കോട്ടയം: കോട്ടയം ഗാന്ധിനഗർ സര്‍ക്കാര്‍ നഴ്‌സിങ് കോളേജ് ഹോസ്റ്റലില്‍ നടന്ന റാഗിങുമായി ബന്ധപ്പെട്ട് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. സുലേഖ എ. ടി, അസി. വാര്‍ഡന്‍റെ ചുമതലയുള്ള അസി. പ്രൊഫസര്‍ അജീഷ് പി മാണി എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ഹോസ്റ്റലിലെ റാഗിങ് തടയുന്നതിലും ഇടപെടുന്നതിലും വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഹോസ്റ്റലിലെ ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റിയെ അടിയന്തരമായി നീക്കം ചെയ്യാനും നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്‍റെ നിര്‍ദേശത്തെ തുടര്‍ന്ന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.
ഗവ. നഴ്സിങ് കോളജിലെ റാഗിങ്ങിൽ സംസ്ഥാന പൊലീസ് മേധാവിയോട് ദേശീയ മനുഷ്യാവകാശ കമ്മിഷൻ റിപ്പോർട്ട് തേടി. 10 ദിവസത്തിനുള്ളിൽ നടപടിയെടുത്ത് റിപ്പോർട്ട് നൽകണമെന്നാണ് ആവശ്യം. പ്രഥമ ദൃഷ്ട്യ മനുഷ്യാവകാശ ലംഘനം സംഭവത്തിൽ നടന്നിട്ടുണ്ടെന്നാണ് കമ്മിഷന്റെ കണ്ടെത്തൽ. സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും കേസെടുത്തു. ജില്ലാ പോലീസ് മേധാവി പരാതിയെക്കുറിച്ച് അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
നേഴ്സിങ് കോളേജിലെ റാഗിംഗ് അതിക്രൂരമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. സസ്പെൻഷനിൽ ഒതുങ്ങേണ്ട വിഷയം അല്ല. കുട്ടികളെ പുറത്താക്കുന്ന കാര്യം ഉൾപ്പെടെ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. റാഗിങ് അറിഞ്ഞില്ലെന്ന സ്കൂൾ അധികൃതരുടെ വിശദീകരണം തൃപ്തികരമല്ല. സിസിടിവി ക്യാമറകൾ ഉൾപ്പെടെ കോറിഡോറിൽ ഉണ്ട്. എന്തുകൊണ്ട് അറിയാതെ പോയി. സീനിയർ വിദ്യാർഥികൾ എന്തിനു ജൂനിയർ വിദ്യാർത്ഥിളുടെ മുറിയിൽ പോകണം. അതും ഒരിക്കൽ അല്ല. മൂന്നു മാസത്തോളം പീഡനം ഉണ്ടായെന്നും മന്ത്രി പറഞ്ഞു.
സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. കോളേജിലും ഹോസ്റ്റലിലും അന്വേഷണ സംഘം വിശദമായ പരിശോധന നടത്തും. നിലവിൽ കേസിൽ അഞ്ച് പ്രതികൾ മാത്രമാണെന്നാണ് പൊലീസ് നിഗമനം. വിശദമായ പരിശോധനയിൽ കൂടുതൽ പ്രതികൾ ഉണ്ടോ എന്നതിൽ വ്യക്തത വരും. ഇപ്പോഴത്തെ പരാതി പ്രകാരം ഇരയാക്കപ്പെട്ട മുഴുവൻ വിദ്യാർത്ഥികളുടേയും വിശദമായ മൊഴി പൊലീസ് രേഖപ്പെടത്തിയിട്ടുണ്ട്. പുറത്ത് വന്ന ദൃശ്യങ്ങളുടെ പരിശോധനയ്ക്കായി പൊലീസ് സൈബർ സെല്ലിന്റെ സഹായം തേടും. പ്രതികളുടെ ഫോണിൽ മറ്റെന്തെങ്കിലും ദൃശ്യങ്ങളുണ്ടോയെന്ന് അറിയുന്നതിനായി മൊബൈൽ ഫോണുകൾ ശാസ്ത്രിയ പരിശോധനയ്ക്ക് അയച്ചു.
സ്‌കൂള്‍ ഓഫ് നഴ്‌സിങിൾ റാഗിങ് നടത്തിയ അഞ്ചു വിദ്യാര്‍ഥികള്‍ അറസ്റ്റില്‍