ന്യൂഡൽഹി: ജമ്മു കശ്മീരിരിൽ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു. ഓപ്പറേഷൻ നാദര്‍ ഏറ്റുമുട്ടലിൽ പഹൽഗാം ഭീകരാക്രമണത്തിന് സഹായം നൽകിയ ആസിഫ് ഷെയ്ഖ് അടക്കമുള്ള മൂന്നു ലഷ്കര്‍ ഭീകരരെയാണ് വധിച്ചതെന്നാണ് റിപ്പോര്‍ട്ട്. ത്രാൽ മേഖലയിലെ നാദറിൽ സൈന്യം നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ കൊലപ്പെടുത്തിയത്. ആസിഫിന് പുറമെ അമീര്‍ നസീര്‍ വാണി, യവാര്‍ ഭട്ട് എന്നിവരെയാണ് സുരക്ഷാ സേന വധിച്ചത്. ആസിഫിന്റെ വീട് നേരത്തെ അധികൃതർ തകർത്തിരുന്നു. ആസിഫ് ഷെയ്ക്ക് ഭീകരവാദികള്‍ക്ക് സഹായം നല്‍കുകയും ആക്രമണത്തില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് സുരക്ഷാ ഏജന്‍സികള്‍ പറയുന്നത്.
ഇന്ന് രാവിലെ ത്രാൽ- അവന്തിപ്പുര മേഖലയിൽ നടന്ന ശക്തമായ ഏറ്റുമുട്ടലിൽ ആണ് ഭീകരർ കൊല്ലപ്പെട്ടത്. ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് സുരക്ഷസേന പ്രദേശം വളയുകയായിരുന്നു. സ്ഥലത്ത് കനത്ത ഏറ്റുമുട്ടൽ തുടരുകയാണ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യവും സിആര്‍പിഎഫും ജമ്മു കശ്മീര്‍ പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ഭീകരവാദികളുമായി ഏറ്റുമുട്ടലുണ്ടായത്.
കഴിഞ്ഞ ചൊവ്വാഴ്ച മൂന്ന് ലഷ്‌കര്‍ ഭീകരരെ സുരക്ഷാ സേന ഷോപിയാനില്‍ വെച്ച് വധിച്ചിരുന്നു. ഇവരില്‍നിന്ന് ആയുധങ്ങളും പണവും അടക്കം പിടികൂടി. ഇതിന് ശേഷം കൂടുതല്‍ ഭീകരവാദികളുണ്ടാകാമെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ ഏജന്‍സികള്‍ ജാഗ്രതയിലായിരുന്നു. ഈ സമയത്ത് ത്രാലില്‍ ഭീകരവാദികളെത്തിയിട്ടുണ്ട് എന്ന വിവരം ലഭിക്കുന്നത്.