Wednesday, September 3, 2025
Mantis Partners Sydney
Home » പഹൽഗാം ഭീകരാക്രമണം: താലിബാനുമായി കൂടിക്കാഴ്ച‌ നടത്തി ഇന്ത്യ
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ താലിബാനുമായി കൂടിക്കാഴ്ച‌ നടത്തി ഇന്ത്യ

പഹൽഗാം ഭീകരാക്രമണം: താലിബാനുമായി കൂടിക്കാഴ്ച‌ നടത്തി ഇന്ത്യ

by Editor

കാബൂൾ: ജമ്മു കാശ്‌മീരിൽ പഹൽഗാം ഭീകരാക്രമണം ഉണ്ടായി ദിവസങ്ങൾക്കകം താലിബാനുമായി കൂടിക്കാഴ്ച‌ നടത്തി ഇന്ത്യ. താലിബാൻ ആക്‌ടിങ് വിദേശകാര്യ മന്ത്രി അമീർഖാൻ മുത്താഖിയുമായി ഇന്ത്യൻ നയതന്ത്രജ്ഞനായ ആനന്ദ് പ്രകാശാണ് കൂടിക്കാഴ്‌ച നടത്തിയത്. ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള നയതന്ത്ര, വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിന് ഊന്നൽ നൽകിയായിരുന്നു ചർച്ച. പഹൽഗാം ഭീകരാക്രമണം ഉൾപ്പെടെ സമീപകാലത്തുണ്ടായ പ്രധാന സംഭവങ്ങൾ ഇരുവരും ചർച്ച ചെയ്‌തതായി താലിബാൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ വക്താവ് അറിയിച്ചു. അതേസമയം ചർച്ച സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

അഫ്ഗാനിസ്ഥാനുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധം നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥനാണ് ആനന്ദ് പ്രകാശ്. അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ വച്ചായിരുന്നു ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ തമ്മിൽ കൂടിക്കാഴ്ച്ച നടത്തിയത്. അടുത്തകാലത്തായി ഇന്ത്യയും അഫ്‌ഗാനിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ ആശാവഹമായ പുരോഗതി കൈവരിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം, ചരക്ക് ഗതാഗതം, വിസ നടപടികൾ, രാഷ്ട്രീയ ബന്ധം എന്നിവയാണ് കൂടിക്കാഴ്‌ചയിൽ പ്രധാനമായും ചർച്ചയായത് എന്നാണ് വിവരം. അഫ്ഗാനിസ്ഥാനിലെയും ഇന്ത്യയിലെയും ജനങ്ങൾക്ക് ഇരു രാജ്യങ്ങളിലേക്കും സുഗമമായി യാത്ര ചെയ്യാൻ കഴിയണമെന്നും അഫ്ഗാനിസ്ഥാനിലുള്ള രോഗികൾക്കും വിദ്യാർത്ഥികൾക്കും ബിസിനസുകാർക്കും തടസങ്ങളില്ലാതെ വിസ ലഭിക്കണമെന്നും താലിബാൻ മന്ത്രി ആവശ്യപ്പെട്ടു.

ഏപ്രിൽ 22ന് പഹൽഗാമിൽ വിനോദ സഞ്ചാരികൾക്ക് നേരെ ഉണ്ടായ ആക്രമണത്തെ താലിബാൻ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് തങ്ങളുടെ അനുശോചനം അറിയിക്കുന്നതായും മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു. ഇത്തരം സംഭവങ്ങൾ പ്രാദേശിക സുരക്ഷയെയും രാജ്യത്തിന്റെ അഖണ്ഡതയെയും ബാധിക്കുമെന്നും പ്രസ്‌താവനയിൽ വ്യക്തമാക്കി.

അഫ്ഗാനിസ്ഥാനുമായുള്ള ബന്ധം ഇന്ത്യയ്ക്ക് ഏറെ പ്രധാനമാണെന്നും വിവിധ മേഖലകളിൽ ഈ ബന്ധം വികസിപ്പിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നുവെന്നും ഇന്ത്യൻ പ്രതിനിധി പറഞ്ഞതായി താലിബാൻ മന്ത്രി അവകാശപ്പെട്ടു. ഇന്ത്യയും അഫ്ഗാനിസ്ഥാനുമായുള്ള സഹകരണം തുടരുമെന്നും അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ സഹകരണം ശക്തമാക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നുവെന്നും ആനന്ദ് പ്രകാശ് പറഞ്ഞതായി അമീർഖാൻ പറഞ്ഞു. അതേസമയം താലിബാനുമായുള്ള കൂടിക്കാഴ്‌ച സംബന്ധിച്ച് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇരുവരും കൂടിക്കാഴ്ച്ച നടത്തുന്ന ചിത്രം എക്‌സിലൂടെ അഫ്‌ഗാനിസ്ഥാൻ പുറത്തുവിട്ടിട്ടുണ്ട്.

ഇന്ത്യയ്ക്കെതിരെ കടുത്ത നീക്കങ്ങൾക്ക് മുതിരരുത് എന്ന് നവാസ് ഷെരീഫ്

Send your news and Advertisements

You may also like

error: Content is protected !!