Wednesday, July 30, 2025
Mantis Partners Sydney
Home » പഞ്ചാരകൊല്ലിയിൽ യുവതിയെ കടുവ കൊലപ്പെടുത്തി ഭക്ഷിച്ചു. വ്യാപക പ്രതിഷേധം, നിരോധനാജ്ഞ, ഇന്ന് ഹർത്താൽ.
പഞ്ചാരകൊല്ലിയിൽ യുവതിയെ കടുവ കൊലപ്പെടുത്തി ഭക്ഷിച്ചു. വ്യാപക പ്രതിഷേധം, നിരോധനാജ്ഞ, ഇന്ന് ഹർത്താൽ.

പഞ്ചാരകൊല്ലിയിൽ യുവതിയെ കടുവ കൊലപ്പെടുത്തി ഭക്ഷിച്ചു. വ്യാപക പ്രതിഷേധം, നിരോധനാജ്ഞ, ഇന്ന് ഹർത്താൽ.

by Editor

മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലിയിൽ വനമേഖലയോടു ചേർന്നാണ് യുവതി കൊല്ലപ്പെട്ടത്. പഞ്ചാരക്കൊല്ലി തറാട്ട് ഉന്നതിയിലെ വനംവകുപ്പ് വാച്ചറായ അച്ചപ്പന്റെ ഭാര്യ രാധ (45) ആണു കൊല്ലപ്പെട്ടത്. വനത്തോടു ചേർന്നു പരിശോധന നടത്തുകയായിരുന്ന തണ്ടർബോൾട്ട് സംഘമാണു പാതി ഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. കടുവയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ഇന്ന് മാനന്തവാടി മുനിസിപ്പാലിറ്റി പരിധിയിൽ ഹർത്താൽ ആചരിക്കും. മാനന്തവാടി നഗരസഭ പരിധിയിലെ പഞ്ചാരകൊല്ലിയില്‍ കടുവയെ പിടികൂടുന്നതിന്‍റെ ഭാഗമായുള്ള നിരോധനാജ്ഞ തുടരുന്നു. ഭാരതീയ ന്യായ സംഹിത 163 പ്രകാരമാണ് നടപടി. ജനുവരി 27 വരെയാണ് നിരോധനാജ്ഞ. നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പ്രദേശത്ത് നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും.

ഇന്നലെ രാവിലെയാണ് പഞ്ചാരക്കൊല്ലി സ്വദേശിയായ രാധയെ കടുവ കടിച്ചുകൊലപ്പെടുത്തിയ നിലയിൽ വനത്തിനുള്ളൽ കണ്ടെത്തിയത്. പ്രിയദർശിനി എസ്റ്റേറ്റിന് മുകളിലെ വന ഭാഗത്ത് കാപ്പി പറിക്കാൻ പോയപ്പോഴാണ് കടുവ ആക്രമിച്ചതെന്നാണ് വിവരം. മൃതദേഹത്തിൽ ഒരു ഭാഗം കടുവ ഭക്ഷിച്ചു. ആറ് മീറ്ററോളം ദൂരം കടുവ മൃതദേഹം വലിച്ചിഴച്ചുവെന്നുമാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന വിവരം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിന്നുമണിയുടെ അമ്മാവന്റെ ഭാര്യയാണ് കൊല്ലപ്പെട്ട രാധ.

നരഭോജി കടുവയെ വെടിവെച്ച് കൊല്ലണമെന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധമാണ് സംഭവസ്ഥലത്തുയർന്നത്. മാനന്തവാടിയിലെ ഡി.എഫ്.ഒ ഓഫീസിലേക്ക് യു.ഡി.എഫ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്ന് ആരോപിച്ച് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. ശനിയാഴ്ച മാനന്തവാടി നഗരസഭയില്‍ യു.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രാധയുടെ മൃതദേഹം ശനിയാഴ്ച സംസ്കരിക്കും.

അതേസമയം ആക്രമിച്ച കടുവയെ വെടിവെച്ച് കൊല്ലാൻ സർക്കാ‍ർ ഉത്തരവിട്ടു. നരഭോജി കടുവയെ പിടികൂടാന്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ട്. രാധയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്തുതന്നെയാണ് കൂട് സ്ഥാപിച്ചിരിക്കുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മന്ത്രി ഒ ആർ കേളുവിനെതിരെ പ്രതിഷേധം ഉണ്ടായിരുന്നെങ്കിലും സർക്കാർ സഹായം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിഷേധം കെട്ടടങ്ങി. ഇവരുടെ കുടുംബത്തിന് സർക്കാർ 11 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കുടുംബത്തിൽ ഒരാൾക്ക് (അച്ഛപ്പന് പുറമെ) സർക്കാർ ജോലി നൽകുമെന്നും മന്ത്രി ഒ ആർ കേളു വ്യക്തമാക്കിയിട്ടുണ്ട്.

വയനാട്ടിൽ പലയിടത്തും കടുവയിറങ്ങുന്നത് പതിവായിരിക്കുകയാണ്. പഞ്ചാരക്കൊല്ലിയിൽ ഇതിനു മുൻപ് കടുവയെ കണ്ടിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. പത്തു വർഷത്തിനിടെ കടുവയുടെ ആക്രമണത്തിൽ വയനാട്ടിൽ 8 പേർ ആണ് കൊല്ലപ്പെട്ടത്. ഓരോ ദിവസം കഴിയുന്തോറും കൂടുതൽ സ്ഥലങ്ങൾ വന്യമൃഗ ആക്രമണ ഭീഷണിയിലായിക്കൊണ്ടിരിക്കുകയാണ്.

Send your news and Advertisements

You may also like

error: Content is protected !!