Thursday, October 16, 2025
Mantis Partners Sydney
Home » നിലയ്ക്കലിൽ സ്പെഷ്യാലിറ്റി ഹോസ്‌പിറ്റൽ നിർമിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.
വീണാ ജോർജ്

നിലയ്ക്കലിൽ സ്പെഷ്യാലിറ്റി ഹോസ്‌പിറ്റൽ നിർമിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.

by Editor

തിരുവനന്തപുരം: പത്തനംതിട്ട നിലയ്ക്കലില്‍ അത്യാധുനിക സംവിധാനങ്ങളുള്ള സ്‌പെഷ്യൽറ്റി ആശുപത്രി നിർമിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നാട്ടുകാർക്കും ശബരിമല തീർഥാടകർക്കും പ്രയോജനമുള്ള രീതിയിലാണ് സ്പെഷ്യാലിറ്റി ആശുപത്രി വിഭാവനം ചെയ്‌തിരിക്കുന്നത്.

നിലയ്ക്കലിൽ ദേവസ്വം ബോർഡ് അനുവദിച്ച ഭൂമിയിൽ ഒമ്പത് കോടി രൂപയോളം ചെലവഴിച്ചാണ് ആശുപത്രി സജ്ജമാക്കുന്നത്. അധിക ഫണ്ട് ആവശ്യമെങ്കിൽ അനുവദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയിരുന്നു. ആധുനിക മെഡിസിനോടൊപ്പം ആയുഷിനും പ്രാധാന്യം നൽകും.

മൂന്ന് നിലകളിൽ അത്യാധുനിക സംവിധാനങ്ങളോടെയുള്ള ആശുപത്രിയാണ് സജ്‌ജമാക്കുക. ഒന്നാം നിലയിൽ 12 കിടക്കകളുള്ള കാഷ്വാലിറ്റി സംവിധാനം, ഒപി വിഭാഗങ്ങൾ, 7 കിടക്കകളുള്ള ഒബ്‌സർവേഷൻ വാർഡ്, റിസപ്ഷൻ, ലാബ്, സാംപിൾ കലക്ഷൻ സെൻ്റർ, നഴ്‌സസ് സ്‌റ്റേഷൻ, ഇൻജക്ഷൻ റൂം, ഇസിജി റൂം, ഡ്രസിങ് റൂം, പ്ലാസ്‌റ്റർ റൂം, ഫാർമസി, സ്റ്റോർ, പൊലീസ് ഹെൽപ് ഡെസ്‌ക്, ലിഫ്റ്റുകൾ, അറ്റാച്ച്ഡ് ശുചിമുറികൾ എന്നീ സൗകര്യങ്ങളാണ് ഉണ്ടാകുക.

രണ്ടാം നിലയിൽ 8 കിടക്കകളുള്ള ഐസിയു, നഴ്സ് സ്‌റ്റേഷൻ, എല്ലാവിധ സൗകര്യങ്ങളുള്ള മൈനർ ഓപ്പറേഷൻ തിയറ്റർ, എക്സ്റേ റൂം, 13 കിടക്കകളുള്ള വാർഡ്, ഡോക്‌ടർമാരുടെയും നഴ്സു‌മാരുടേയും മുറികൾ, കോൺഫറൻസ് ഹാൾ, ഓഫിസ്, ശുചിമുറികൾ എന്നിവയാണ് ഒരുക്കുന്നത്. മൂന്നാം നിലയിൽ 50 കിടക്കകളുള്ള ഡോർമിറ്ററി സംവിധാനമുണ്ടാകും.

തീർഥാടന കാലത്ത് വിപുലമായ സ്പെഷ്യാലിറ്റി സേവനങ്ങളൊരുക്കും. നടപടിക്രമം പാലിച്ച് എത്രയും വേഗം നിർമാണം ആരംഭിച്ച് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി

Send your news and Advertisements

You may also like

error: Content is protected !!