വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. വൈറ്റ് ഹൗസിലായിരുന്നു ഇരുവരും തമ്മിലെ കൂടിക്കാഴ്ച. ഇന്ത്യയുമായി ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര ഇടനാഴി ആരംഭിക്കുമെന്ന് ട്രംപ് നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം പ്രസ്‌താവിച്ചു. മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂര്‍ റാണയെ ഇന്ത്യയ്‌ക്ക് കൈമാറുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം നടന്ന സംയുക്തവാര്‍ത്താസമ്മേളനത്തില്‍ ട്രംപ് പറഞ്ഞു. യുഎസിന് ഇറക്കുമതി തീരുവ ചുമത്തുന്ന എല്ലാ രാജ്യങ്ങൾക്കും യുഎസ് അതേ നികുതി ചുമത്തും എന്ന് ട്രംപ് വ്യക്തമാക്കി. വ്യാപാര കാര്യങ്ങളിൽ സഖ്യരാജ്യങ്ങൾ ശത്രുരാജ്യങ്ങളെക്കാൾ മോശമാണെന്ന് ട്രംപ് പറഞ്ഞു. വ്യാപാര ബന്ധത്തിൽ ഇന്ത്യയോട് കടുപ്പിച്ചാൽ ഒരുമിച്ച് എങ്ങിനെ ചൈനയെ നേരിടുമെന്ന് ട്രംപ് ചോദിച്ചു. ഇന്ത്യയും അമേരിക്കയും ഒരുമിച്ചാൽ ഒന്നും ഒന്നും രണ്ടല്ല, പതിനൊന്നാണെന്നായിരുന്നു മോദിയുടെ മറുപടി.
ഇന്ത്യയുമായുള്ള സൈനികവ്യാപാരം വര്‍ധിപ്പിക്കും. എഫ്- 35 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ നല്‍കും. ഇന്ത്യയ്‌ക്ക് കൂടുതല്‍ പെട്രോളിയം ഉത്പന്നങ്ങള്‍ വില്‍ക്കുമെന്നും ട്രംപ് വ്യക്തമാക്കി. യു.എസിന്റെ ദേശീയ താത്പര്യങ്ങള്‍ക്കാണ് ട്രംപ് എപ്പോഴും മുന്‍ഗണന നല്‍കുന്നത്. അദ്ദേഹത്തെപ്പോലെ താനും ഇന്ത്യയുടെ ദേശീയ താത്പര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കും. ട്രംപിന്റെ ആദ്യകാലയളവിലേക്കാള്‍ കൂടുതല്‍ വേഗത്തില്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകും, യുഎസും ഇന്ത്യയും സംയുക്തമായി ഭീകരവാദത്തെ നേരിടും. ബോസ്റ്റണിൽ ഇന്ത്യ പുതിയ കോണ്‍സുലേറ്റ് തുടങ്ങും എന്നും നരേന്ദ്രമോദി പറഞ്ഞു.
ഇന്ത്യയും യുഎസും തമ്മിൽ മികച്ച വ്യാപാര ബന്ധവും കരാറുകളും പ്രതീക്ഷിക്കുന്നു, മോദിയുടെ പ്രവർത്തനങ്ങളെ ട്രംപ് അഭിനന്ദിച്ചു. താനും മോദിയും ഉറ്റ സുഹൃത്തുക്കളാണെന്നും കഴിഞ്ഞ നാലു വർഷവും സൗഹൃദം നിലനിർത്തിയെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു. 2030 ആകുമ്പോഴേക്കും ഇന്ത്യ – യുഎസ് വ്യാപാരം ഇരട്ടിപ്പിച്ച് 500 ബില്യൻ ഡോളറിൽ എത്തിക്കാനുള്ള നടപടികൾ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. റഷ്യ -ഉക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ പ്രസിഡന്റ് ട്രംപ് നടത്തുന്ന ശ്രമങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. പുട്ടിനുമായി ട്രംപിന്റെ ഫോൺ സംഭാഷണം നിർണായകമാകുമെന്ന് മോദി പറഞ്ഞു.
വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരും പ്രധാനമന്ത്രി മോദിക്കൊപ്പമുണ്ടായിരുന്നു. നേരത്തെ പ്രധാനമന്ത്രി ശതകോടീശ്വരനും ടെസ്ല -സ്പേസ് എക്സ് മേധാവിയുമായ ഇലോണ്‍ മസ്കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.