2025 പിറന്നപ്പോൾ മുതൽ കേൾക്കുന്ന പദമായിരിക്കും ‘ജനറേഷൻ ബീറ്റ’. 2025-നും 2035-നും ഇടയിൽ ജനിക്കുന്ന കുട്ടികളെയാണ് ‘ജനറേഷൻ ബീറ്റ’ എന്നു പറയുന്നത്. ഓസ്ട്രേലിയയിലാണ് ലോകത്ത് ആദ്യമായി ജനറേഷൻ ബീറ്റ കുട്ടി പിറന്നത്. റെമി എന്ന് പേരിട്ടിരിക്കുന്ന പെൺകുഞ്ഞാണ് തലമുറയിലെ മുതിർന്ന അംഗം. പ്രതീക്ഷിച്ചിരുന്നതിലും രണ്ടാഴ്ച മുൻപേ ആണ് റെമിയുടെ ജനനം. ചരിത്രത്തിലേക്കാണ് റെമി പിറന്നുവീണത്. ഓസ്‌ട്രേലിയൻ സമയം രാവിലെ 12.05 -ന് NSW യിലെ പോർട്ട് മക്വാരി ബേസ് ഹോസ്പിറ്റലിൽ ആണ് കുട്ടി ജനിച്ചത്.
ഇന്ത്യയിലെ ആദ്യത്തെ ജനറേഷൻ ബീറ്റ കുഞ്ഞു പിറന്നത് മിസോറാമിലാണ്. ഫ്രാങ്കി റെമ്രുഅത്ദിക സാദെങ് (Frankie Remruatdika Zadeng) എന്നാണ് കുഞ്ഞിന്റെ പേര്. ജനുവരി ഒന്നിന് പുലർച്ചെ 12.03-നായിരുന്നു ഫ്രാങ്കിയുടെ ജനനം. 2025-ൽ ആദ്യം ജനിച്ച കുട്ടി എന്ന ഖ്യാതിക്ക് പുറമേ ഇന്ത്യയിൽ ഈ തലമുറയിൽ തന്നെ ആദ്യം ജനിച്ചയാളായി മാറിയിരിക്കുകയാണ് ഈ കുഞ്ഞു മിടുക്കൻ. ഡർട്ട്‌ലാങ്ങിലെ സിനഡ് ആശുപത്രിയിലാണ് കുട്ടി ജനിച്ചത്. മൂന്നംഗ കുടുംബത്തിലേക്കാണ് ഫ്രാങ്കി പിറന്നു വീണത്. 3.12 കിലോഗ്രാമായിരുന്നു ജനനസമയത്ത് ഫ്രാങ്കിയുടെ ഭാരം.
2035-ഓടെ ആഗോള ജനസംഖ്യയുടെ 16 ശതമാനത്തോളം ജനറേഷൻ ബീറ്റയിൽ ഉൾപ്പെട്ടവരാകും. മുൻ തലമുറയേക്കാൾ ആയുസ് കൂടുതലുള്ള കുട്ടികൾ ജനിക്കുന്ന തലമുറയാകും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.