ന്യൂ ഡൽഹി: പാക്കിസ്ഥാൻ മിലിറ്ററി ഓപ്പറേഷൻസ് ഡയറക്‌ടർ ജനറൽ കഷിഫ് അബ്ദുല്ലയുമായി ഇന്ത്യൻ ഡിജിഎംഒ ലഫ്റ്റനൻ്റ് ജനറൽ രാജീവ് ഖായ് നടത്തിയ ഹോട്ട്ലൈൻ ചർച്ച നടത്തി. ‘വെടിനിർത്തൽ പാലിക്കാനും പരസ്പ്‌പരം വെടിയുതിർക്കാതിരിക്കാനും പ്രകോപനപരമായ നടപടികൾ സ്വീകരിക്കാതിരിക്കാനും ഇരുവിഭാഗങ്ങളും തമ്മിൽ ധാരണയായി. അതിർത്തിയിലും ഫോർവേഡ് ഏരിയകളിലും സൈനികവിന്യാസം കുറയ്ക്കുന്നത് ഉറപ്പാക്കുന്നതിനുള്ള അടിയന്തര നടപടികൾ ഇരുപക്ഷവും പരിഗണിക്കാനും ധാരണയായി’- ഈസ്റ്റേൺ കമാൻഡിന്റെ സെൻട്രൽ പബ്ലിക് റിലേഷൻസ് ഓഫിസ് (സിപിആർഒ) പ്രസ്‌താവനയിൽ പറഞ്ഞു. വെടിനിർത്തലിനു ശേഷം ആദ്യമായാണ് ഇന്ത്യയും പാക്കിസ്ഥാനും ഹോട്ട്ലൈനിൽ ആശയവിനിമയം നടത്തുന്നത്.
സംഘർഷ സാഹചര്യം പൂർണമായി ഒഴിഞ്ഞതോടെ ഇന്ത്യാ-പാക് അതിർത്തികൾ ശാന്തമാകുന്നു. ജമ്മു കശ്മീരിൽ അതിർത്തി ജില്ലകൾ ഒഴികെയുള്ള മേഖകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് തുറക്കും. രാജസ്ഥാനിലെ ബാർമറിലും ഇന്ന് മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കും.
ജമ്മു, സാംബ, അഖ്‌നൂർ, കതുവ എന്നിവിടങ്ങളിൽ ഡ്രോണുകൾ ആദ്യം കണ്ടതിന് ശേഷം, ഡ്രോൺ കണ്ടിട്ടില്ലെന്ന് ഇന്ത്യൻ സൈന്യം സ്ഥിരീകരിച്ചു. വെടിനിർത്തൽ സാഹചര്യം നിലനിൽക്കുന്നുവെന്നും സൈന്യം അറിയിച്ചു. പഞ്ചാബിലെ അമൃത്സർ ഉൾപ്പെടെയുള്ള മേഖലകളിൽ ജാഗ്രതയും നിയന്ത്രണങ്ങളും തുടരുകയാണ്.