വിദേശവാസം മതിയാക്കിവന്ന ഭാസ്ക്കരമേനോന് തന്റെ ഗ്രാമത്തിലെ ദേവീക്ഷേത്രത്തിൽ
ഒരു ആനയെ നടയ്ക്കിരുത്തിയാൽകൊള്ളാമെന്ന ആഗ്രഹം..
“കൊമ്പൻ ബഹുകേമം” എന്ന് ക്ഷേത്രക്കമ്മറ്റിക്കാർ..
” ഭഗവതിയുടെ തിടമ്പെഴുന്നള്ളിക്കാൻ പിടിയാന ആയാലും മതി” യെന്ന് ഭാസ്ക്കരമേനോനും കുടുംബക്കാരും.
“ആനയുടെ നിറം കറുപ്പ്”..പക്ഷേ…
ഒരു സുപ്രഭാതത്തിൽ ആനക്കൊട്ടിലിൽ മണ്ണിന്റെ നിറമുളള ഒരാനക്കുട്ടി…!
“അവളു കറുത്തോളും.. നല്ല പച്ചപ്പനമ്പട്ടയും, ഉരച്ചുകുളിപ്പിക്കലുമൊക്കെ കഴിയട്ടെ..”
എനിക്കോർമ്മയായതിനു ശേഷം അമ്പലത്തിലിത് ആദ്യത്തെ ആനയാണ്. പണ്ട്, ആനക്കൊട്ടിലിൽ നിറഞ്ഞു നിന്നിരുന്ന ഗജകേസരി വാർദ്ധക്യസഹജമായ അസുഖംമൂലം ചരിഞ്ഞപ്പോൾ പല തുണ്ടങ്ങളായി മുറിച്ച്, ക്രെയിനുപയോഗിച്ച് ലോറിയിൽ കയറ്റി ചന്തയോടു ചേർന്നുകിടക്കുന്ന വെളിമ്പറമ്പിൽ, അമ്പലക്കുളത്തിലേക്ക് ഊറ്റൽ വരാൻ സാദ്ധ്യത തീരെയില്ലെന്നുറപ്പിച്ചിത്തിടത്താണത്തെ കുഴിച്ചിട്ടത്.
മല പോലെ ഉയർന്നു നില്ക്കുന്ന മൺകൂനപ്പുറത്ത് പന്തലിട്ടപോൽ നില്ക്കുന്ന ഇലയില്ലാത്ത വെളുത്ത ചെമ്പക മരമുണ്ട്..!
പിടിയാനക്ക് ക്ഷേത്രത്തിലെ പോറ്റി ‘മീനാക്ഷി‘യെന്നു പേരിട്ടു..
കുസൃതിക്കുടുക്ക…!
കഴുത്തിൽ ഒരു ഓട്ടുമണിയുണ്ട്..
ചുറ്റുമതിലിനകത്ത് ബന്ധനമില്ലാതെ അവളങ്ങനെ കുണുങ്ങി നടക്കും….
സ്കൂളില്ലാത്ത ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ്, ഞങ്ങൾ പിള്ളേരു സെറ്റുമുഴുവൻ അമ്പലക്കുളത്തിലായിരിക്കും.. നീന്തലു വശമുളളവർ..!
നാലു ദിശകളിലും താഴോട്ടിറങ്ങിച്ചെല്ലാൻ പടിക്കെട്ടുകളുളള, നല്ല ആഴമുളള വിശാലമായ കുളമാണ്..
എന്തെല്ലാം അഭ്യാസങ്ങളാണെന്നോ വെളളത്തിൽക്കിടന്ന് ഓരോരുത്തരും കാണിച്ചു കൂട്ടിയിരുന്നത്…!കുളത്തിന്റെ നടുവിലേക്ക് നീന്തിച്ചെല്ലരുതുപോലും… ആഴമുള്ള കിണറാണെന്ന്…!
അനക്കമില്ലാതെ കിടക്കുന്ന വെള്ളത്തിന് പായൽ നിറമാണെങ്കിലും കയ്യിലെടുക്കുമ്പോൾ സ്ഫടികംപോലെ തിളങ്ങും.. സൂര്യൻ പടിഞ്ഞാറു ചായുമ്പോൾ നീന്തിത്തുടിച്ചു കൂത്താടി രസിച്ച് ഞങ്ങളുടെയൊക്കെ കണ്ണുകൾ ചുവന്നിട്ടുണ്ടാവും.. കരയ്ക്കു കയറി തലതോർത്തി അമ്പലക്കെട്ടിനുളളിലേക്കോടും.. ആനക്കൊട്ടിലിൽ മീനാക്ഷി പനമ്പട്ടയോ ഓലമടലോ ഒക്കെ വലിച്ചുകീറി തിന്നുകൊണ്ടിരുന്നാലും.. ഞങ്ങളെക്കണ്ട് തുമ്പിക്കയ്യുയർത്തി അഭിവാദ്യം ചെയ്യും….
ആനയെ ചുറ്റിപ്പറ്റി ഞങ്ങളങ്ങനെ നില്ക്കും..
ഇതിനിടെ വീട്ടിൽനിന്നാരെങ്കിലും തിരക്കിവന്നിരിക്കും.. ചെവിക്കു തിരുകി പിടിച്ചുകൊണ്ടൊരുപോക്കാണ്…
സ്കൂളുവിട്ടു വന്നുകഴിഞ്ഞാൽ മീനാക്ഷിയുടെ അടുത്തേക്കോടാൻ തരംപാർത്തിരിക്കും.. ഒരുതുണ്ടു വെല്ലം, കരിമ്പിൻ കഷ്ണം, പഴം, എന്തെങ്കിലും കയ്യിൽക്കരുതും.. ഇത്തിരിപ്പോന്ന മിഠായിയും തുമ്പിക്കയ്യറ്റംകൊണ്ടവളു വാങ്ങും. ആനവായിൽ അമ്പഴങ്ങയെന്നപോലെ അതു വായ്ക്കുളളിലേക്ക് വെക്കും..
അവൾക്ക് എന്നും നീരാട്ടുണ്ട്.. കുളത്തിൽ ഇറക്കാതെ, കുളത്തീന്ന് വെള്ളമെടുത്തു ചെമ്പിൽ നിറച്ച് ദിവസവും കുളിപ്പിക്കുമെങ്കിലും ആഴ്ചയിൽ ഒരു ദിവസം അച്ചൻകോവിലാറ്റിൽകൊണ്ടുപോയി കുളിപ്പിക്കുന്നതു പതിവാണ്. മിക്കവാറും അത് സ്കൂളില്ലാത്ത ദിവസം ശനിയോ, ഞായറോ ആയിരിക്കും.. ഞങ്ങൾ ആണുംപെണ്ണുമടങ്ങുന്ന പിള്ളേരുസെറ്റ് അവൾടെ പിന്നാലെ വച്ചുപിടിക്കും, ആർപ്പും ആരവവുമൊക്കെയായി..
ഞങ്ങളുടെ ഓരോരുത്തരുടേയും വീടും വീട്ടുകാരേയുമൊക്കെ അവൾക്കറിയാം.
മീനാക്ഷി പെട്ടെന്നു വളർന്ന് ലക്ഷണമൊത്ത ഓരാനയായി.. ഒത്ത പിടിയാന..
ദൂരെനിന്നുപോലും ക്ഷേത്രങ്ങളിൽ എഴുന്നളളിക്കാൻ പാണ്ടിലോറിയിൽ കയറ്റി അവളെ കൊണ്ടുപോകാൻ തുടങ്ങി.
മണ്ഡലപൂജയ്ക്ക് എല്ലാദിവസവും ദീപാരാധന കണ്ട് അരവണ പ്രസാദവും വാങ്ങിവന്നേ പിറ്റേന്നേക്കുളള പാഠങ്ങൾപോലും ഞങ്ങളു പഠിക്കാൻ മിനക്കെടൂ..
തിടമ്പെഴുന്നെള്ളിച്ചു നില്ക്കയാണെങ്കിലും, ഞങ്ങളു പിള്ളേരെ കാണുമ്പോൾ അവൾക്കിളക്കമാണ്.
തുമ്പിക്കൈനീട്ടി തൊടൻ ശ്രമിക്കും.. മോഴയാണെങ്കിലുംകോമ്പല്ലുകൾ മുന്നോട്ടു വളർന്നപോലെ രണ്ടു കുഞ്ഞുകൊമ്പുകൾ അവൾക്കും..
അക്കാലം, ഒരോണത്തത്തലേന്ന്, ഞാനും, എനിക്കിളയവളും കൂടി ഏറെ ഇരുട്ടിയതിനുശേഷമാണ് ഉച്ചയ്ക്കു കുതിർത്തുവച്ച കുത്തരി, കളിയടയ്ക്കയുണ്ടാക്കാൻ, തേങ്ങ ചിരവിയതും ഉപ്പും, ജീരകവുംചേർത്ത് അരകല്ലിൽ, കരുകരുപ്പായ് അരയ്ക്കാൻ തുടങ്ങിയത്….
അടുത്തേയ്ക്കു വന്നുകൊണ്ടിരിക്കുന്ന മണികിലുക്കം..!
അമ്പല മതിൽക്കെട്ടും കടന്ന്, ടാറിട്ട റോഡുംകടന്ന് ഇടവഴിയിലൂടെ കുറച്ചു നടന്ന്, അവൾ വീട്ടിലേക്കു നടന്നടുക്കുന്നു.. പരിസരത്ത് വെളിച്ചമുളളത് ഞങ്ങളുടെ വീട്ടിൽ മാത്രമായിരുന്നതുകൊണ്ടാവാം.. കതകുതുറന്ന്, അരിയും തേങ്ങയും ചേർത്തരച്ച മിശ്രിതം ഒരു ചെറിയ ഉരുളയാക്കി അവളുടെ തുമ്പിക്കയ്യറ്റത്ത് വച്ചുകൊടുത്തു…
“പൊക്കോളൂ മീനാക്ഷീ..പാപ്പാന്റെ കയ്യീന്ന് അടികിട്ടിയതുതന്നെ..” അവൾ തിരിഞ്ഞു നടന്നു കഴിഞ്ഞു..
കാലത്തിന്റെ മിനുക്കുപണികളിൽ, പഠിത്തം,ജോലി, കല്യാണം, കുടുംബം, കുട്ടികൾ ഒക്കെയായി
പലയിടങ്ങളിലേക്കു പറിച്ചുനടപ്പെടുന്നവർ, വല്ലപ്പോഴും ചെറുപ്പകാലം ചിലവിട്ട വഴികളിലൂടെ ഒന്നു തിരിഞ്ഞു നടന്നാലായി.. അപ്പോൾ.. നീന്തിത്തുടിക്കാൻ കുട്ടികളില്ലാതെ, നിശബ്ദത തളംകെട്ടി, നിശ്ചലമായി, പായൽ പുതച്ചുറങ്ങുന്ന അമ്പലക്കുളം കാണാം..
ആനക്കൊട്ടിലിൽ ചങ്ങലകിലുക്കം കേൾക്കാം. മീനാക്ഷി കൊമ്പു കുലുക്കി ഓടി നടക്കും, കാലത്തിന്റെ അതിരുകൾക്കെല്ലാമപ്പുറം..
രമണി അമ്മാൾ