ബലൂചിസ്ഥാന്‍: പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യലുള്ള ക്വറ്റ റെയിൽവേ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ 26 പേർ കൊല്ലപ്പെട്ടു. 30 ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ശനിയാഴ്ചയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ നടുക്കുന്ന CCTV ദൃശ്യം പുറത്തുവന്നിട്ടുണ്ട്. അപകട സ്ഥലത്തേക്ക് സുരക്ഷാസേനയെ അയച്ചതായി ബലൂചിസ്താന്‍ സര്‍ക്കാര്‍ വക്താവ് ഷാഹിദ് റിന്ദ് അറിയിച്ചിരുന്നു. തിരക്കേറിയ റെയില്‍വേ സ്റ്റേഷനായതുകൊണ്ട് മരണസംഖ്യ ഉയര്‍ന്നേക്കും. കൊല്ലപ്പെട്ട 26 പേരിൽ 14 പേരും പാക് പട്ടാളക്കാരാണെന്നാണ് സൂചന. കൊല്ലപ്പെട്ടവരുടെ മൃതദേഹം റെയിൽവേ പ്ലാറ്റ്ഫോമിൽ ചിന്നിച്ചിതറിയ നിലയിലായിരുന്നു. പ്ലാറ്റ്ഫോമിന്റെ മേൽക്കൂര പൂർണമായും തകർന്നുവീണു. പെഷവാറിലേക്ക് പോകാനായി ജാഫർ എക്സ്പ്രസ് പ്ലാറ്റ്ഫോമിൽ നിന്ന് പുറപ്പെടാൻ തുടങ്ങുമ്പോഴാണ് സ്ഫോടനം നടന്നത്.
സ്ഫോടനത്തിൻ്റെ ഉത്തരവാദിത്തം ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) ഏറ്റെടുത്തിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനില്‍ തങ്ങളുടെ ചാവേര്‍ സംഘങ്ങള്‍ നിലയുറപ്പിച്ചിരുന്നുവെന്ന് പ്രസ്താവനയില്‍ ബി.എല്‍.എ. അവകാശപ്പെട്ടു. BLA ഗ്രൂപ്പിന്റെ വക്താവ് ജീയന്ദ് ബലോച്ച് ആണ് ഇതുസംബന്ധിച്ച പ്രസ്താവന ഇറക്കിയത്. “ഇന്ന് രാവിലെ, ഇൻഫൻട്രി സ്കൂളിലെ കോഴ്സ് പൂർത്തിയാക്കി ജാഫർ എക്സ്പ്രസിൽ മടങ്ങുകയായിരുന്ന പാക്കിസ്ഥാൻ സൈനിക യൂണിറ്റിന് നേരെയാണ് ക്വറ്റ റെയിൽവേ സ്റ്റേഷനിൽ ആക്രമണം നടത്തിയത്. BLAയുടെ ഫിദായി യൂണിറ്റായ മജീദ് ബ്രിഗേഡാണ് ഇതിനായി പ്രവർത്തിച്ചത്.” BLA വ്യക്തമാക്കി.
ഗിൽജിത് – ബാള്ട്ടിസ്താന് ലഡാക്കിന്റെ ഭാഗം; പാക് അധീന കാശ്മീർ ഇന്ത്യയിൽ ലയിക്കുമോ?.