ന്യൂ ഡൽഹി: നടൻ കൂട്ടിക്കൽ ജയചന്ദ്രന് സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണ ഊദ്യോഗസ്ഥൻ എപ്പോൾ വിളിച്ചാലും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ കോഴിക്കോട് കസബ പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. അറസ്റ്റ് ചെയ്താലും ജാമ്യത്തിൽ വിടണമെന്ന് കോടതി നിർദേശിച്ചു. ജാമ്യവ്യവസ്ഥ ലംഘിച്ചാൽ ജാമ്യം റദ്ദാക്കാൻ പൊലീസിന് ഇടപെടാം. കേസ് അന്വേഷണഘട്ടത്തിൽ ആയതിനാൽ മറ്റ് നിരീക്ഷണങ്ങൾ നടത്തുന്നില്ലെന്നും കോടതി വ്യക്തമാക്കി.
പീഡന പരാതിക്ക് പിന്നില്‍ കുടുംബ തര്‍ക്കമാണെന്നാണ് ജയചന്ദ്രന്‍റെ അഭിഭാഷകന്‍ വാദിച്ചത്. ഒരു മണിക്കൂറോളം നീണ്ട വാദപ്രതിവാദത്തില്‍ പെണ്‍കുട്ടിയുടെ അമ്മയുടെയും സര്‍ക്കാരിന്‍റെയും അഭിഭാഷകര്‍ ജാമ്യത്തെ എതിര്‍ത്തെങ്കിലും കോടതി വാദങ്ങള്‍ അംഗീകരിച്ചില്ല. ജസ്റ്റിസുമാരായ ബി വിനാഗരത്ന, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുടെ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യം നല്‍കിയത്. കോടതിയിൽ വാദങ്ങൾ അല്ല അന്തിമ ഉത്തരവാണ് റിപ്പോർട്ട് ചെയ്യേണ്ടതെന്നും ജസ്റ്റിസ് നാഗരത്ന പറഞ്ഞു. കേസിനെ സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്തണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.