Sunday, August 31, 2025
Mantis Partners Sydney
Home » നക്ഷത്ര വെളിച്ചം
നക്ഷത്ര വെളിച്ചം

നക്ഷത്ര വെളിച്ചം

കഥ

by Editor

ഡിസംബർ പകുതി കഴിഞ്ഞാൽ ലോകം ക്രിസ്തുമസ്സിന്റെ തിരക്കുകളിൽ അലിയും. മഞ്ഞിൽക്കുളിച്ച ധനുമാസം. ആഘോഷങ്ങളിലും ആമോദങ്ങളിലും ഉണരുകയും ഉറങ്ങുകയും അല്ലെങ്കിൽ ഉറങ്ങാതിരിക്കുകയും ചെയ്യുന്ന ദിനരാത്രങ്ങളിൽ ദുഃഖം കലർന്ന ചില ഓർമ്മകൾ കയറി വരും ചിലപ്പോൾ . ആറു പതിറ്റാണ്ടുകൾക്കപ്പുറത്തു നിന്നും ഇഴഞ്ഞെത്താറുണ്ടു മനസ്സിൽ. അന്നൊക്കെ നവംബർ മാസത്തിലേ നക്ഷത്രങ്ങൾ തൂക്കുന്ന പതിവില്ല… എല്ലാവരുംതന്നെ തലേന്നു പകലാണു നക്ഷത്രങ്ങളും പുൽക്കൂടും ഉണ്ടാക്കുന്നതു.. രാവിലെ മുതൽ എല്ലാവരും അതിന്റെ തിരക്കിലാണ്, ഞാനും.

സൂര്യൻ പതിവിലും വേഗത്തിൽ കുതിച്ചു പായുന്ന പോലെ തോന്നി.

അയലത്തെ വീടുകളിലെല്ലാം പുൽക്കൂടുകൾ ഒരുങ്ങിക്കഴിഞ്ഞു. ആടുകളും ഇടയന്മാരും മാലാഖമാരും മൂന്നു രാജാക്കന്മാരും നിരന്നു കഴിഞ്ഞു. പുല്ലണി മെത്തയിൽക്കിടന്നു പുഞ്ചിരിക്കുന്ന ഉണ്ണിയേശുവിനെ വാത്സല്യം വഴിഞ്ഞൊഴുകുന്ന കണ്ണുകളോടെ നോക്കിയിരിക്കുന്ന മറിയാമും ജോസഫും പുൽക്കൂടിനു കൂടുതൽ ശോഭ പകർന്നു … പുൽക്കൂടിനുള്ളിൽ പല വർണ്ണങ്ങളിൽ അവ ഓരോന്നും തിളങ്ങി നിന്നു.. ഏതാനും നാഴിക കഴിഞ്ഞാൽ ഇരുൾ വീഴും. അയലത്തെല്ലാം നക്ഷത്രവിളക്കുകൾ തെളിയും.. വാരിവിതറിയ വർണ്ണങ്ങളുടെ ധാരാളിത്തത്തിൽ മെഴുകുതിരി വെളിച്ചം വീഴുമ്പോൾ പുൽക്കൂടുകൾ ദിവ്യമായൊരു പരിവേഷം ധരിക്കും. നക്ഷത്രവെളിച്ചമോ പുൽക്കൂടോ ഇല്ലാതെ തന്റെ ക്രിസ്തുമസ്സ് എന്നെന്നേയ്ക്കുമായ് കടന്നുപോകും…

കരച്ചിലടക്കാനാവാതെ നിസഹായതയോടെ നിൽക്കുമ്പോഴാണ് കളിക്കൂട്ടുകാരന്റെ വരവ്… തുളുമ്പി ത്തുടങ്ങിയ മിഴികളുയർത്തി അവനെ നോക്കി….. ഒന്നും പറയാതെ അവൻ അടുത്തുള്ള തോട്ടിലേയ്ക്കിറങ്ങി.. കൈനിറയെ ചെളിയുമായ് എത്തി… അവന്റെ കരവിരുതിൽ എങ്ങനെയോ ഒരുണ്ണീശോ പിറന്നു.!! നിറങ്ങളില്ലാത്ത കറുത്ത ഉണ്ണീശോ…. പിന്നെ എല്ലാം പെട്ടന്നായിരുന്നു.

മൂന്നുനാലു കമ്പുകൾ കുത്തി നിറുത്തി വൈയ്ക്കോലുകൊണ്ടു മേൽക്കൂരയിട്ടു. : ” നീ കുറച്ചു പുല്ലു പറിച്ചു വെക്ക് .. ഞാനിപ്പോൾ വരാം..” . അവൻ നടന്നു മറയുന്നതു നോക്കി നിന്നു…

കുറേ സമയം കഴിഞ്ഞാണവൻ മടങ്ങിവന്നതു… ഞങ്ങൾ പുല്ലു വിരിച്ചു മെത്തയുണ്ടാക്കി. ഉണ്ണീശോയെ അതിൽ കിടത്തി…..

ഭാവങ്ങളൊന്നുമില്ലാത്ത ഉണ്ണീശോ. ഞങ്ങളൊരുക്കിയ പുൽ മെത്തയിൽക്കിടന്ന് ഉണ്ണീശോ ഞങ്ങളെ നോക്കി. പെട്ടന്നവൻ ഉടുപ്പിന്റെ പോക്കറ്റിൽ നിന്ന് ഒരു കുഞ്ഞാടിനെ എടുത്തു ഉണ്ണീശോയുടെ അരികെ വെച്ചു… അടുത്തുള്ള കപ്പേളയിലേയ്ക്കവനോടി. പാതി കത്തിയെരിഞ്ഞ രണ്ടു മെഴുകുതിരികളുമായ് മടങ്ങിയെത്തി.

പച്ചപ്പുല്ലിൽ ആടകളൊന്നുമില്ലാതെ കിടക്കുന്ന കറുത്ത ഉണ്ണീശോയും വെണ്മ പുതച്ചു നിൽക്കുന്ന ആട്ടിൻകുട്ടിയും, പാതിയെരിഞ്ഞു തീർന്ന മെഴുകുതിരി വെളിച്ചത്തിൽ അവൾ കൺനിറയെക്കണ്ടു… സന്തോഷംകൊണ്ട് തുള്ളിച്ചാടി.

സന്ധ്യ… അയൽ വീടുകളിലെ നക്ഷത്രവിളക്കുകൾ കണ്ണുതുറന്നു…. പടക്കങ്ങൾ… കമ്പിത്തിരികൾ, പൂക്കുറ്റികൾ… അഗ്നിപുഷ്പങ്ങൾ ചുറ്റും വിതറി കറങ്ങുന്ന ചക്രങ്ങൾ…. .. പാതിരാ കുർബാന കഴിഞ്ഞു മടങ്ങുന്നവരുടെ സംസാരം കേട്ട് കേട്ട് കിടന്ന് എപ്പോഴോ ഉറങ്ങിപ്പോയി.

അയലത്തെ മറിയാമ്മ ചേട്ടത്തിയുടെ ഉറക്കെയുള്ള സംസാരമാണ് ഉണർത്തിയതു… വെയിൽ പരന്നു കഴിഞ്ഞിരിക്കുന്നു. കാണാതെ പോയ കുഞ്ഞാടിനെത്തേടിയുള്ള വരവാണ്.. തന്റെ വീട്ടിലുമെത്തി…

പുൽക്കൂട്ടിൽ നിന്നും ആടിനെയുമെടുത്തു ആഞ്ഞുചവിട്ടി നടക്കുന്നതിനിടയിൽ ആരോടെന്നില്ലാതെ പറഞ്ഞു ‘കള്ളക്കൂട്ടങ്ങൾ’… അവർ പോയിക്കഴിഞ്ഞാണു ക്രിസ്തുമസ്സാഘോഷം തുടങ്ങിയതു…

കാലിലും കയ്യിലും കവിളിലും തുടയിലും അടികൾ വീഴുമ്പോൾ കണ്ണിൽക്കത്തുന്ന കമ്പിത്തിരികൾക്കിടയിൽ തെളിഞ്ഞ നക്ഷത്രങ്ങൾ വീടാകെ വെളിച്ചം വിതറുന്നത് കണ്ണനീർതുള്ളികൾക്കിടയിലൂടെ ഒരു നിമിഷം കണ്ടു.

അന്നാ പോൾ

Send your news and Advertisements

You may also like

error: Content is protected !!