ടിബറ്റിൽ ബ്രഹ്മപുത്ര നദിക്ക് കുറുകെ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിർമിക്കാനുള്ള ചൈനയുടെ നീക്കത്തിൽ പ്രതികരണവുമായി ഇന്ത്യ. പദ്ധതിയെക്കുറിച്ചുള്ള ഇന്ത്യയുടെ കാഴ്ചപ്പാടുകളും ആശങ്കകളും വിദഗ്ധ തലത്തിലും നയതന്ത്ര തലത്തിലും പ്രകടിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ ആണ് ഇക്കാര്യം അറിയിച്ചത്. ചൈന നിർമിക്കുന്ന പുതിയ ഡാം നദിയുടെ താഴേത്തട്ടിലുള്ള ഇന്ത്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾക്ക് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. നദിക്ക് താഴെ സ്ഥിതിചെയ്യുന്ന രാജ്യങ്ങളുമായി കൂടിയാലോചനയുടെ ആവശ്യകതയുണ്ടെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.
ടിബറ്റിലെ യാർലുങ് സാങ്‌പോ നദി (ബ്രഹ്മപുത്ര) യിലെ ജലവൈദ്യുത പദ്ധതിയെക്കുറിച്ച് 2024 ഡിസംബർ 25-ന് ചൈനീസ് വാർത്താ ഏജൻസി സിൻഹുവ വിവരങ്ങൾ പുറത്തുവിട്ടിരുന്നു. നാസയുടെ കണക്കനുസരിച്ച് ഭൂമിയുടെ ഭ്രമണം 0.06 സെക്കൻഡ് മന്ദഗതിയിലാക്കാൻ സാധിക്കുന്നയത്ര വലുതായിരിക്കും അണക്കെട്ടെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു.
പരിസ്ഥിതി ലോലമായ ഹിമാലയൻ മേഖലയിലാണ് അണക്കെട്ടെന്നതാണ് പ്രധാന ആശങ്ക. രാജ്യത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്നും പദ്ധതി സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യൻ അതിർത്തിക്ക് സമീപം ടിബറ്റിൽ ബ്രഹ്മപുത്രയ്ക്ക് കുറുകെ ലോകത്തിലെ ഏറ്റവും വലിയ ഡാം നിർമിക്കാൻ ചൈനീസ് ഭരണകൂടം അംഗീകാരം നൽകിയതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രതികരണം. ബ്രഹ്മപുത്രയുടെ നീരൊഴുക്ക് നിയന്ത്രിക്കുന്ന ചൈനയുടെ പ്രവൃത്തി ആണ് ഇന്ത്യയ്ക്ക് ആശങ്ക സൃഷ്ടിക്കുന്നത്. കൂടാതെ, അതിർത്തി പ്രദേശങ്ങളിൽ വരൾച്ചയും, വെള്ളപ്പൊക്കമുണ്ടാകാനുള്ള സാധ്യതയും ഇന്ത്യ മുന്നിൽകാണുന്നു.