കൊച്ചി: കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. സിസ തോമസിന്റെ പെൻഷൻ അടക്കം വിരമിച്ച ശേഷമുള്ള ആനുകൂല്യങ്ങൾ നൽകാൻ ഹൈക്കോടതി ഉത്തരവ്. രണ്ടാഴ്ചയ്ക്കുള്ളില്‍ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ജോണ്‍സണ്‍ ജോണ്‍ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഉത്തരവിട്ടത്. പെന്‍ഷന്‍ തുകയുടെ പലിശയില്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന് തീരുമാനമെടുക്കാം. അച്ചടക്കത്തിന്‍റെ പേരിൽ ആനുകൂല്യങ്ങൾ നിഷേധിക്കരുതെന്നും കോടതി പറഞ്ഞു.
സിസ തോമസ് വിരമിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ആനുകൂല്യങ്ങള്‍ തടഞ്ഞുവെച്ച സര്‍ക്കാര്‍ നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ജീവനക്കാരുടെ ബാധ്യതകള്‍ ഉള്‍പ്പടെയുള്ളവയില്‍ അവര്‍ വിരമിക്കും മുന്‍പ് സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നായിരുന്നു കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോള്‍ ഹൈക്കോടതി പറഞ്ഞ്. വിരമിക്കുന്നതിനു തലേന്നു പോലും കാരണം കാണിക്കൽ നോട്ടിസ് നൽകിയ സർക്കാർ നടപടിക്കു കൂടിയുള്ള തിരിച്ചടിയാണ് ഹൈക്കോടതി ഉത്തരവ്. ഇത്രയും കാലം സർക്കാരിനെ സേവിച്ചവരോട് ഇങ്ങനെയാണോ ചെയ്യുന്നതെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കോടതി ചോദിച്ചിരുന്നു.
സിസ തോമസിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വിരമിക്കുന്നതിനു മുന്നേയുള്ള ബാധ്യതകൾ സംബന്ധിച്ചും പ്രശ്നങ്ങൾ നിലനിൽക്കുന്നു തുടങ്ങിയ കാര്യങ്ങളാണ് സർക്കാർ വ്യക്തമാക്കിയത്. ചുമതല ഏറ്റെടുക്കുന്നതിന് മുന്‍പായി മാതൃസ്ഥാപനത്തെയും വകുപ്പിനെയും സിസ തോമസ് അറിയിച്ചില്ലെന്നായിരുന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ പ്രാഥമിക മറുപടി. ഗവര്‍ണറുടെ ഉത്തരവിന്റെ മാത്രം പിന്‍ബലത്തിലാണ് സിസ തോമസ് ഡിജിറ്റല്‍ വിസിയുടെ ചുമതലയേറ്റെടുത്തത് എന്നുമാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്.
2023 മാർച്ച് 31-നാണു സിസ തോമസ് വിരമിച്ചത്. ആനുകൂല്യങ്ങൾ തടഞ്ഞുവച്ച സാഹചര്യത്തിൽ ഇത് അനുവദിച്ചു കിട്ടാൻ സിസ തോമസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.