നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ പാക്കിസ്ഥാൻ വെടിവെപ്പ് നടത്തി. ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയുമായി റാംപുര്‍, തുഗ്മാരി സെക്ടറുകളിലാണ് പാക്കിസ്ഥാൻ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വെടിവെപ്പ് നടത്തിയത്. ഇതിനെതിരെ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. നിയന്ത്രണ രേഖയിലെ സ്ഥിതിഗതികള്‍ യുദ്ധസമാനമായ അന്തരീക്ഷത്തിലേക്കാണ് നീങ്ങുന്നതെന്നാണ് വിലയിരുത്തല്‍.

ജമ്മു-കശ്മീരിലെ പഹല്‍ഗാമില്‍ 26-പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന മൂന്ന് ഭീകരരുടെ വീടുകള്‍ കൂടി ശനിയാഴ്ച തകര്‍ത്തു. കുല്‍ഗാമില്‍നിന്ന് ഭീകരരെ സഹായിച്ച രണ്ടുപേരെ അറസ്റ്റു ചെയ്തു. അതിര്‍ത്തി പ്രദേശത്തെ ബങ്കറുകള്‍ താമസയോഗ്യമാക്കുന്നതിനു നടപടി തുടങ്ങി. ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ് മേഖല പൂര്‍ണമായും വളഞ്ഞാണ് സൈന്യത്തിന്റെ പരിശോധന. ഡ്രോണുകളും ഹെലികോപ്റ്ററും ഉപയോഗിച്ചാണ് തിരച്ചില്‍. അനന്ത് നാഗില്‍ ഭീകരരുമായി ഏറ്റുമുട്ടലുണ്ടായി. കുപ്വാരയില്‍ ഭീകരരുടെ ഒളിത്താവളം സൈന്യം തകര്‍ത്തു. അഞ്ച് എകെ 47 ഉള്‍പ്പെടെ വന്‍ ആയുധശേഖരം കണ്ടെടുത്തു.

അറബിക്കടലിൽ നാവികസേന ഇന്നലെ ശക്തിപ്രകടനവും നടത്തി. പടക്കപ്പലുകളിൽ നിന്ന് ഒന്നിലേറെ ദീർഘദൂര കപ്പൽവേധ മിസൈലുകളാണു പരീക്ഷിച്ചത്.

പഹൽഗാം ഭീകരാക്രമണത്തിൻ്റെ അന്വേഷണം ഔദ്യോഗികമായി ഏറ്റെടുത്ത ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ദൃക്സാക്ഷികളുടെ മൊഴിയെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ ആരംഭിച്ചു. ഭീകരാക്രമണത്തിൽ നിന്നു രക്ഷപ്പെട്ടവരുടെ മൊഴിയെടുക്കാൻ വിവിധ സംസ്‌ഥാനങ്ങളിലും സംഘങ്ങളെ നിയോഗിച്ചു. ആക്രമണത്തിന് തദ്ദേശീയരായ 15 പേർ സഹായിച്ചിട്ടുണ്ടെന്നാണ് സുരക്ഷാ ഏജൻസികൾ കരുതുന്നത്.

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, പാക്കിസ്ഥാൻ പൗരൻമാർക്ക് ഇന്ത്യ വിടാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചു. മെഡിക്കൽ വീസയുള്ളവർക്കു നാളെ വരെ സമയമുണ്ട്. അട്ടാരി–വാഗ അതിർത്തി വഴി മാത്രം കഴിഞ്ഞ 3 ദിവസങ്ങളിലായി 9 നയതന്ത്ര പ്രതിനിധികളടക്കം 509 പാക്കിസ്ഥാൻ പൗരൻമാർ ഇന്ത്യ വിട്ടു 14 നയതന്ത്രപ്രതിനിധികളടക്കം 745 ഇന്ത്യൻ പൗരൻമാർ പാക്കിസ്ഥാനിൽ നിന്ന് ഇതേ അതിർത്തിയിലൂടെ തിരിച്ചെത്തി.

ഭീകരരുടെ ആക്രമണം: കശ്മീരിൽ സാമൂഹികപ്രവർത്തകൻ കൊല്ലപ്പെട്ടു.

Send your news and Advertisements

You may also like

error: Content is protected !!