ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. തായ്‌ലന്‍ഡില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട വിമാനത്തിന് നേരെയാണ് ഭീഷണി. തുടര്‍ന്ന് വിമാനം തായ്‌ലന്‍ഡിലെ ഫുക്കെറ്റില്‍ അടിയന്തരലാന്‍ഡിങ് നടത്തി. എഐ 379 വിമാനം അടിയന്തരലാന്‍ഡിങ് നടത്തിയതായി തായ്‌ലന്‍ഡ് വിമാനത്താവള അധികൃതര്‍ സ്ഥിരീകരിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യന്‍ സമയം രാവിലെ 9.30 ഓടെയായിരുന്നു വിമാനം പുറപ്പെട്ടത്. ഇതിന് പിന്നാലെ വിമാനത്തില്‍ ബോംബ് ഉള്ളതായി എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് ഭീഷണി സന്ദേശം ലഭിക്കുകയായിരുന്നു. തൊട്ടടുത്ത നിമിഷം തന്നെ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഉടന്‍ തന്നെ യാത്രക്കാരെ സുരക്ഷിത ഇടത്തേയ്ക്ക് മാറ്റി. പിന്നാലെ വിമാനത്തില്‍ പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല.
നേരത്തേ ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യയുടെ പതിനാറ് വിമാനങ്ങള്‍ വഴിതിരിച്ച് വിടുകയോ പുറപ്പെട്ട സ്ഥലത്തേയ്ക്ക് മടങ്ങുകയോ ചെയ്തിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ തടസ്സം മൂലം യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ തങ്ങള്‍ ഖേദിക്കുന്നുവെന്നും യാത്രക്കാര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നത് ഉള്‍പ്പെടെ അവരുടെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിന് എല്ലാ ശ്രമങ്ങളും നടത്തുന്നുവെന്നും എയര്‍ ഇന്ത്യ അറിയിച്ചിരുന്നു. യാത്ര റദ്ദാക്കുന്നവര്‍ക്ക് പണം തിരികെ നല്‍കും. അല്ലാത്തവര്‍ക്ക് സൗജന്യ റീഷെഡ്യൂളിംഗ് തിരഞ്ഞെടുക്കാം. യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതിന് ബദല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും എയര്‍ ഇന്ത്യ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു.